കൊവിഡ് 19 ബാധിച്ച് ശ്വാസകോശം തകര്‍ന്നുപോയ നാല്‍പത്തിയെട്ടുകാരന് അപ്രതീക്ഷിതമായി ജീവിതത്തിലേക്ക് 'റീ എന്‍ട്രി'. മസ്തിഷ്‌ക മരണം സംഭവിച്ച ചെന്നൈ സ്വദേശിയായ മുപ്പത്തിനാലുകാരന്റെ ശ്വാസകോശം മാറ്റിവച്ചതോടെയാണ് നഷ്ടമായെന്ന് കരുതിയ ജീവിതം ഇദ്ദേഹത്തിന് തിരികെ ലഭിച്ചിരിക്കുന്നത്. 

ഏഷ്യയില്‍ തന്നെ ആദ്യമായാണ് ഇത്തരത്തില്‍ കൊവിഡ് ബാധിച്ചയാളില്‍ ശ്വാസകോശം മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ നടത്തിയിരിക്കുന്നതെന്ന് ചെന്നൈ എംജിഎം ഹെല്‍ത്ത്കെയര്‍ അധികൃതര്‍ പറയുന്നു. 

ജൂണ്‍ എട്ടിനാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. വൈകാതെ തന്നെ ശ്വാസകോശത്തിന്റെ അവസ്ഥ മോശമാവുകയും ജൂണ്‍ ഇരുപതോടെ ഇദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അവസ്ഥ വീണ്ടും മോശമായതോടെ വിമാനമാര്‍ഗം ചെന്നൈയിലെത്തിക്കുകയായിരുന്നു. 

എംജിഎം ഹെല്‍ത്ത്കെയറിലെ വിദഗ്ധരായ ഡോക്ടര്‍മാരാണ് മരണം വിധിക്കപ്പെട്ട രോഗിയുടെ തലയെഴുത്ത് മാറ്റിയത്. എന്ത് സംഭവിച്ചാലും ശ്വാസകോശം മാറ്റിവയ്ക്കല്‍ എന്ന അവസാന 'ചാന്‍സ്' കൂടി പരീക്ഷിക്കാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് മസ്തിഷ്‌കമരണം സ്ഭവിച്ച യുവാവിന്റെ ശ്വാസകോശം ഇദ്ദേഹത്തിലേക്ക് മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്. 

ശ്വാസകോശം മാത്രമല്ല ഹൃദയം, രണ്ട് കൈകള്‍, ചര്‍മ്മം, കരള്‍ എന്നിങ്ങനെ എടുക്കാവുന്ന അവയവങ്ങളെല്ലാം നല്‍കാന്‍ യുവാവിന്റെ ഭാര്യ സമ്മതപത്രം ഒപ്പിട്ടുനല്‍കുകയായിരുന്നു. ഇതനുസരിച്ച് ആഗസ്റ്റ് 27നാണ് നിര്‍ണായകമായ ശസ്ത്രക്രിയ നടന്നത്. ഇത് വിജയകരമായി പൂര്‍ത്തിയാക്കിയെന്നും രോഗി ഐസിയുവില്‍ സുഖം പ്രാപിച്ചുവരികയാണെന്നും എംജിഎമ്മിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. 

ഇവിടെ വച്ച് തന്നെയാണ് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും നടന്നത്. മുംബൈ സ്വദേശിനിയായ ഒരു യുവതിക്കാണ് യുവാവിന്റെ കൈകള്‍ പിടിപ്പിച്ചിരിക്കുന്നത്. തീവണ്ടി അപകടത്തില്‍ 2014ല്‍ ഇരുകൈകളും നഷ്ടപ്പെടുകയായിരുന്നു ഇവര്‍ക്ക്. അവയവങ്ങള്‍ സ്വീകരിച്ച രോഗികളും അവരുടെ ബന്ധുക്കളും ആശുപത്രി അധികൃതരും ഡോക്ടര്‍മാരുമെല്ലാം മസ്തിഷ്‌ക മരണം സംഭവിച്ച യുവാവിന്റെ ഭാര്യയോടും അദ്ദേഹത്തിന്റെ കുടുംബത്തോടുമുള്ള കടപ്പാട് അറിയിച്ചു. ഇതൊരു മാതൃകാപരമായ ചുവടുവയ്പാണെന്നും ഇത്രയും പേര്‍ക്ക് ജീവിതം നല്‍കാനായതില്‍ കുടുംബത്തിന് അഭിമാനിക്കാമെന്നും അവര്‍ പറയുന്നു.

Also Read:- ശരീരഭാരം കൂടിക്കൊണ്ടിരുന്നു, കടുത്ത വയറുവേദനയും; മദ്ധ്യവയസ്‌കയ്ക്ക് സംഭവിച്ചത്...