ജോലിയില്‍ നിന്നുള്ള 'സ്‌ട്രെസ്'; നിര്‍ബന്ധമായും നിങ്ങളറിയേണ്ടത്...

By Web TeamFirst Published Jun 25, 2019, 9:31 PM IST
Highlights

ആളുകളിൽ വർധിച്ച് വരുന്ന 'സ്ട്രെസി'ന് ഒരു പരിധി വരെ ജോലി കാരണമാകുന്നുണ്ടെന്ന് തെളിയിക്കുന്ന പല പഠനങ്ങളും നേരത്തേ വന്നിട്ടുണ്ട്. ഇതിനോട് ചേർത്തുവായിക്കാവുന്ന ചില കണ്ടെത്തലുമായി ഇതാ ഒരു പുതിയ പഠനം കൂടി...

പുതിയ ജീവിതരീതികളുണ്ടാക്കിയ വലിയ മാറ്റങ്ങളിലൊന്നാണ് ആളുകളില്‍ വര്‍ധിച്ചുവരുന്ന 'സ്‌ട്രെസ്'. ഒരു പരിധി വരെ ഇത് തൊഴിലിടങ്ങളില്‍ നിന്നാണ് ആളുകളിലേക്ക് എത്തുന്നതെന്ന് സ്ഥാപിക്കുന്ന നിരവധി പഠനങ്ങളും മുമ്പേ വന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പുതിയ ഒരു പഠനത്തെ കുറിച്ചാണ് പറയുന്നത്. 

മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ലണ്‍ന്‍, യൂണിവേഴ്‌സിറ്റി ഓഫ് എസെക്‌സ് എന്നിവിടങ്ങളില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍. 

അതായത്, ഒരു കോര്‍പറേറ്റ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഏറ്റവും ചെറിയ തസ്തികയിലുള്ള ആളുകള്‍ക്കായിരിക്കും, അതിന്റെ തലപ്പത്തിരിക്കുന്ന ആളുകളെക്കാള്‍ 'സ്‌ട്രെസ്' ഉണ്ടാകുകയെന്നാണ് ഇവരുടെ കണ്ടെത്തല്‍. ജൂനിയര്‍ പോസ്റ്റുകളിലിരിക്കുന്നവരോട് സീനിയര്‍ പോസ്റ്റിലുള്ളവര്‍ തങ്ങള്‍ ശക്തമായ സമ്മര്‍ദ്ദത്തിലാണെന്ന് പറയുമെങ്കിലും യഥാര്‍ത്ഥത്തില്‍ കഠിനമായ സമ്മര്‍ദ്ദം അനുഭവിക്കുന്നത് ജൂനിയര്‍ തലത്തില്‍ ഉള്ളവര്‍ തന്നെയാണത്രേ!

ഹോര്‍മോണുകളില്‍ വരുന്ന മാറ്റത്തെ അടിസ്ഥാനപ്പെടുത്തി, വളരെ ശാസ്ത്രീയമായ രീതിയിലുള്ള പഠനമാണ് ഗവേഷകര്‍ ഇതിനായി നടത്തിയത്. ഒപ്പം തന്നെ പഠനത്തില്‍ പങ്കെടുത്തവരുടെ പ്രായം, ലിംഗം, ഉറക്കം ഉള്‍പ്പെടെയുള്ള ജീവിതശൈലികള്‍ എന്നിവയും സംഘം വിലയിരുത്തി. 

മിക്കപ്പോഴും കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ഏറ്റവും ചെറിയ തസ്തികയിലുള്ളവരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കുറവായിരിക്കും. ഇതും ഇവരില്‍ വലിയ തോതില്‍ 'സ്‌ട്രെസ്' വര്‍ധിപ്പിക്കാന്‍ കാരണമാകുന്നുണ്ട്. അതുപോലെ മത്സരമനോഭാവത്തോടെ ജോലി ചെയ്യുന്നവര്‍ക്കിടയില്‍ സ്വാഭാവികമായി ഉണ്ടാകുന്ന 'ഈഗോ' പ്രശ്‌നങ്ങളും, ഒറ്റപ്പെടുത്തലുമെല്ലാം 'സ്‌ട്രെസ്' കൂട്ടാന്‍ ഇടയാക്കുന്നുണ്ട്- പഠനം വിലയിരുത്തുന്നു.

click me!