ജനീവ: കൊവിഡ് രോ​ഗികളിൽ ഹൈഡ്രോക്സിക്ലോറോക്വിൻ, എച്ച്ഐവി മരുന്നുകൾ എന്നിവയുടെ പരീക്ഷണം നിർത്തിവെക്കാൻ തീരുമാനിച്ച് ലോകാരോ​ഗ്യ സംഘടന. മലേറിയ്ക്ക് നൽകുന്ന മരുന്നാണ് ഹൈഡ്രോക്സിക്ലോറോക്വിൻ. എച്ച്ഐവി രോ​ഗികൾക്ക് നൽകുന്ന ലോപിനാവിർ, റിറ്റോനാവിർ എന്നീ മരുന്നുകളും ഇനി മുതൽ കൊവിഡ് രോ​ഗികൾക്ക് നൽകില്ല. ഈ മരുന്നുകൾ നൽകിയിട്ടും മരണനിരക്ക് കുറയുന്നില്ല എന്ന് കണ്ടെത്തിയാണ് നിർത്തിവക്കാനുള്ള തീരുമാനമെന്ന് അൽജസീറ വാർത്തയിൽ വ്യക്തമാക്കുന്നു. 

'ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന കൊവിഡ് രോ​ഗികളിൽ ഈ മരുന്നുകൾ പരീക്ഷിച്ചതിന് ശേഷം ഇവരുടെ മരണനിരക്കിൽ കുറവൊന്നും ഉണ്ടാകുന്നില്ല. അതിനാൽ സോളിഡാരിറ്റി ട്രയലിൽ നിന്നും ഈ രണ്ട് മരുന്നുകളെ ഉടനടി മാറ്റാനാണ് തീരുമാനം.' ലോകാരോ​ഗ്യ സംഘടന പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയും മരുന്ന് ഗവേഷകരും ചേര്‍ന്ന് കൊവിഡ് മരുന്നുകളുടെ പരീക്ഷണത്തിനായി രൂപപ്പെടുത്തിയ സംവിധാനമാണ് സോളിഡാരിറ്റി ട്രയല്‍. 398 രാജ്യങ്ങളിൽ നിന്നായി 5500 രോ​ഗികളിൽ സോളിഡാരിറ്റി ട്രയൽ നടന്നു വരികയാണ്. 

ആ​ഗോളതലത്തിൽ 24 മണിക്കൂറിനുള്ളിൽ രണ്ട് ലക്ഷത്തിലധികം പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്നും ലോകാരോ​ഗ്യ സംഘടന കൂട്ടിച്ചേർത്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5134 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മാർച്ച് 11 നാണ് കൊവിഡ് 19നെ പകർച്ചവ്യാധിയായി ലോകാരോ​ഗ്യ സംഘടന പ്രഖ്യാപിച്ചത്.