
കൊവിഡ് 19 മഹാമാരിയുമായുള്ള പോരാട്ടത്തിലാണ് രാജ്യം. രണ്ടാം തരംഗം ആഞ്ഞടിച്ചപ്പോള്‍ കനത്ത നഷ്ടമാണ് രാജ്യം നേരിട്ടത്. രോഗവ്യാപനം കയ്യിലൊതുങ്ങാത്ത തരത്തില്‍ വേഗത്തിലായതോടെ എണ്ണമറ്റ രോഗികള്‍ക്ക് മുമ്പില്‍ ആരോഗ്യമേഖലയ്ക്ക് മുട്ട് മടക്കേണ്ടിവന്നു. ചികിത്സിച്ച് രക്ഷപ്പെടുത്താവുന്ന രോഗികളെ പോലും മരണത്തിലേക്ക് തള്ളിവിടേണ്ട ദുരവസ്ഥയിലേക്ക് രാജ്യമെത്തി.
രണ്ടാം തരംഗം ഇത്രമാത്രം ശക്തമാകാനുള്ള പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത് ജനിതകവ്യതിയാനം സംഭവിച്ച വൈറസുകള്‍ വ്യാപകമായി രാജ്യത്തെത്തി എന്നതാണ്. യുകെ വൈറസ്, ബ്രസീല്‍ വൈറസ് എന്നിവയാണ് ഇതില്‍ പ്രധാനികള്‍. ഇതിനൊപ്പം തന്നെ രണ്ടും മൂന്നും തവണ ജനിതകവ്യതിയാനത്തിന് വിധേയമായ വൈറസുകളും രാജ്യത്തെ അവസ്ഥ മോശമാക്കിത്തീര്‍ത്തു.
ഇക്കൂട്ടത്തിലെ ബ്രസീല്‍ വൈറസിനെ കുറിച്ചുള്ള പുതിയൊരു പഠന റിപ്പോര്‍ട്ടും ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. ഡെന്മാര്‍ക്കിലെ കോപ്പന്‍ഹേഗന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബ്രസീലില്‍ നിന്നുമുള്ള ഗവേഷകര്‍ സംയുക്തമായാണ് പഠനം നടത്തിയത്. 'സയന്‍സ്' എന്ന പ്രസിദ്ധീകരണത്തിലാണ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.
ബ്രസീല്‍ വൈറസ് കൊവിഡ് വ്യാപനം വലിയ തോതില്‍ ശക്തിപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടിലെ നിരീക്ഷണം. കൊവിഡ് 19ന് കാരണമാകുന്ന മറ്റ് പല വൈറസുകളെക്കാള്‍ വേഗതയില്‍ ഇത് രോഗത്തെ കൂടുതല്‍ പേരിലേക്ക് എത്തിക്കുന്നു. എന്ന് മാത്രമല്ല, നേരത്തേ കൊവിഡ് വന്ന് ഭേദമായവരില്‍ പോലും വീണ്ടും രോഗമെത്തിക്കാന്‍ ഇതിനാകുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
മുമ്പ് രോഗം ബാധിച്ച് പിന്നീട് അതില്‍ നിന്ന് രക്ഷ നേടിയവരുടെ ശരീരത്തില്‍ രോഗകാരിയായ വൈറസിനെതിരായ ആന്റിബോഡി പ്രകൃത്യാ തന്നെ ഉണ്ടായിരിക്കും. ഈ ആന്റിബോഡി ഉള്ളതിനാല്‍ തന്നെ വീണ്ടും വൈറസെത്തുമ്പോള്‍ ശരീരത്തിന് അതിനെ എതിര്‍ക്കാന്‍ കഴിയും. എന്നാല്‍ ബ്രസീല്‍ വൈറസിനെ സംബന്ധിച്ച് അവയ്ക്ക് ഇത്തരത്തിലുള്ള ആന്റിബോഡിയുടെ ചെറുത്തുനില്‍പിനെ അതിജീവിക്കാനാകുമെന്നാണ് പഠനം വിശദീകരിക്കുന്നത്. അതായത്, ഒരിക്കല്‍ കൊവിഡ് വന്നവരില്‍ തന്നെ വീണ്ടും കൊവിഡ് എത്താനുള്ള സാധ്യതകള്‍ കൂട്ടുന്നുവെന്ന് സാരം.
കൊവിഡ് രണ്ടാം തരംഗത്തില്‍ ഇപ്പോള്‍ കനത്ത പ്രതിസന്ധികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ബ്രസീലിയന്‍ പട്ടണം മനാസിലാണ് ആദ്യമായി ഈ വൈറസ് കണ്ടെത്തപ്പെട്ടത്. 2020 നവംബറിലായിരുന്നു ഇത്. പിന്നീട് ഈ വൈറസ് ലോകത്തിന്റെ പലയിടങ്ങളിലേക്കും എത്തുകയായിരുന്നു. ഇക്കൂട്ടത്തില്‍ ഇന്ത്യയിലും ബ്രസീല്‍ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിക്കുകയായിരുന്നു.
Also Read:- കൊവിഡ് ബാധിച്ച് വീട്ടില്‍ തന്നെ തുടരുന്നവര്‍ അറിയേണ്ട ചിലത്...
മറ്റ് രാജ്യങ്ങളിലേക്കെത്തുമ്പോഴും ബ്രസീല്‍ വൈറസിന്റെ പ്രവര്‍ത്തനങ്ങളില്‍ മാറ്റമുണ്ടാകില്ലെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. എന്നുവച്ചാല്‍ ഇപ്പോള്‍ കണ്ടെത്തപ്പെട്ടിട്ടുള്ള വസ്തുതകള്‍ എവിടെയാണെങ്കിലും ഈ വൈറസിനെ സംബന്ധിച്ച് പ്രധാനമായിരിക്കും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona