
കൊവിഡ് 19 ബാധിച്ച പലരിലും ഗന്ധം- രുചി എന്നിവ നഷ്ടമാകുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. 'അനോസ്മിയ' എന്നാണീ അവസ്ഥയെ മെഡിക്കലി വിളിക്കപ്പെടുന്നത്. രോഗം ഉണ്ടാക്കുന്ന താല്‍ക്കാലികമായ ഒരവസ്ഥ മാത്രമാണ്. വൈറസ് ബാധയില്‍ നിന്ന് ശരീരം മോചിതമാകുന്നതോടെ നഷ്ടമായ ഗന്ധങ്ങളും രുചിയുമെല്ലാം തിരികെ ലഭിക്കും.
എന്നാല്‍ ചിലരിലെങ്കിലും നഷ്ടമായ ഗന്ധവും രുചിയുമെല്ലാം പൂര്‍ണ്ണമായി തിരികെ ലഭിക്കുന്നതിന് ഇടയില്‍ മറ്റൊരവസ്ഥ കൂടി കടന്നുവരുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ഒന്നിനുള്ള ഗന്ധം അനുഭവപ്പെടാതെ മറ്റെന്തെങ്കിലും ഗന്ധം അനുഭവപ്പെടുക, യഥാര്‍ത്ഥത്തില്‍ ഒരു ഭക്ഷണത്തിനുള്ള രുചി അനുഭവിക്കാനാകാതെ മറ്റെന്തെങ്കിലും രുചി അനുഭവപ്പെടുക. 'പരോസ്മിയ' എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്.
അത്ര നിസാരമല്ല ഈ അവസ്ഥയെന്നാണ് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നത്. ചിലരില്‍ 'പരോസ്മിയ'യുടെ കാലാവധി വര്‍ഷങ്ങള്‍ വരെ എടുത്തേക്കാമത്രേ. അത്രയും നീണ്ട കാലത്തേക്ക് ഇത്തരത്തില്‍ തെറ്റായ ഗന്ധവും രുചിയും അനുഭവിക്കുന്നത് ആളുകളെ തികച്ചും 'അബ്നോര്‍മല്‍' ആയ അവസ്ഥയിലേക്കെത്തിക്കുമെന്ന് ഇവര്‍ പറയുന്നു.
ഇംഗ്ലണ്ടിലെ ചെഷയറില്‍ നിന്നുള്ള ഒരു യുവതിയുടെ അനുഭവം ഇതിനോടകം തന്നെ വ്യാപകമായ ശ്രദ്ധ നേടിയിട്ടുണ്ട്. മാര്‍ച്ചിലായിരുന്നു കെയ്റ്റ് മെക് ഹെന്റി എന്ന മുപ്പത്തിയേഴുകാരിക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. വളരെ തീവ്രത കുറഞ്ഞ തരം അണുബാധയായിരുന്നു. എന്നാല്‍ രോഗ ബാധയുണ്ടായതോടെ അവര്‍ക്ക് ഗന്ധവും രുചിയും നഷ്ടപ്പെട്ടു.
ശേഷം നാലാഴ്ചയോളം ഗന്ധവും രുചിയും അനുഭവപ്പെടാതെ കടന്നുപോയി, രോഗം ഭേദമായി ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തി, വൈകാതെ തന്നെ ഗന്ധവും രുചിയും തിരിച്ചറിയാന്‍ തുടങ്ങി. എന്നാല്‍ ഒന്നിന്റേയും യഥാര്‍ത്ഥ ഗന്ധമോ രുചിയോ ആയിരുന്നില്ല കെയ്റ്റിന് അനുഭവപ്പെട്ടത്. പച്ചവെള്ളത്തിന് ദുര്‍ഗന്ധം, മിക്കവാറും ഭക്ഷണങ്ങള്‍ക്ക് ചീഞ്ഞ മാംസത്തിന്റെ ഗന്ധം. അതല്ലെങ്കില്‍ രൂക്ഷമായ കെമിക്കലുകളുടെയോ സിഗരറ്റ് പുകയുടേതിന് സമാനമായതോ ആയ ഗന്ധം. എന്തിനധികം ഷാമ്പൂവിനും ടൂത്ത് പേസ്റ്റിനും വരെ അസഹനീയമായ നാറ്റം.
ഗന്ധം മാത്രമല്ല, ഭക്ഷണങ്ങളുടെ രുചിയും വെവ്വേറെയായാണ് കെയ്റ്റിന് അുഭവപ്പെടുന്നത്. അതിനാല്‍ തന്നെ ഒട്ടും ഭക്ഷണം വേണ്ടെന്ന അവസ്ഥയാണത്രേ നിലവിലുള്ളത്. ഇതിനോടൊപ്പം കടുത്ത സമ്മര്‍ദ്ദവും ഇവരനുഭവിക്കുന്നുണ്ട്. ഇനിയൊരിക്കലും പഴയത് പോലെ 'നോര്‍മല്‍' ആകാനാവില്ലെന്ന് ഉത്കണ്ഠയാണ് മിക്കപ്പോഴും.
ഇത്തരത്തില്‍ 'പരോസ്മിയ' അഭിമുഖീകരിക്കുന്നവരുടെ അവസ്ഥയെല്ലാം സമാനമായി മോശമാണെന്നും അവര്‍ക്ക് കൃത്യമായ വൈദ്യസഹായവും കൗണ്‍സിലിംഗും നല്‍കേണ്ടതുണ്ടെന്നും വിദഗ്ധര്‍ പറയുന്നു. യുകെയില്‍ ചില സന്നദ്ധ സംഘടനകള്‍ ഇതിനായി പ്രത്യേകം പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്.
Also Read:- കൊവിഡ് രോഗിയുടെ ശ്വാസകോശം മാറ്റിവച്ചു; ഏഷ്യയിലെ ആദ്യ ശസ്ത്രക്രിയ...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam