രാത്രിയില്‍ ഉറക്കം കിട്ടിയില്ലെങ്കില്‍ പകലുറങ്ങി പരിഹരിക്കാറുണ്ടോ?

By Web TeamFirst Published Aug 19, 2021, 3:00 PM IST
Highlights

കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും തുടര്‍ച്ചയായ ഉറക്കം നമുക്ക് ലഭിക്കേണ്ടതുണ്ട്. ഇതില്‍ പല ഘട്ടങ്ങളിലായാണ് ഉറക്കം സംഭവിക്കുന്നത്. 'സ്ലോ വേവ് സ്ലീപ്' (എസ്ഡബ്ല്യൂഎസ്) എന്ന ഘട്ടമാണ് കൂട്ടത്തില്‍ ഏറ്റവും പ്രധാനം

രാത്രിയില്‍ കൃത്യമായി ഉറങ്ങിയില്ലെങ്കില്‍ അത് പകല്‍സമയത്തെ എല്ലാ ജോലികളെയും മോശമായി ബാധിക്കുമെന്ന് നമുക്കറിയാം. എന്നാല്‍ രാത്രിയില്‍ ശരിയായി ഉറക്കം ലഭിച്ചില്ലെങ്കില്‍ പകലുറക്കം നടത്തി അതിനെ പരിഹരിക്കാമല്ലോ എന്നായിരിക്കും നിങ്ങളില്‍ മിക്കവരും ചിന്തിക്കുന്നത്. 

അരമണിക്കൂര്‍ നേരമോ, ഒരു മണിക്കൂര്‍ നേരമോ ഒക്കെ മയങ്ങിയുണര്‍ന്നാല്‍ തന്നെ തലേ ദിവസത്തെ ഉറക്കച്ചവടിന് ആശ്വാസം ലഭിക്കുമെന്ന് വിശ്വസിക്കുന്നവരും അത്തരത്തില്‍ ഉപദേശിക്കുന്നവരും കുറവല്ല. 

എന്നാലിത് തീര്‍ത്തും തെറ്റായ ധാരണയാണെന്നാണ് മിഷിഗണ്‍ സ്റ്ററ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഒരു സംഘം ഗവേഷകര്‍ പറയുന്നത്. രാത്രിയിലെ ദീര്‍ഘനേരത്തെ ഉറക്കവും പകല്‍സമയത്തെ ചെറിയ മയക്കും തലച്ചോറിന്റെ പ്രവര്‍ത്തനവും തമ്മിലുള്ള ബന്ധം പരിശോധിക്കാന്‍ തങ്ങളുടെ 'സ്ലീപ് ആന്റ് ലേണിംഗ് ലാബ്'ല്‍ നടത്തിയ പരീക്ഷണത്തിനൊടുവിലാണ് ഗവേഷകര്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. 

 


'ഉറക്കമില്ലായ്മ എത്തരത്തിലാണ് ബുദ്ധിയുടെ പ്രവര്‍ത്തനഗതികളെ സ്വാധീനിക്കുന്നതെന്ന് കണ്ടെത്താനായിരുന്നു ഞങ്ങള്‍ ഈ പഠനം നടത്തിയത്. പകല്‍സമയത്തെ ചെറിയ മയക്കം ഒരിക്കലും രാത്രിയിലെ ഉറക്കമില്ലായ്മയെ പരിഹരിക്കില്ലെന്നാണ് ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. ഈ ശീലങ്ങള്‍ തലച്ചോറിനെ പ്രതികൂലമായി ബാധിക്കുമെന്നും ജോലി അടക്കമുള്ള കാര്യങ്ങള്‍ ഇതുമൂലം പ്രശ്‌നത്തിലാകാമെന്നും ഞങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്...'- പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ കിംബേര്‍ലി ഫെന്‍ പറയുന്നു.

കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും തുടര്‍ച്ചയായ ഉറക്കം നമുക്ക് ലഭിക്കേണ്ടതുണ്ട്. ഇതില്‍ പല ഘട്ടങ്ങളിലായാണ് ഉറക്കം സംഭവിക്കുന്നത്. 'സ്ലോ വേവ് സ്ലീപ്' (എസ്ഡബ്ല്യൂഎസ്) എന്ന ഘട്ടമാണ് കൂട്ടത്തില്‍ ഏറ്റവും പ്രധാനം. ശരീരവും മനസും ഒരുപോലെ 'റിലാക്‌സ്' ആകുന്ന ഘട്ടമാണ് ഇത്. 

ഈ ഘട്ടത്തില്‍ തലച്ചോറിന്റെ പ്രവര്‍ത്തനം കുറയുകയും, പേശികള്‍ മുഴുവനായി വിശ്രമത്തിലാവുകയും, നെഞ്ചിടിപ്പും ശ്വാസഗതിയും മന്ദഗതിയിലാവുകയും ചെയ്യുന്നു. ഇത്തരത്തില്‍ ഉറക്കം പരിപൂര്‍ണ്ണമായാല്‍ മാത്രമേ പിന്നീട് ഉണരുമ്പോള്‍ തലച്ചോര്‍ ഉന്മേഷപൂര്‍വ്വവും കാര്യക്ഷമമായും പ്രവര്‍ത്തിക്കൂ എന്നും ഗവേഷകര്‍ ഓര്‍മ്മിപ്പിക്കുന്നു. 

 


ഇങ്ങനെ ആഴത്തിലുള്ള ഉറക്കം ലഭിക്കാതെ പോകുമ്പോള്‍ അതിനെ അല്‍പനേരത്തെ പകലുറക്കം കൊണ്ട് പരിഹരിക്കാന്‍ ശ്രമിക്കരുതെന്നും ഇത് ഡ്രൈവര്‍മാര്‍, പൊലീസുകാര്‍, സര്‍ജന്മാര്‍ തുടങ്ങി പല പ്രൊഫഷണിലുള്ളവരെയും അപകടകരമായ രീതിയില്‍ സ്വാധീനിക്കാമെന്നും പഠനം പറയുന്നു.

Also Read:- നിങ്ങളുടെ ആകെ ആരോഗ്യത്തെ മോശമായി ബാധിക്കുന്ന ആറ് കാര്യങ്ങള്‍

click me!