
ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്തുന്നതിൽ വൃക്കകൾ പ്രധാന പങ്കാണ് വഹിക്കുന്നത്. അവ രക്തത്തിൽ നിന്ന് മാലിന്യങ്ങളും വിഷവസ്തുക്കളും ഫിൽട്ടർ ചെയ്യുക, ദ്രാവക സന്തുലിതാവസ്ഥ നിയന്ത്രിക്കുക, രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന ഹോർമോണുകൾ ഉത്പാദിപ്പിക്കുക, ചുവന്ന രക്താണുക്കളുടെ ഉത്പാദനം ഉത്തേജിപ്പിക്കുക എന്നിവയാണ് വൃക്കകൾ ചെയ്ത് വരുന്ന പ്രധാന ജോലികൾ.
സോഡിയം, പൊട്ടാസ്യം, ഫോസ്ഫറസ് തുടങ്ങിയ ശരീരത്തിലെ ഇലക്ട്രോലൈറ്റുകളുടെ സന്തുലിതാവസ്ഥ അവ നിയന്ത്രിക്കുന്നു. ഈ ഇലക്‌ട്രോലൈറ്റുകളിലെ അസന്തുലിതാവസ്ഥ വിവിധ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകും. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന ഹോർമോണുകളും വൃക്കകൾ ഉത്പാദിപ്പിക്കുന്നു.
വൃക്കകളുടെ പ്രവർത്തനം തകരാറിലാകുമ്പോൾ രക്തസമ്മർദ്ദം വർദ്ധിക്കുകയും ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും. ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്ന എറിത്രോപോയിറ്റിൻ എന്ന ഹോർമോണും അവ ഉത്പാദിപ്പിക്കുന്നു. വൃക്കകളുടെ പ്രവർത്തനം തകരാറിലാകുന്നത് വിളർച്ചയ്ക്കും ഓക്‌സിജൻ വഹിക്കാനുള്ള ശേഷി കുറയുന്നതിനും കാരണമാകും.
വെജിറ്റേറിയൻ ഭക്ഷണങ്ങൾ ഉൾപ്പെടെയുള്ള ആരോഗ്യകരമായ ഭക്ഷണക്രമം തീർച്ചയായും വൃക്കകളുടെ ആരോഗ്യത്തിന് കാരണമാകും. വെജിറ്റേറിയൻ ഭക്ഷണങ്ങൾ പൊതുവെ അവശ്യ പോഷകങ്ങളാൽ സമ്പുഷ്ടമാണ്. വൃക്കകളുടെ ആരോഗ്യം നിലനിർത്തുന്നതിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നതാണ് താഴേ പറയുന്നത്...
പാലക്ക് ചീര...
ഇരുമ്പ്, കാൽസ്യം, വിറ്റാമിൻ ബി 9 എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് ചീര. ഇത് വൃക്കയുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുകയും വൃക്കയിലെ കല്ലുകളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ബദാം...
ആരോഗ്യകരമായ കൊഴുപ്പുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയ ബദാമിൽ ഉയർന്ന അളവിൽ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. കൂടാതെ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു. എന്നിരുന്നാലും, ബദാമിൽ കലോറി കൂടുതലായതിനാൽ അവ മിതമായി അളവിലാണ് കഴിക്കുന്നതെന്ന് ഉറപ്പ് വരുത്തുക.
ബ്ലൂബെറി...
ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ് ബ്ലൂബെറി.മാത്രമല്ല അവയുടെ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഓക്സിഡേറ്റീവ് സ്ട്രെസ് മൂലമുണ്ടാകുന്ന വൃക്ക തകരാറുകൾ കുറയ്ക്കാൻ സഹായിക്കുന്നു.
ചിയ സീഡ്...
നാരുകൾ, ആരോഗ്യകരമായ ഒമേഗ -3 ഫാറ്റി ആസിഡുകൾ പ്രോട്ടീൻ എന്നിവയുടെ മികച്ച ഉറവിടമാണ് ചിയ സീഡ്. ആരോഗ്യകരമായ ദഹനവും രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണവും പ്രോത്സാഹിപ്പിക്കുന്നതിന് അവ സഹായിക്കും. ഇത് ശരിയായ വൃക്ക പ്രവർത്തനത്തിന് നിർണായകമാണ്. സാലഡുകളിലോ അല്ലെങ്കിൽ സ്മൂത്തിയിലോ അല്ലെങ്കിൽ പുഡ്ഡിംഗിലോ എല്ലാം ചിയ സീഡ് ഉൾപ്പെടുത്താവുന്നതാണ്.
മധുരക്കഴിങ്ങ്...
നാരുകളും വിറ്റാമിനുകളും എ, സി എന്നിവയും അടങ്ങിയ മധുരക്കിഴങ്ങ് ഉരുളക്കിഴങ്ങിനെ അപേക്ഷിച്ച് പൊട്ടാസ്യത്തിന്റെ അളവ് കുറവായതിനാൽ കിഡ്‌നി ആരോഗ്യത്തിന് ഗുണം ചെയ്യും.
ബ്രൊക്കോളി....
ആന്റിഓക്‌സിഡന്റുകൾ, പോഷകങ്ങൾ, നാരുകൾ എന്നിവയാൽ നിറഞ്ഞ ബ്രൊക്കോളി ദഹനം മെച്ചപ്പെടുത്തുകയും വൃക്കകളുടെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിനും സഹായിക്കുന്നു.
Read more ഭാരം കുറയ്ക്കും, പ്രതിരോധശേഷി കൂട്ടും ; ദിവസവും ഈ പഴം കഴിക്കൂ