രക്ത പരിശോധനയിലൂടെ മാനസികനിലയെ പ്രവചിക്കാനാകുമെന്ന് പുതിയ പഠനം...

By Web TeamFirst Published Sep 7, 2020, 2:16 PM IST
Highlights

'ജമാ സൈക്യാട്രി' എന്ന ആരോഗ്യപ്രസിദ്ധീകരണത്തിലാണ് അയര്‍ലന്‍ഡിലെ 'ആര്‍സിഎസ്ഐ യൂണിവേഴ്സിറ്റി ഓഫ് മെഡിസിന്‍ ആന്റ് ഹെല്‍ത്ത് സയന്‍സസ്'ല്‍ നിന്നുള്ള ഗവേഷകര്‍ നടത്തിയ പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്

മാനസിക രോഗങ്ങള്‍ പലപ്പോഴും സമയത്തിന് തിരിച്ചറിയാതെ പോകുമ്പോഴാണ് അത് ഭേദപ്പെടുത്താനാകാത്ത അവസ്ഥയിലേക്കെത്തുന്നതും അപകടങ്ങള്‍ സംഭവിക്കുന്നതുമെല്ലാം. ഗുരുതരമായ മാനസിക രോഗങ്ങള്‍ക്കുള്ള സാധ്യത ഒരാളില്‍ നേരത്തേ തന്നെ ഉറങ്ങിക്കിടക്കുന്നുണ്ടാകാം. എന്നാല്‍ ഇത് പ്രകടമാകുന്ന ഒരു സാഹചര്യം വരുന്നത് വരേക്കും ഇക്കാര്യം ഒരിക്കലും തിരിച്ചറിയപ്പെടുന്നില്ല. 

ഇത്തരത്തില്‍ പ്രകടമാകുന്ന സാഹചര്യം എത്തുമ്പോഴേക്കും മിക്ക രോഗികളുടേയും മനസിന്റെ താളം തിരിച്ച് ചിട്ടപ്പെടുത്തിയെടുക്കാനാകാത്ത വിധം തെറ്റിക്കാണും. അത്തരം ആളുകളില്‍ രോഗമുണ്ടാക്കുന്ന ഗൗരവപൂര്‍ണ്ണമായ ലക്ഷണങ്ങളെ തളച്ചിടുക എന്നത് മാത്രമേ പരിഹാരമായി ബാക്കിനില്‍ക്കുകയുള്ളൂ. 

ഇങ്ങനെയുള്ള ദുരവസ്ഥകളെ ഒഴിവാക്കാന്‍ സഹായകമാകുന്ന ഒരു വിവരമാണ് പുതിയൊരു പഠനം പങ്കുവയ്ക്കുന്നത്. 'ജമാ സൈക്യാട്രി' എന്ന ആരോഗ്യപ്രസിദ്ധീകരണത്തിലാണ് അയര്‍ലന്‍ഡിലെ 'ആര്‍സിഎസ്ഐ യൂണിവേഴ്സിറ്റി ഓഫ് മെഡിസിന്‍ ആന്റ് ഹെല്‍ത്ത് സയന്‍സസ്'ല്‍ നിന്നുള്ള ഗവേഷകര്‍ നടത്തിയ പഠനത്തിന്റെ വിശദാംശങ്ങള്‍ വന്ിട്ടുള്ളത്.

രക്തപരിശോധനയിലൂടെ ഒരാളില്‍ ഗുരുതരമായ മാനസിക രോഗങ്ങള്‍ക്കുള്ള സാധ്യത ഉണ്ടോ ഇല്ലയോ എന്ന് നിര്‍ണയിക്കാനാകുമെന്നാണ് ഈ പഠനം അവകാശപ്പെടുന്നത്. മാനസിക രോഗങ്ങള്‍ വന്നേക്കാമെന്ന് ഡോക്ടര്‍മാര്‍ നിരീക്ഷിച്ചിട്ടുള്ള ഒരു സംഘം ആളുകളില്‍ വര്‍ഷങ്ങളോളം നീണ്ട പഠനം നടത്തിയാണ് ഗവേഷകര്‍ തങ്ങളുടെ നിഗമനത്തിലേക്കെത്തിയിരിക്കുന്നത്. 

രക്തത്തില്‍ കാണപ്പെടുന്ന ചിലയിനം പ്രോട്ടീനുകളുടെ അളവുകള്‍ പരിശോധിച്ച് ഈ കണ്ടെത്തലുകള്‍ 'മെഷീന്‍ ലേണിംഗ്' സാങ്കേതികവിദ്യയുപയോഗിച്ച് ഉറപ്പിച്ച ശേഷമാണ് ഗവേഷകര്‍ വിവരങ്ങള്‍ ഉറപ്പിച്ചത്. ഇതിന് വേണ്ടി പഠനത്തിനായി തെരഞ്ഞെടുത്തവരില്‍ നിന്ന് നിരന്തരം രക്ത സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. 

'ഒരാള്‍ ഗുരുതരമായ മാനസികാവസ്ഥയിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ അയാളെ തിരിച്ചെടുക്കുകയാണ് ഉത്തമം. എന്നാല്‍ ഇന്ന് നമുക്കതിനുള്ള സാധ്യതകളില്ല. ആ സാധ്യതയാണ് ഞങ്ങളുടെ പഠനത്തിലൂടെ തുറന്നുവയ്ക്കുന്നത്. അതായത്, ചെറിയ ലക്ഷണങ്ങള്‍ കാണിക്കുന്നവരില്‍ തന്നെ കൂടുതല്‍ പരിശോധനകള്‍ നടത്തുമ്പോള്‍ അവരില്‍ രോഗം കനപ്പെടാനുള്ള സാധ്യതയുണ്ടോയെന്ന് പ്രവചിക്കാനാകുന്ന അവസരം...' - പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ ഡേവിഡ് കോട്ടര്‍ പറയുന്നു. 

ഇനിയും ഈ വിഷയത്തില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ നടത്താനാണ് പഠനസംഘത്തിന്റെ തീരുമാനം. തങ്ങളുടെ കണ്ടെത്തലുകള്‍ക്ക് ശക്തമായ അടിത്തറ പാകാനായാല്‍ അത് മനോരോഗ ചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റത്തിനാണ് ഇടയാക്കുകയെന്നും സംഘം പറയുന്നു.

Also Read:- സുശാന്തിന്റെ മാനസിക പ്രശ്‌നങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞ് ഡോക്ടര്‍മാര്‍; എതിര്‍പ്പുമായി കുടുംബം...

click me!