കൊവിഡ് 19; ട്രംപ് വാങ്ങിക്കൂട്ടിയ ആ മരുന്നിന് ഫലമില്ലെന്ന് പുതിയ പഠനം...

Web Desk   | others
Published : Jul 22, 2020, 08:16 PM IST
കൊവിഡ് 19; ട്രംപ് വാങ്ങിക്കൂട്ടിയ ആ മരുന്നിന് ഫലമില്ലെന്ന് പുതിയ പഠനം...

Synopsis

ആദ്യമായി ഈ മരുന്നുകള്‍ക്ക് വേണ്ടി പരസ്യമായി രംഗത്തെത്തിയത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപായിരുന്നു. മരുന്നിന്റെ ഏറ്റവും വലിയ നിര്‍മ്മാതാക്കളായ ഇന്ത്യയോട് മരുന്ന് എത്തിച്ചുനല്‍കാന്‍ ട്രംപ് കര്‍ശനമായി നിര്‍ദേശിക്കുകയും തുടര്‍ന്ന് രാജ്യത്ത് നിന്ന് മരുന്ന് കയറ്റുമതി ചെയ്യുകയും ചെയ്തിരുന്നു. അമേരിക്കയ്ക്ക് ശേഷം പല രാജ്യങ്ങളും ഹൈഡ്രോക്‌സി ക്ലോറോക്വിന്നിന് പിന്നാലെ പായുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്  

കൊവിഡ് 19 ലക്ഷണങ്ങളെ ചികിത്സിക്കുന്നതിനായി രോഗവ്യാപനത്തിന്റെ ആദ്യഘട്ടങ്ങളില്‍ പലയിടങ്ങളിലും 'ക്ലോറോക്വിന്‍', 'ഹൈഡ്രോക്‌സി ക്ലോറോക്വിന്‍' എന്നീ മരുന്നുകള്‍ ഉപയോഗിച്ചിരുന്നു. മലേരിയയ്ക്ക് നല്‍കിവന്നിരുന്ന ഈ മരുന്നുകള്‍ കൊവിഡിന്റെ ലക്ഷണങ്ങളെ സുഖപ്പെടുത്താന്‍ ഉപകരിക്കുമെന്ന തരത്തിലുള്ള വാദങ്ങള്‍ വന്നതോടെയാണ് ഇതിന്റെ ഉപയോഗം കുത്തനെ ഉയര്‍ന്നത്. 

ആദ്യമായി ഈ മരുന്നുകള്‍ക്ക് വേണ്ടി പരസ്യമായി രംഗത്തെത്തിയത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപായിരുന്നു. മരുന്നിന്റെ ഏറ്റവും വലിയ നിര്‍മ്മാതാക്കളായ ഇന്ത്യയോട് മരുന്ന് എത്തിച്ചുനല്‍കാന്‍ ട്രംപ് കര്‍ശനമായി നിര്‍ദേശിക്കുകയും തുടര്‍ന്ന് രാജ്യത്ത് നിന്ന് മരുന്ന് കയറ്റുമതി ചെയ്യുകയും ചെയ്തിരുന്നു. 

അമേരിക്കയ്ക്ക് ശേഷം പല രാജ്യങ്ങളും ഹൈഡ്രോക്‌സി ക്ലോറോക്വിന്നിന് പിന്നാലെ പായുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. എന്നാല്‍ അധികം വൈകാതെ തന്നെ മരുന്നുമായി ബന്ധപ്പെട്ട് വിവാദങ്ങളും തര്‍ക്കങ്ങളും ആരംഭിച്ചു. ഈ മരുന്നുകള്‍ക്ക് കൊവിഡ് രോഗികളില്‍ ഒന്നും ചെയ്യാനില്ലെന്ന വാദവുമായി ഒരുകൂട്ടം ഗവേഷകരും വിദഗ്ധരും രംഗത്തെത്തി. എന്നാല്‍ ചിലയിടങ്ങളില്‍ നിന്നെല്ലാം മരുന്നിന് ഫലമുണ്ടായി എന്ന തരത്തിലുള്ള വാര്‍ത്തകളുമെത്തി. 

ഏതായാലും മരുന്നിന്റെ ഫലം സംബന്ധിച്ച് അവ്യക്തത വന്നതോടെ അതുവരെ ഇത് ഉപയോഗിച്ചുകൊണ്ടിരുന്നവരെല്ലാം തന്നെ ഉപയോഗം നിര്‍ത്തലാക്കി. അങ്ങനെ തിരക്കുപിടിച്ച് ട്രംപ് വാങ്ങിക്കൂട്ടിയ കോടിക്കണക്കിന് ഡോസ് മരുന്ന് അമേരിക്കയില്‍ കെട്ടിക്കിടക്കാന്‍ തുടങ്ങിയതെല്ലാം ആഗോളതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട വാര്‍ത്തയായിരുന്നു. 

ഇപ്പോഴിതാ വീണ്ടും 'ഹൈഡ്രോക്‌സി ക്ലോറോക്വിന്‍', 'ക്ലോറോക്വിന്‍' മരുന്നുകളെ കുറിച്ച് പുതിയ രണ്ട് പഠനങ്ങള്‍ കൂടി പുറത്തുവന്നിരിക്കുകയാണ്. ഏതാണ്ട് എണ്‍പതോളം 'ക്ലിനിക്കല്‍ ട്രയല്‍' പൂര്‍ത്തിയാക്കിയ ശേഷമാണ് 'ക്ലോറോക്വിന'ും 'ഹൈഡ്രോക്‌സി ക്ലോറോക്വിന'ും കൊവിഡ് 19 ലക്ഷണങ്ങളെ ചികിത്സിക്കാന്‍ ഉപയോഗിക്കാമെന്ന നിഗമനത്തിലെത്തിയിരുന്നത്. എന്നാല്‍ ഈ പരീക്ഷണങ്ങളില്‍ പാളിച്ചകളുണ്ടെന്നും ഈ രണ്ട് മരുന്നുകളും തനിയെയോ, മറ്റ് മരുന്നുകളുടെ കൂട്ടത്തിലോ നല്‍കുന്നത് കൊണ്ട് കൊവിഡ് രോഗികള്‍ക്ക് ഒരു തരത്തിലുള്ള ഗുണവും ഇല്ലെന്നുമാണ് ഈ പഠനങ്ങള്‍ വാദിക്കുന്നത്. 

'ഫ്രഞ്ച് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്റ് മെഡിക്കല്‍ റിസര്‍ച്ച്', 'ലെയ്ബ്‌നിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പ്രിമേറ്റ് റിസര്‍ച്ച്' എന്നീ സ്ഥാപനങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ നടത്തിയ രണ്ട് പഠനങ്ങളുടെയും റിപ്പോര്‍ട്ടുകള്‍ 'നേച്ചര്‍' എന്ന പ്രസിദ്ധീകരണത്തിലാണ് വന്നത്. 

മനുഷ്യരിലും കുരങ്ങുകളിലും ഗവേഷകര്‍ ഈ മരുന്നുകള്‍ പരീക്ഷിച്ചുവത്രേ. വൈറസിനെതിരെ പ്രതികരിക്കാന്‍ തക്ക ഒന്നും തന്നെ ഈ മരുന്നുകളില്ലെന്നായിരുന്നു ഇവരുടെ കണ്ടെത്തല്‍. രോഗം പിടിപെടുന്നതിന് മുമ്പോ, വന്നതിന് ശേഷമോ, ഭേദമായ ശേഷമോ ഒന്നും ഈ മരുന്നുകള്‍ ഒരുതരത്തിലുള്ള ഇടപെടലുകളും ശരീരത്തില്‍ ചെയ്യുന്നില്ലെന്നാണ് ഇവര്‍ വാദിക്കുന്നത്. 

ഏതായാലും നേരത്തേ മുതല്‍ തന്നെ വിവാദങ്ങളുടെ ഒത്ത നടുവിലായിരുന്നു ഈ മരുന്നുകളുടെ സ്ഥാനം എന്നതിനാലും, പല തരത്തിലുള്ള അഭിപ്രായങ്ങളാണ് ഇതിന്റെ ഫലം സംബന്ധിച്ച് നിലനില്‍ക്കുന്നത് എന്നതിനാലും ഈ പഠനങ്ങളേയും പരിപൂര്‍ണ്ണമായി അംഗീകരിക്കാനോ, ഒഴിവാക്കാനോ നമുക്ക് സാധ്യമല്ല. ഇനിയും ഇതേ വിഷയത്തില്‍ കൂടുതല്‍ വ്യക്തമായ പഠനങ്ങളും ഗവേഷണങ്ങളും വരുമെന്നും സംതൃപ്തമായ ഒരു നിഗമനത്തില്‍ നമുക്ക് വൈകാതെ എത്തിച്ചേരാനാകുമെന്നും മാത്രം പ്രതീക്ഷിക്കാം. ഇതിനിടെ വാക്‌സിന് വേണ്ടിയുള്ള കാത്തിരിപ്പും നമുക്ക് തുടരാം.

Also Read:- കൊവിഡ് രോ​ഗികളിൽ ഹൈഡ്രോക്സിക്ലോറോക്വിൻ, എച്ച്ഐവി മരുന്നുകളുടെ പരീക്ഷണം നിർത്തിവച്ചു: ലോകാരോ​ഗ്യ സംഘടന...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശൈത്യകാലത്തെ നിർജ്ജലീകരണം തടയാൻ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അടിക്കടിയുള്ള വയറുവേദന അവഗണിക്കരുത്; ഈ 6 രോഗങ്ങളുടെ മുന്നറിയിപ്പാകാം