Food Poison : ബീച്ചില്‍ നിന്ന് ഉപ്പിലിട്ടത് കഴിക്കുന്നതിനിടെ അബദ്ധം; തൊണ്ടയും തോളും പൊള്ളി വിദ്യാര്‍ത്ഥികള്‍

Web Desk   | others
Published : Feb 15, 2022, 05:31 PM IST
Food Poison : ബീച്ചില്‍ നിന്ന് ഉപ്പിലിട്ടത് കഴിക്കുന്നതിനിടെ അബദ്ധം; തൊണ്ടയും തോളും പൊള്ളി വിദ്യാര്‍ത്ഥികള്‍

Synopsis

ഉപ്പിലിട്ടത് പോലുള്ള ലഘു വിഭവങ്ങള്‍ വില്‍ക്കുന്ന കടയില്‍ എന്തിനാണ് ഇത്രയധികം മാരകമായ ഒരു രാസ ലായനി സൂക്ഷിച്ചിരിക്കുന്നത് എന്ന സംശയം ഏവരിലും വരാം. ഇതിനുള്ള ഉത്തരം നല്‍കുന്നത് നാട്ടുകാര്‍ തന്നെയാണ്

ബീച്ചിലും പാതയോരങ്ങളിലെ ( Calicut Beach )  ചെറുകടകളിലുമെല്ലാം കുപ്പികളില്‍ നിരത്തിവച്ചിരിക്കുന്ന ഉപ്പിലിട്ടത് കണ്ടാല്‍ വായില്‍ വെള്ളമൂറാത്തവരില്ല. നെല്ലിക്ക, മാങ്ങ, പൈനാപ്പിള്‍, പേരക്ക, കാരറ്റ് തുടങ്ങി ( Pickled Vegetables ) പ്രാദേശികമായി കിട്ടുന്ന പഴങ്ങളും പച്ചക്കറികളും വരെ ഇത്തരത്തില്‍ ഉപ്പിലിട്ട് വില്‍പന നടത്തുന്ന കച്ചവടക്കാരുണ്ട്. 

എന്നാല്‍ ചില സന്ദര്‍ഭങ്ങളിലെങ്കിലും കാര്യമായ സുരക്ഷ ഉറപ്പാക്കാതെയാണ് ഇത്തരം കച്ചവടങ്ങള്‍ പൊടിപൊടിക്കുന്നതെന്നാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒരു സംഭവം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. 

കാസര്‍കോഡ് നിന്നും കോഴിക്കോട്ടേക്ക് വിനോദയാത്രക്കെത്തിയ മദ്രസ വിദ്യാര്‍ത്ഥികള്‍ വരക്കല്‍ ബീച്ചില്‍ നിന്ന് ഉപ്പിലിട്ടത് വാങ്ങിക്കഴിക്കുന്നതിനിടെ, കടയിലിരുന്ന കുപ്പിയിലെ ഒരു ലായനി വെള്ളമാണെന്ന് തെറ്റിദ്ധരിച്ച് എടുത്ത് കുടിക്കുകയും, തൊണ്ടയും അന്നനാളവുമടക്കം പൊള്ളി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തുവെന്നതാണ് വാര്‍ത്ത. 

ഉപ്പിലിട്ടത് കഴിക്കവേ എരിവ് തോന്നിയപ്പോള്‍ വെള്ളമാണെന്ന് കരുതി കുപ്പിയിലിരുന്ന ലായനി എടുത്ത് കുടിച്ചതായിരുന്നു കൂട്ടത്തിലെ ഒരു വിദ്യാര്‍ത്ഥി. വായ പൊള്ളിയ ഉടനെ തന്നെ വിദ്യാര്‍ത്ഥി അത് പുറത്തേക്ക് തുപ്പി. ഇത് തൊട്ടടുത്ത് നിന്നിരുന്ന വിദ്യാര്‍ത്ഥിയുടെ തോളിലേക്ക് ആവുകയും തോള്‍ഭാഗം പൊള്ളുകയും ചെയ്തു. 

ലായനി വായിലേക്ക് ആക്കിയ വിദ്യാര്‍ത്ഥിയുടെ തൊണ്ടയും അന്നനാളവും പൊള്ളിയിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. ആന്തരീകാവയവങ്ങള്‍ക്ക് കൂടുതലായി എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോയെന്ന് അറിയാന്‍ എന്‍ഡോസ്‌കോപ്പി പോലുള്ള വിശദ പരിശോധനകള്‍ നടത്തേണ്ടി വരുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. 

ഇത്രയും കഠിനമായ ലായനി!

ഉപ്പിലിട്ടത് പോലുള്ള ലഘു വിഭവങ്ങള്‍ വില്‍ക്കുന്ന കടയില്‍ എന്തിനാണ് ഇത്രയധികം മാരകമായ ഒരു രാസ ലായനി സൂക്ഷിച്ചിരിക്കുന്നത് എന്ന സംശയം ഏവരിലും വരാം. ഇതിനുള്ള ഉത്തരം നല്‍കുന്നത് നാട്ടുകാര്‍ തന്നെയാണ്. ഉപ്പിലിട്ടതിന് കൂടുതല്‍ രുചി തോന്നിക്കാനും അവയെ പെട്ടെന്ന് അലിയിച്ചെടുക്കാനുമെല്ലാം ചില കച്ചവടക്കാര്‍ ഇത്തരം രാസലായനികള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. 

സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ രീതിയിലാണ് ആളുകള്‍ ഈ വിഷയം സംബന്ധിച്ച് അഭിപ്രായം രേഖപ്പെടുത്തുന്നത്് പലപ്പോഴും ഇത്തരം പ്രവണതകള്‍ തങ്ങള്‍ കണ്ടിട്ടുണ്ടെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാതിരിക്കുന്നത് മൂലമാണ് ഇത്തരം അപകടങ്ങള്‍ സംഭവിക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. 

വിദ്യാര്‍ത്ഥികളെ അപകടപ്പെടുത്തിയ ലായനി ഏതാണെന്ന് ഇതുവരെയും അറിവായിട്ടില്ല. എങ്കിലും ആസിഡിന്റെ അംശം കാര്യമായി അടങ്ങിയ ഏതോ ലായനിയാണെന്ന് മാത്രം പ്രാഥമികമായി അനുമാനിക്കാം. 

വിനാഗിരിയുടെ ഉപയോഗം...

സാധാരണഗതിയില്‍ ഇത്തരം ഉപ്പിലിട്ടതുകള്‍ വിനാഗിരിയും വെള്ളവും ചേര്‍ത്ത ദ്രാവകത്തിലാണ് തയ്യാറാക്കിവയ്ക്കാറ്. വിനാഗിരിയില്‍ തന്നെ ആസിഡിന്റെ അംശം കാര്യമായി അടങ്ങിയിരിക്കുന്നു എന്നതിനാല്‍ ഇതിന്റെ ഉപയോഗം വളരെയധികം കുറയ്ക്കുന്നതാണ് പൊതുവില്‍ ആരോഗ്യത്തിന് നല്ലത്. 

ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍, പല്ലിന്റെ ഇനാമല്‍ നശിപ്പിക്കുക, എല്ലുകള്‍ക്ക് ക്രമേണ ബലക്ഷയമുണ്ടാക്കുക, തൊണ്ടയെ പ്രതികൂലമായി ബാധിക്കുക തുടങ്ങി പല പ്രശ്‌നങ്ങളും വിനാഗിരി ഉപയോഗിക്കുന്നത് മൂലുണ്ടാകാം. 

ഇക്കാരണങ്ങള്‍ കൊണ്ടെല്ലാം തന്നെ വളരെ മിതമായ രീതിയില്‍ മാത്രമേ വിനാഗിരി കഴിക്കാവൂ. അതല്ലെങ്കില്‍ പാചകത്തിന് ഒരു ചേരുവയെന്ന നിലയില്‍ മാത്രം എടുക്കുക. വിനാഗിരി തന്നെ ഇത്രമാത്രം അപകടകാരിയാണെന്നിരിക്കെ, അതിലുമധികം ആസിഡ് അടങ്ങിയ ലായനികള്‍ ഉപയോഗിക്കുന്നത് തീര്‍ച്ചയായും കുറ്റകരമാണ്.

Also Read:- ട്വിറ്ററില്‍ തരംഗമായി 'പിക്കിള്‍ഡ് ഗാര്‍ലിക്'; സംഭവം നമ്മുടെ നാടന്‍ രുചിക്കൂട്ട് തന്നെ....

PREV
click me!

Recommended Stories

ചൂട് വെള്ളം കുടിച്ച് ദിവസം തുടങ്ങാം; ഗുണങ്ങൾ ഇതാണ്
നിങ്ങളുടെ വൃക്കകളുടെ പ്രവർത്തനം ശരിയായ രീതിയിലാണോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്