
നല്ല ഭക്ഷണങ്ങൾ കഴിച്ചാൽ മാത്രമേ ശരീരത്തിന് നല്ല ആരോഗ്യം ലഭിക്കുകയുള്ളൂ. എന്നാൽ ഭക്ഷണം കഴിക്കുന്നതുകൊണ്ട് മാത്രമല്ല, അതുണ്ടാക്കുന്ന രീതിയും ആരോഗ്യത്തെ സ്വാധീനിക്കുന്നുണ്ട്. രുചി കൂടാൻ വേണ്ടി ഭക്ഷണത്തിൽ എന്തെങ്കിലും ചേർത്ത് കഴിക്കുന്ന ശീലം ഒഴിവാക്കാം. ഈ അടുക്കള ശീലങ്ങൾ നിങ്ങളുടെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.
നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന്റെ പോഷകമൂല്യത്തെ പ്രധാനമായും സ്വാധീനിക്കുന്നത് ഉപയോഗിക്കുന്ന പാചക എണ്ണയാണ്. ഒമേഗ-3 ഫാറ്റി ആസിഡുകൾ കൂടുതലുള്ള അവോക്കാഡോ, ഒലിവ് ഓയിൽ എന്നിവ രോഗപ്രതിരോധ സംവിധാനത്തെ മികച്ച രീതിയിൽ പ്രവർത്തിക്കാനും വീക്കം കുറയ്ക്കാനും സഹായിക്കുന്നു. എന്നാൽ അമിതമായി ചൂടാക്കുന്നത് എണ്ണയുടെ പോഷകങ്ങളെ നശിപ്പിക്കുകയും അപകടകരമായ ഫ്രീ റാഡിക്കലുകളെ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. പാചകം ചെയ്യുമ്പോൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
മിതമായ താപനിലയിൽ ഭക്ഷണം പാകം ചെയ്യുന്നത് ഭക്ഷണത്തിന്റെ പോഷക ഗുണങ്ങളെ സംരക്ഷിക്കുന്നു. അമിതമായി ചൂടാക്കുന്നത് ഭക്ഷണത്തിന്റെ ഗുണങ്ങൾ നഷ്ടപ്പെടാൻ കാരണമാകും. അതേസമയം ചൂട് കുറയാനും പാടില്ല. ശരിയായ താപനിലയിൽ ഭക്ഷണം പാകം ചെയ്യാൻ ശ്രദ്ധിക്കേണ്ടതുണ്ട്.
ഫ്രഷായ ഉത്പന്നങ്ങൾ ഉപയോഗിക്കാം
പുതുതായി വിളവെടുത്ത പഴങ്ങളിലും പച്ചക്കറികളിലും ഉയർന്ന അളവിൽ ആന്റിഓക്‌സിഡന്റുകളും, വിറ്റാമിനുകളും, ഫൈറ്റോ ന്യൂട്രിയന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങളെ ഓക്‌സിഡേറ്റീവ് സ്‌ട്രെസിൽ നിന്ന് സംരക്ഷിക്കുകയും രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ പാചകത്തിന് ഫ്രഷായ ഉൽപന്നങ്ങൾ ഉപയോഗിക്കുന്നതാണ് ഉചിതം.
ഭക്ഷണം സൂക്ഷിക്കുന്ന രീതി
ശരിയായ രീതിയിൽ സൂക്ഷിക്കുന്നതിലൂടെ ഭക്ഷണത്തിന്റെ പോഷകമൂല്യം സംരക്ഷിക്കുകയും ദോഷകരമായ സൂക്ഷ്മാണുക്കളുടെ വളർച്ചയെ തടയാനും സാധിക്കുന്നു. വെളിച്ചം, വായു, ഈർപ്പം തുടങ്ങിയവ അമിതമായി ഉണ്ടാകുമ്പോൾ ഭക്ഷണം പെട്ടെന്ന് കേടുവരാൻ കാരണമാകുന്നു. പോഷകഗുണങ്ങൾ നിലനിർത്താൻ ഇലക്കറികളും ഔഷധസസ്യങ്ങളും ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. അതേസമയം ചില പഴങ്ങളും പച്ചക്കറികളും റൂം ടെമ്പറേച്ചറിൽ സൂക്ഷിക്കുന്നതാണ് നല്ലത്.
പാചകത്തിന് ഉപയോഗിക്കുന്ന പാത്രങ്ങൾ
ഒട്ടുമിക്ക വീടുകളിലും നോൺ-സ്റ്റിക്ക് പാത്രങ്ങളാണ് പാചകത്തിന് ഉപയോഗിക്കുന്നതാണ്. എന്നാൽ നോൺ സ്റ്റിക് പാനിന്റെ കോട്ടിംഗിന് കേടുപാടുകൾ സംഭവിച്ചാൽ വിഷാംശങ്ങൾ ഭക്ഷണത്തിൽ കലരാൻ സാധ്യത കൂടുതലാണ്. ഇത് ആരോഗ്യത്തിന് ഹാനികരമാണ്. അതിനാൽ തന്നെ നോൺ സ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുമ്പോൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. സ്റ്റെയിൻലെസ് സ്റ്റീൽ, കാസ്റ്റ് അയൺ, സെറാമിക് തുടങ്ങിയ മെറ്റീരിയലുകളിലുള്ള പാത്രങ്ങൾ പാചകത്തിന് ഉപയോഗിക്കാവുന്നതാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam