
ഹൃദയത്തിലേക്കുള്ള രക്തയോട്ടം ഗണ്യമായി കുറയുകയോ തടസ്സപ്പെടുകയോ ചെയ്യുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്. ജീവിതശൈലിയിൽ വന്ന മാറ്റങ്ങളാണ് പലപ്പോഴും ഹൃദയാരോഗ്യത്തെ മോശമായി ബാധിക്കുന്നത്.
ഹൃദയാഘാതം അഥവാ ഹാർട്ട് അറ്റാക്കിനെ തടയാൻ ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തേണ്ടത് പ്രധാനമാണ്. നെഞ്ച് വേദനയാണ് ഹൃദയാഘാതത്തിന്റെ പ്രധാനപ്പെട്ട ലക്ഷണമായി പലരും കാണുന്നത്. ഹൃദയാഘാതത്തിന്റെ മറ്റ് ലക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
ശ്വസന ബുദ്ധിമുട്ട്
ഉറക്കമില്ലായ്മ
ഓക്കാനം, വയറുവേദന
ഹൃദയമിടിപ്പ്
തലകറക്കം അല്ലെങ്കിൽ ബോധക്ഷയം എന്നിവയാണ് മറ്റ് ലക്ഷണങ്ങൾ.
ശ്വസിക്കാനുള്ള ബുദ്ധിമുട്ട് അനുഭവപ്പെടുന്നതും ഹൃദയാഘാതത്തെ സൂചിപ്പിക്കാം. നെഞ്ചുവേദനയോടെ തുടങ്ങി ശ്വാസം കിട്ടാതെ വരുന്നത് ഹാർട്ട് അറ്റാക്കിൻറെ ലക്ഷണമാണ്. ഹൃദയാഘാതം സംഭവിക്കുന്നതിന് മുമ്പ് നടക്കാനോ പടികൾ കയറാനോ പറ്റാതെയാകാം. കൂടാതെ കാലുകളും ശരീരവും തണുക്കുന്ന പോലെ തോന്നാം.
മിക്ക പുരുഷന്മാർക്കും ഹൃദയാഘാത ലക്ഷണങ്ങൾ വ്യത്യസ്ത രീതികളിലാണെന്ന് ഡോക്ടർമാർ പറയുന്നു. സ്ത്രീകൾക്ക് നെഞ്ചുവേദനയോ ദഹനക്കേട് പോലെ തോന്നുന്ന അസ്വസ്ഥതയോ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. ഹൃദയാഘാതത്തിന് മുമ്പ് ആരംഭിച്ച ശ്വാസതടസ്സം, ക്ഷീണം, ഉറക്കമില്ലായ്മ എന്നിവയും കൂടുതലായി കാണപ്പെടുന്നു.
ഹൃദയാഘാതത്തിനുള്ള അപകട ഘടകങ്ങൾ
ഒന്ന്
പ്രായം കൂടുന്തോറും ഹൃദയാഘാത സാധ്യത വർദ്ധിക്കുന്നു. പുരുഷന്മാരിൽ 45 വയസ്സിലും സ്ത്രീകൾക്ക് 50 വയസ്സിൽ അല്ലെങ്കിൽ ആർത്തവവിരാമത്തിനുശേഷവും ഹൃദയാഘാത സാധ്യത ഉണ്ടാകുന്നതായി കണ്ട് വരുന്നു.
രണ്ട്
മാതാപിതാക്കളിൽ ആർക്കെങ്കിലും ഹൃദ്രോഗമുണ്ടെങ്കിൽ -പ്രത്യേകിച്ച് ചെറുപ്പത്തിൽ അപകടസാധ്യത കൂടുതലാണ്.
മൂന്ന്
ഹൃദയത്തിന് നല്ലതല്ലാത്ത ജീവിതശൈലി തിരഞ്ഞെടുപ്പുകൾ ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കും. അതിൽ പുകവലി, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ കഴിക്കൽ, വ്യായാമമില്ലായ്മ, അമിതമായ മദ്യപാനം എന്നിവ ഉൾപ്പെടുന്നു.
നാല്
പ്രമേഹം, പൊണ്ണത്തടി, ഭക്ഷണക്രമക്കേടുകൾ തുടങ്ങിയ ചില ആരോഗ്യ അവസ്ഥകൾ ഹൃദയത്തിന് സമ്മർദ്ദം ചെലുത്തുകയും അപകടസാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.