രോഗലക്ഷണങ്ങള്‍ കണ്ടുകഴിഞ്ഞാല്‍ പരിശോധനയ്ക്ക് മുമ്പ് തന്നെ ഐസൊലേഷനിലേക്ക് മാറണം. നല്ല വെന്റിലേഷനുള്ള ബാത്ത്‌റൂം അറ്റാച്ച്ഡ് ആയ മുറിയാണ് നല്ലത്. ഈ മുറി കഴിവതും ആരും പങ്കുവയ്ക്കാതിരിക്കുകയാണ് നല്ലത്. മറ്റുള്ളവരില്‍ നിന്ന് ആറടി ദൂരമെങ്കിലും എപ്പോഴും പാലിക്കണം

കൊവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗത്തിലാണ് രാജ്യം. ആരോഗ്യമേഖല കനത്ത പ്രതിസന്ധി നേരിടുന്നതിനാല്‍ തന്നെ ചെറിയ രീതിയില്‍, അല്ലെങ്കില്‍ ലക്ഷണങ്ങളോ മറ്റ് ആരോഗ്യ വിഷമതകളോ ഇല്ലാതെ രോഗം ബാധിക്കപ്പെട്ടവര്‍ വീട്ടില്‍ തന്നെ തുടരാനാണ് നിര്‍ദേശം. 

ഇത്തരത്തില്‍ വീട്ടില്‍ തുടരുന്ന കൊവിഡ് രോഗികളും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അത്തരത്തില്‍ അറിഞ്ഞിരിക്കേണ്ട ചില പ്രാഥമിക വിവരങ്ങളാണ് ഇനി പങ്കുവയ്ക്കുന്നത്.

രോഗലക്ഷണങ്ങള്‍...

വരണ്ട ചുമ, തൊണ്ടവേദന, പനി, ജലദോഷം എന്നിവയെല്ലാമാണ് കൊവിഡിന്റെ ഏറ്റവും സാധാരണഗതിയില്‍ കാണുന്ന ലക്ഷണങ്ങള്‍ എന്ന് നമുക്കറിയാം. ഇതിന് പുറമെ രുചിയും ഗന്ധവും നഷ്ടപ്പെടുന്ന അവസ്ഥ, ശരീരവേദന, തലവേദന, ശ്വാസതടസം, ക്ഷീണം എന്നിങ്ങനെയുള്ള ലക്ഷണങ്ങളും കൊവിഡിന്റെ ഭാഗമായി വരാം. 

എന്നാല്‍ ഇതില്‍ കൂടുതല്‍ പല തരത്തിലുള്ള ലക്ഷണങ്ങളും ഇപ്പോള്‍ കൊവിഡിന്റേതായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. 

ശരീരത്തില്‍ ഓക്‌സിജന്‍ നില താഴുന്നതിന്റെ ഭാഗമായി നെഞ്ചുവേദന, നെഞ്ചില്‍ അസ്വസ്ഥത, കാര്യമായ ശ്വാസതടസം, നഖങ്ങളില്‍ നീല നിറം, വിശപ്പില്ലായ്മ, വയറിളക്കം, വയറുവേദന, കൈകാലുകളില്‍ മരവിപ്പും തളര്‍ച്ചയും എന്നിങ്ങനെ നീണ്ട പട്ടിക തന്നെയാണ് കൊവിഡ് ലക്ഷണങ്ങളായി ഇപ്പോള്‍ വരുന്നത്. 

ലക്ഷണങ്ങള്‍ കണ്ടുകഴിഞ്ഞാല്‍...

രോഗലക്ഷണങ്ങള്‍ കണ്ടുകഴിഞ്ഞാല്‍ പരിശോധനയ്ക്ക് മുമ്പ് തന്നെ ഐസൊലേഷനിലേക്ക് മാറണം. നല്ല വെന്റിലേഷനുള്ള ബാത്ത്‌റൂം അറ്റാച്ച്ഡ് ആയ മുറിയാണ് നല്ലത്. ഈ മുറി കഴിവതും ആരും പങ്കുവയ്ക്കാതിരിക്കുകയാണ് നല്ലത്. മറ്റുള്ളവരില്‍ നിന്ന് ആറടി ദൂരമെങ്കിലും എപ്പോഴും പാലിക്കണം. രോഗി ഉപയോഗിക്കുന്ന ടവല്‍, ഗ്ലാസുകള്‍, പാത്രങ്ങള്‍, മൊബൈല്‍ ഫോണ്‍, പുതപ്പ് തുടങ്ങിയ സാധനങ്ങളൊന്നും തന്നെ ഒരു കാരണവശാലും മറ്റുള്ളവര്‍ ഉപയോഗിക്കരുത്. 

രോഗവ്യാപനത്തിന്റെ നേര്‍ത്ത സാധ്യതകളാണെങ്കില്‍ പോലും അവയെ എല്ലാം മാറ്റിനിര്‍ത്താനാണ് ഇതെല്ലാം. അതുപോലെ തന്നെ പരിശോധനയില്‍ പൊസിറ്റാവായാല്‍ അത് അറിയിക്കേണ്ട അധികൃതരെ അറിയിച്ചിരിക്കണം. ഒരു ഡോക്ടറുടെ ഓണ്‍ലൈന്‍ സഹായം എപ്പോഴും ഉറപ്പുവരുത്തണം. അതുപോലെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് പുറത്ത് ആരെങ്കിലും ഉണ്ടെന്നതും ഉറപ്പാക്കുക.

വീട്ടില്‍ തന്നെ തുടരുന്നവര്‍ നിര്‍ബന്ധമായും തങ്ങളുടെ ആരോഗ്യനിലയില്‍ മുകളില്‍ പറഞ്ഞിരിക്കുന്ന ലക്ഷണങ്ങളെല്ലാം നിരീക്ഷിച്ചുകൊണ്ടിരിക്കേണ്ടതുണ്ട്. തീവ്രത കൂടിയ രോഗാവസ്ഥയാണെങ്കില്‍ ലക്ഷണങ്ങള്‍ പതിയെ ന്യൂമോണിയയിലേക്ക് മാറാം. ഇതിന് മറ്റ് ലക്ഷണങ്ങള്‍ പ്രകടമായ ശേഷം അഞ്ച് ദിവസമെങ്കിലും എടുക്കും. 

ന്യുമോണിയയ്‌ക്കൊപ്പം തന്നെ ചിലരില്‍ കടുത്ത ശ്വാസതടസവും ഉണ്ടാകാം. ഈ രണ്ട് സാഹചര്യങ്ങളിലും ആശുപത്രിയിലെത്തി ചികിത്സ തേടുന്നതാണ് ഉചിതം.

ഓക്‌സിജന്‍ നില പരിശോധിക്കാം...

കൊവിഡ് ബാധിച്ച് വീട്ടില്‍ തന്നെ കഴിയുന്നവര്‍ ഓരോ നാല് മണിക്കൂറിലും ശരീരതാപനില(പനി)യും ഓക്‌സിജന്‍ നിലയും പരിശോധിക്കേണ്ടതുണ്ട്. കാരണം വളരെ പെട്ടെന്നാകാം ഒരുപക്ഷേ രോഗിയുടെ അവസ്ഥകള്‍ മാറിമറിയുന്നത്. തെര്‍മോമീറ്റര്‍ (പനി പരിശോധിക്കാന്‍), പള്‍സ് ഓക്‌സിമീറ്റര്‍ (ഓക്‌സിജന്‍ പരിശോധിക്കാന്‍) എന്നിവ മുറിയില്‍ തന്നെ കരുതാവുന്നതാണ്. 

ഓക്‌സിജന്‍ പരിശോധിക്കുന്നതിന് മുമ്പ് എപ്പോഴും ആറ് മിനുറ്റ് നേരമെങ്കിലും നടക്കേണ്ടതുണ്ട്. വെറുതെ ഇരിക്കുകയോ കിടക്കുകയോ ആണെങ്കില്‍ ഓക്‌സിജന്‍ നില കൃത്യമായി കാണിക്കണമെന്നില്ല. ഇനി ഓക്‌സിജന്‍ നില ആറിലോ അതിലും താഴെയിലോ ആയി താഴുകയാണെങ്കില്‍ വൈകാതെ തന്നെ വൈദ്യസഹായം തേടുക. 

ക്വാറന്റൈന്‍ അവസാനിപ്പിക്കുന്നത്...

ലക്ഷണങ്ങള്‍ ആദ്യമായി പ്രകടമായത് മുതല്‍ അടുത്ത പത്ത് ദിവസങ്ങള്‍ കഴിയുമ്പോഴേക്ക് വ്യക്തി സാധാരണനിലയിലേക്ക് മടങ്ങിവരുമെന്നാണ് ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഈ പത്ത് ദിനങ്ങളുടെ അവസാന മൂന്ന് ദിനങ്ങളില്‍ പനി ഉണ്ട് എങ്കില്‍ അവസ്ഥ വ്യത്യസ്തമായിരിക്കും. 

എന്തായാലും ആരോഗ്യപ്രശ്‌നങ്ങളില്ലാതെ പത്ത് ദിനം കടന്നാലും വീണ്ടും ഒരാഴ്ച കൂടി ക്വാറന്റൈന്‍ തുടരേണ്ടതുണ്ട്. 

നെഗറ്റീവ് ആയ ശേഷം...

ടെസ്റ്റ് റിസള്‍ട്ട് 'നെഗറ്റീവ്' ആയ ശേഷവും ഏതാനും ദിവസങ്ങള്‍ ആരോഗ്യം വളരെയധികം ശ്രദ്ധിക്കുക. സമയത്തിന് ആഹാരം കഴിക്കുക. അത് പോഷകസമൃദ്ധമായ ആഹാരം തന്നെ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. ധാരാളം വെള്ളം കുടിക്കുക. ഇതിനൊപ്പം തന്നെ ഉറക്കം- വ്യായാമം എന്നിവയും ഉറപ്പുവരുത്തുക. 

ചിലര്‍ക്ക് കൊവിഡുണ്ടാക്കിയ ക്ഷീണവും വിഷമതകളും മറികടക്കാന്‍ ദിവസങ്ങള്‍ മാത്രം മതിയെങ്കില്‍ മറ്റ് ചിലര്‍ക്ക് മാസങ്ങള്‍ ആണ് ഇതിനായി ആവശ്യമായി വരുന്നത്. 'ലോംഗ് കൊവിഡ്' എന്നറിയപ്പെടുന്ന, ദീര്‍ഘകാലത്തേക്ക് കൊവിഡ് ലക്ഷണങ്ങള്‍ക്ക് സമാനമായ ആരോഗ്യപ്രശ്‌നങ്ങള്‍ നീണ്ടുനില്‍ക്കുന്ന അവസ്ഥയാണിത്.

Also Read:- കൊവിഡ് 19; ജനിതകമാറ്റം വന്ന വൈറസുകളാണെങ്കില്‍ ലക്ഷണങ്ങളും മാറാം...