കാര്‍ഡിയാക് അറസ്റ്റിന്റെ സൂചനകള്‍; അറിയേണ്ട ചിലത്...

By Web TeamFirst Published Jul 4, 2021, 10:57 PM IST
Highlights

ഡാനിഷ് ഫുട്ബോൾ താരമായ ക്രിസ്റ്റ്യൻ എറിക്സണിന്‍റെ കാര്യം തന്നെയെടുക്കാം. ഇരുപത്തിയൊമ്പത് വയസ് മാത്രം പ്രായം. 'ഫിറ്റ്' ആയ ശരീരം. എന്നിട്ടും എന്തുകൊണ്ടാണ് അദ്ദേഹത്തിന് കാര്‍ഡിയാക് അറസ്റ്റ് സംഭവിച്ചത് എന്ന ചോദ്യമുയരാം
 

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ബോളിവുഡ് നടി മന്ദിര ബേദിയുടെ ഭര്‍ത്താവും സംവിധായകനുമായ രാജ് കൗശല്‍ കാര്‍ഡിയാക് അറസ്റ്റിനെ തുടര്‍ന്ന് മരിച്ചത്. നാല്‍പത്തിയൊമ്പത് വയസായിരുന്നു രാജ് കൗശലിന്. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമെല്ലാം ഒരുപോലെ ആഘാതമുണ്ടാക്കിയ മരണം. 

അതിന് മുമ്പ് യൂറോ കപ്പ് ചാമ്പ്യന്‍ഷിപ്പിനിടെ ഇരുപത്തിയൊമ്പതുകാരനായ ഡാനിഷ് താരം ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ ഗ്രൗണ്ടില്‍ വച്ച് കുഴഞ്ഞുവീഴുന്ന കാഴ്ച നാം കണ്ടു. അദ്ദേഹത്തിനും കാര്‍ഡിയാക് അറസ്റ്റ് തന്നെയാണ് സംഭവിച്ചതെങ്കിലും സമയത്തിന് വൈദ്യസഹായം ലഭ്യമായതോടെ ജീവിതത്തിലേക്ക് തിരിച്ചുവരാനായി. 

ആര്‍ക്കും ഏത് പ്രായത്തിലുള്ളവര്‍ക്കും എവിടെ വച്ചും സംഭവിക്കാവുന്നതാണ് കാര്‍ഡിയാക് അറസ്റ്റ് എന്നാണ് ഈ രണ്ട് സംഭവങ്ങളും നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. പ്രായമോ ജോലിയോ അപ്പോള്‍ തുടരുന്ന ഇടമോ ഒന്നും ഇതിനെ ബാധിക്കുന്നില്ല. കാര്‍ഡിയാക് അറസ്റ്റുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് ഒരുപക്ഷേ സ്വന്തം ജീവന്‍ സുരക്ഷിതമാക്കാനും പ്രിയപ്പെട്ടവരെ രക്ഷപ്പെടുത്താനുമെല്ലാം ഉപകരിച്ചേക്കാം. അത്തരത്തിലുള്ള ചില വിവരങ്ങളാണ് ഇനി പങ്കുവയ്ക്കുന്നത്. 

സൂചനകള്‍ അറിയാം...

കാര്‍ഡിയാക് അറസ്റ്റ് എന്നത് ഹൃദയവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ ഏറ്റവും സാധാരണമായ ഒന്നാണ്. എന്നാല്‍ സംഗതി നിസാരവുമല്ല. സമയത്തിന് സഹായം ലഭിച്ചില്ലെങ്കില്‍ മരണം തന്നെയാണ് ഇതിന്റെ ഫലം. 

 

 

ഹൃദയമിടിപ്പ് പെട്ടെന്ന് നിലച്ചുപോകുന്ന അവസ്ഥയാണ് കാര്‍ഡിയാക് അറസ്റ്റില്‍ സംഭവിക്കുന്നത്. ആദ്യം ഹൃദയമിടിപ്പിന്റെ താളഗതി മാറുന്നു. പിന്നീട് ഇത് നിലയ്ക്കുകയാണ് ചെയ്യുന്നത്. 

കാര്‍ഡിയാക് അറസ്റ്റിന് മുമ്പായും ചില സൂചനകള്‍ രോഗി കാണിച്ചേക്കാം. അതെക്കുറിച്ച് കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റും കാര്‍ഡിയാക് ഇലക്ട്രോഫിസിയോളജിസ്റ്റുമായ ഡോ. അമേയ ഉദ്യവര്‍ പറയുന്നത് ശ്രദ്ധിക്കൂ. 

'കാര്‍ഡിയാക് അറസ്റ്റും ഹാര്‍ട്ട് അറ്റാക്കും രണ്ടാണ്. കാര്‍ഡിയാക് അറസ്റ്റില്‍ ഹൃദയമിടിപ്പ് വളരെ പതിയെയോ വളരെ വേഗത്തിലോ ആകാം. തുടര്‍ന്ന് ഹൃദയം രക്തം പമ്പ് ചെയ്യുന്നത് നിര്‍ത്തുന്നു. ഹാര്‍ട്ട് അറ്റാക്കിനെക്കാള്‍ വലിയ എമര്‍ജന്‍സി അഥവാ ഗുരുതരമാണ് കാര്‍ഡിയാക് അറസ്റ്റ്. ഹാര്‍ട്ട് അറ്റാക്കിലാകുമ്പോള്‍ രക്തയോട്ടം കുറയുന്ന സാഹചര്യമാണ് ഉണ്ടാകുന്നത്...'- ഡോ. അമേയ പറയുന്നു. 

തുടര്‍ച്ചയായി ബോധം കെട്ടുവീഴുന്ന സംഭവങ്ങള്‍, അതുപോലെ തുടര്‍ച്ചയായ നെഞ്ചുവേദന എന്നിവയാണ് കാര്‍ഡിയാക് അറസ്റ്റിന് മുന്നോടിയായി രോഗിയില്‍ കാണുന്ന രണ്ട് പ്രധാന സൂചനകളെന്നും ഡോ. അമേയ പറയുന്നു. 

'ഒരു രോഗി, അല്ലെങ്കിലൊരു വ്യക്തി പെട്ടെന്ന് ബോധം നിലച്ച് വീഴുന്നുവെങ്കില്‍ അത് ഹൃദയമിടിപ്പുമായി ബന്ധപ്പെട്ട പ്രശ്‌നമാകാനുള്ള സാധ്യത കൂടുതലാണ്. ഒന്നുകില്‍ ഹൃദയമിടിപ്പ് കൂടുകയോ അല്ലെങ്കില്‍ കുറയുകയോ ചെയ്യുകയാവാം. എപ്പോഴും നെഞ്ചുവേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഇസിജി എടത്തുനോക്കുക തന്നെ വേണം. അതില്‍ ബ്ലോക്ക് കണ്ടെത്തില്‍ ആന്‍ജിയോഗ്രാഫി ചെയ്യുകയും വേണം. ഇതോടെ കാര്‍ഡിയാക് അറസ്റ്റിനുള്ള സാധ്യത കുറയ്ക്കാം...'- ഡോക്ടര്‍ പറയുന്നു. 

എന്തുകൊണ്ട് ആരോഗ്യമുള്ള ചെറുപ്പക്കാര്‍ക്ക് കാര്‍ഡിയാക് അറസ്റ്റ്? 

കാര്‍ഡിയാക് അറസ്റ്റ് ആരിലും സംഭവിക്കാമെന്ന് ആദ്യമേ സൂചിപ്പിച്ചുവല്ലോ. നേരത്തേ പറഞ്ഞ ഡാനിഷ് ഫുട്‌ബോള്‍ താരത്തിന്റെ കാര്യം തന്നെയെടുക്കാം. ഇരുപത്തിയൊമ്പത് വയസ് മാത്രം പ്രായം. 'ഫിറ്റ്' ആയ ശരീരം. എന്നിട്ടും എന്തുകൊണ്ടാണ് അദ്ദേഹത്തിന് കാര്‍ഡിയാക് അറസ്റ്റ് സംഭവിച്ചത് എന്ന ചോദ്യമുയരാം. 

 


(ക്രിസ്റ്റ്യൻ എറിക്സൺ)

 

മിക്കവാറും ഇത്തരം കേസുകളില്‍ പാരമ്പര്യമാണ് ഘടകമാകുന്നതെന്ന് ഡോ. അമേയ സൂചിപ്പിക്കുന്നു. ജനിതകമായ ഘടകങ്ങള്‍ ഒരാളില്‍ കാര്‍ഡിയാക് അറസ്റ്റിനുള്ള സാധ്യത നിലനിര്‍ത്തുന്നുണ്ട് എങ്കില്‍ അത് എപ്പോള്‍ വേണമെങ്കിലും പ്രായോഗികമായി സംഭവിക്കാമെന്നും അദ്ദേഹം പറയുന്നു. 

'അത്‌ലറ്റുകളുടെ കാര്യമെടുത്താല്‍ കായികാധ്വാനത്തിന്റെ ഫലമായി അവരുടെ ഹൃദയം വിസ്തൃതമായി മാറിയിരിക്കും. അത്‌ലറ്റ്‌സ് ഹാര്‍ട്ട് എന്നൊരു വിശേഷണം തന്നെയുണ്ട്. ഇത്തരക്കാരില്‍ ഹൃദയമിടിപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതകള്‍ കൂടുതലാണ്. കാരണം അവര്‍ കായികമായി വര്‍ക്ക് ചെയ്യുമ്പോള്‍ ഹൃദയമിടിപ്പ് പെട്ടെന്ന് ഉയരാനെല്ലാമുള്ള സാധ്യതയുണ്ട്. അതുകൊണ്ടാണ് പ്രൊഫഷണല്‍ ആയ അത്‌ലെറ്റുകള്‍ക്ക് എപ്പോഴും ഇസിജി, എക്കോ ടെസ്റ്റ് എന്നിവയെല്ലാം നിര്‍ദേശിക്കപ്പെടുന്നത്. ഈ വിഭാഗക്കാരില്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ നേരത്തെ കണ്ടെത്താന്‍ സാധിക്കുന്നതും ഇങ്ങനെയാണ്...'-ഡോക്ടര്‍ പറയുന്നു. 

കാര്‍ഡിയാക് അറസ്റ്റിനെ എങ്ങനെ പ്രതിരോധിക്കാം?

കാര്‍ഡിയാക് അറസ്റ്റിനെ പരിപൂര്‍ണ്ണമായി പ്രതിരോധിക്കാന്‍ സാധിക്കുകയില്ല. എങ്കിലും ആരോഗ്യപൂര്‍ണ്ണമായ ജീവിതരീതിയിലൂടെ വലിയൊരു പരിധി വരെ തടയാനും കഴിയും. പോഷകങ്ങളടങ്ങിയ ഡയറ്റ് പിന്തുടരാം. എണ്ണമയം ഉള്ള ഭക്ഷണം, കാര്‍ബോഹൈഡ്രേറ്റ്- കൊളസ്‌ട്രോള്‍ എന്നിവ കൂടുതലുള്ള ഭക്ഷണം, കൃത്രിമമധുരം അടങ്ങിയ ഭക്ഷണപാനീയങ്ങള്‍ എന്നിവയെല്ലാം പരമാവധി ഒഴിവാക്കാം. വ്യായാമം പതിവാക്കാം. അമിതവണ്ണം വരാതിരിക്കാന്‍ ശ്രദ്ധിക്കാം. 

മദ്യപാനം പുകവലി തുടങ്ങിയ ദുശ്ശീലങ്ങളും ഹൃദയത്തെ പെട്ടെന്ന് ദോഷകരമായി ബാധിക്കാം. അതുപോലെ ഇടവിട്ട് ഹൃദയാരോഗ്യം പരിശോധനയിലൂടെ ഉറപ്പിക്കുന്നതും നല്ലൊരു ശീലമാണ്.

Also Read:- ബിപിയും ഹൃദയാരോഗ്യവും; ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍...

click me!