
ലോകരാജ്യങ്ങളെയൊന്നാകെ ആശങ്കയിലാഴ്ത്തിക്കൊണ്ട് കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ രാവും പകലുമില്ലാതെ സേവനമനുഷ്ഠിക്കുന്ന, ആരോഗ്യരംഗത്തെ ജീവനക്കാരെ നമ്മള്‍ ഒരിക്കലും മറന്നുകൂട. പല ത്യാഗങ്ങളും സഹിച്ച്, ജീവന്‍ പോലും പണയപ്പെടുത്തിയാണ് ഇവര്‍ രോഗികളെ ശുശ്രൂഷിക്കുന്നതും അവര്‍ക്ക് സാന്ത്വനമേകുന്നതും.
വൈറസ് ബാധയുണ്ടാകാതിരിക്കാന്‍ പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന കോട്ടും മാസ്‌കും കണ്ണടയുമെല്ലാം ധരിച്ചാണ് ഡോക്ടര്‍മാരും നഴ്‌സുമാരും അടങ്ങുന്ന ജീവനക്കാര്‍ കൊറോണ വൈറസ് ബാധിച്ച രോഗികളുടെ വാര്‍ഡുകളില്‍ ജോലി ചെയ്യുന്നത്. സര്‍വ സജ്ജീകരണങ്ങളും തയ്യാറായി, വാര്‍ഡിലേക്ക് കയറിയാല്‍ പിന്നെ മണിക്കൂറുകള്‍ക്ക് ശേഷമാണ് വെള്ളം കുടിക്കാനോ ബാത്ത്‌റൂമില്‍ പോകാനോ പോലും കഴിയുകയെന്ന് ഇറ്റലിയില്‍ നിന്നുള്ള നഴ്‌സ് അലിസിയ ബൊനാരി പറയുന്നു.
'എനിക്ക് ഇടയ്ക്ക് ചെറിയ പേടി തോന്നും. മാസ്‌ക് ശരിയായിട്ടല്ലേ വച്ചിരിക്കുന്നത്, രോഗികളെ നോക്കുമ്പോള്‍ ധരിച്ചിരുന്ന ഗ്ലൗസ് അഴിക്കും മുമ്പ് ശരീരത്തിലെവിടെയെങ്കിലും തൊട്ടോ, കണ്ണില്‍ വച്ചിരിക്കുന്ന ലെന്‍സ് കണ്ണിനെ സംരക്ഷിക്കുന്നില്ലേ... അങ്ങനെ പല പേടികളും വരും..'- അലിസിയ പറയുന്നു.
പ്രത്യേകം തയ്യാറാക്കിയ കോട്ടുകള്‍ക്കകത്ത് കയറിയാല്‍ വിയര്‍ത്ത് കുളിക്കും. എങ്കില്‍പ്പോലും ഒരു തുള്ളി വെള്ളം കുടിക്കാന്‍ മണിക്കൂറുകള്‍ കാത്തിരിക്കേണ്ടിവരും. ഈ കോട്ടുകള്‍ക്കാണെങ്കില്‍ സാമാന്യത്തിലധികം ഭാരമുണ്ട്. അതിനാല്‍ത്തന്നെ അവ തുടര്‍ച്ചയായി ദീര്‍ഘനേരം ധരിക്കുന്നത് കൊണ്ട് മുഖം ഉള്‍പ്പെടെ പലയിടങ്ങളിലും മുറിവും ചതവും സംഭവിക്കുന്നുണ്ട്. ഇത്തരത്തില്‍ പരിക്കുകള്‍ പറ്റിയ മുഖങ്ങള്‍ വെളിപ്പെടുത്തുന്ന ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം ചൈനയില്‍ നിന്നും ഇറ്റലിയില്‍ നിന്നുമായി ആരോഗ്യപ്രവര്‍ത്തകര്‍ പങ്കുവച്ചത്.
ഈ ചിത്രങ്ങള്‍ക്കെല്ലാം വലിയ തോതിലുള്ള വരവേല്‍പാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരിക്കുന്നത്. വിശപ്പും ദാഹവും ഉറക്കവും വേദനകളുമെല്ലാം മറന്ന് സ്വന്തം ജീവന്‍ കയ്യില്‍പ്പിടിച്ച് നിങ്ങള്‍ ചെയ്യുന്ന സേവനത്തെ ഞങ്ങളൊരിക്കലും മറക്കില്ലെന്ന അടിക്കുറിപ്പോടെ ആയിരങ്ങളാണ് ഇവരുടെയെല്ലാം ചിത്രങ്ങള്‍ സ്വന്തം വാളുകളില്‍ പങ്കുവച്ചിരിക്കുന്നത്. അപ്രതീക്ഷിതമായി വന്നുചേര്‍ന്ന ദുരവസ്ഥയില്‍ കൈകോര്‍ത്തുപിടിച്ച് സംരക്ഷണകവചമൊരുക്കുന്ന ലോകമാകെയുള്ള ആരോഗ്യപ്രവര്‍ത്തകരോട് ജനം ഒന്നിച്ചുനിന്ന് നന്ദി പറയുകയാണിപ്പോള്‍.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam