കൊറോണ വൈറസ് പുരുഷന്മാരിലെ ബീജോത്പാദനത്തെ ബാധിക്കുമോ?

Web Desk   | others
Published : Jun 08, 2020, 11:56 PM ISTUpdated : Jun 09, 2020, 12:04 AM IST
കൊറോണ വൈറസ് പുരുഷന്മാരിലെ ബീജോത്പാദനത്തെ ബാധിക്കുമോ?

Synopsis

ഓരോ ദിവസവും 'കൊറോണ'യെക്കുറിച്ചുള്ള പുതിയ വിവരങ്ങളാണ് ശാസ്ത്രലോകം പങ്കുവയ്ക്കുന്നത്. ദിവസങ്ങള്‍ ചെല്ലുംതോറും പലതിലും തിരുത്തുകള്‍ വരുന്നു. വീണ്ടും അറിവുകള്‍ മാറിമറിയുന്നു. നിരന്തരം പഠിച്ചുകൊണ്ടിരിക്കുക അല്ലെങ്കില്‍ പരിശോധിച്ചുകൊണ്ടിരിക്കുക എന്നത് മാത്രമാണ് നിലവില്‍ നമുക്ക് മുമ്പിലുള്ള ഏക മാര്‍ഗമെന്ന് ഗവേഷകരും അടിവരയിട്ട് പറയുന്നു

'കൊറോണ വൈറസ്' എന്ന രോഗകാരി, നമുക്ക് മുമ്പെങ്ങും അറിവില്ലാത്ത തരത്തില്‍ തികച്ചും അപരിചിതനായൊരു വില്ലനാണെന്ന് പറയാം. അതായത്, 'കൊറോണ' എത്തരത്തിലെല്ലാം മനുഷ്യരെ ബാധിക്കുന്നുവെന്നും, എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് ഇത് രോഗികളില്‍ ചെയ്യുന്നതെന്നും എങ്ങനെയെല്ലാമാണ് ഇത് തുടര്‍ക്കാലത്തേക്കും ഒരു വ്യക്തിയെ ബാധിക്കുന്നത് എന്നുമെല്ലാം ഇനിയും വ്യക്തമാകാത്ത കാര്യങ്ങളാണ്. 

ഓരോ ദിവസവും 'കൊറോണ'യെക്കുറിച്ചുള്ള പുതിയ വിവരങ്ങളാണ് ശാസ്ത്രലോകം പങ്കുവയ്ക്കുന്നത്. ദിവസങ്ങള്‍ ചെല്ലുംതോറും പലതിലും തിരുത്തുകള്‍ വരുന്നു. വീണ്ടും അറിവുകള്‍ മാറിമറിയുന്നു. നിരന്തരം പഠിച്ചുകൊണ്ടിരിക്കുക അല്ലെങ്കില്‍ പരിശോധിച്ചുകൊണ്ടിരിക്കുക എന്നത് മാത്രമാണ് നിലവില്‍ നമുക്ക് മുമ്പിലുള്ള ഏക മാര്‍ഗമെന്ന് ഗവേഷകരും അടിവരയിട്ട് പറയുന്നു. 

എങ്കിലും ലഭ്യമായ പല വിവരങ്ങളും ആശങ്കയുണ്ടാക്കുന്നത് തന്നെയാണ്. അക്കൂട്ടത്തില്‍ വളരെയധികം ചര്‍ച്ചയായ ഒരു വിഷയമായിരുന്നു 'കൊറോണ പുരുഷന്മാരില്‍ വന്ധ്യതയ്ക്ക് കാരണമാകു'മെന്ന പ്രചാരണം. ഇത് കേവലം ഒരു പ്രചാരണം മാത്രമായിരുന്നില്ല. ചൈനയുള്‍പ്പെടെ പലയിടങ്ങളിലും ഇക്കാര്യം പഠനങ്ങളിലൂടെ ഗവേഷകര്‍ ചൂണ്ടിക്കാട്ടിയതാണ്. അപ്പോഴും അവയിലൊന്നും ആര്‍ക്കും തികഞ്ഞ ആധികാരികത അവകാശപ്പെടാന്‍ ധൈര്യവുമുണ്ടായില്ലെന്നത് ശ്രദ്ധേയം. 

 

 

സമാനമായ ഒരു പഠനം കൂടി വന്നിരിക്കുകയാണിപ്പോള്‍. ചൈനയില്‍ നിന്നും യുഎസില്‍ നിന്നുമുള്ള ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍. 'യൂറോപ്യന്‍ യൂറോളജി' എന്ന പ്രസിദ്ധീകരണത്തിലാണ് ഇതിന്റെ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്. 

പുരുഷന്റെ വൃഷണങ്ങളെ 'കൊറോണ വൈറസ്' രോഗകാരി ബാധിക്കുന്നുണ്ടെന്നും എന്നാല്‍ വൃഷണങ്ങളിലെ കോശങ്ങളിലേക്ക് വൈറസ് പ്രവേശിക്കുന്നില്ലെന്നുമാണ് ഇവര്‍ കണ്ടെത്തിയിരിക്കുന്നത്. വൃഷണഭാഗമായ 'സെമിനിഫറസ് ട്യൂബ്യൂള്‍സ്'ല്‍ ആണ് ബീജോത്പാദനം നടക്കുന്നത്. വളരെ നേര്‍ത്ത തരത്തിലുള്ള 'സെമിനിഫറസ് ട്യൂബ്യൂള്‍സ്'നെ അസാധാരണമായി വീര്‍പ്പിക്കുകയും അതിന് കേടുപാട് വരുത്തുകയുമാണത്രേ 'കൊറോണ വൈറസ്' ചെയ്യുന്നത്. ഇത് ബീജോത്പാദനത്തെ സാരമായി ബാധിക്കാനിട വരുമെന്നും പഠനം പറയുന്നു. 

വൃഷണ കോശങ്ങളിലേക്ക് പ്രവേശിക്കാതെ തന്നെ 'കൊറോണ വൈറസ്' എത്തരത്തിലാണ് ഇങ്ങനെയൊരു കേടുപാട് ഉണ്ടാക്കുന്നത് എന്ന് കണ്ടെത്താന്‍ പക്ഷേ ഗവേഷകര്‍ക്കായിട്ടില്ല. വൃഷണത്തില്‍ കാണപ്പെടുന്ന 'എസിഇ2' എന്ന 'എന്‍സൈം'ലേക്ക് 'കൊറോണ വൈറസ്'ന്റെ ഉപരിതലത്തിലുള്ള പ്രോട്ടീന്‍ വന്ന് ഒട്ടിച്ചേരുന്നതാകാം, ഒരുപക്ഷേ ഈ കോടുപാടിന് കാരണമാകുന്നതെന്ന് ഗവേഷകസംഘം വിശദീകരിക്കുന്നു. 

 

 

അതായത്, വൈറസ് പൂര്‍ണ്ണമായും കോശങ്ങളിലേക്ക് കടന്നുചെല്ലുന്നില്ല. അതിന്റെ ഉപരിതലത്തിലെ പ്രോട്ടീന്‍ മാത്രം ചെല്ലുന്നു. കോശങ്ങളെ ബാധിക്കുന്നു. കൊവിഡ് 19 ബാധിച്ച പുരുഷന്മാരിലെ ശുക്ലത്തില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തപ്പെട്ടിട്ടില്ല. അതേസമയം രോഗം ബാധിച്ചവരില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ 80 ശതമാനത്തിലും 'സെമിനിഫറസ് ട്യൂബ്യൂളി'ന് കേടുപാട് സംഭവിച്ചതായി കണ്ടെത്തുകയും ചെയ്തു. 

Also Read:- പുരുഷ ബീജം കൊവിഡിനെ തടയാനുള്ള മരുന്നോ? പ്രചരിക്കുന്ന വീഡിയോയ്‌ക്ക് പിന്നിലെ വസ്‌തുത...

ഏതായാലും തങ്ങളുടെ കണ്ടെത്തലുകള്‍ ശാസ്ത്രലോകവുമായി പങ്കുവച്ചു എന്നതല്ലാതെ യാതൊരു അവകാശപ്രഖ്യാപനവും ഗവേഷകര്‍ നടത്തിയിട്ടില്ല. 'കൊറോണയും പുരുഷ വന്ധ്യതയും' എന്ന വിഷയത്തില്‍ നിരവധി പഠനങ്ങള്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അവയുടെയെല്ലാം ഫലങ്ങള്‍ വരേണ്ടതായും അതില്‍ നിന്നെല്ലാം കൂടുതല്‍ വിവരങ്ങള്‍ ഉരുത്തിരുഞ്ഞ് വരേണ്ടതായും ഉണ്ട്. അതുവരേക്കും ലഭ്യമായ പഠനറിപ്പോര്‍ട്ടുകളെ പക്വതയോടുകൂടി കണക്കിലെടുക്കുക എന്ന വഴി മാത്രമേ നമുക്ക് മുമ്പിലുള്ളൂ.

Also Read:- ചലനശേഷി കൂടുതലുള്ള ബീജങ്ങളെ വേർതിരിച്ചറിയാനുള്ള 'ത്രീഡി' സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത് ഇസ്രായേൽ ഗവേഷകർ...

PREV
click me!

Recommended Stories

നിങ്ങളുടെ വൃക്കകളുടെ പ്രവർത്തനം ശരിയായ രീതിയിലാണോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം