'ചില്ലുപാത്രം നുറുങ്ങിയ പോലെ ഓർമ്മകൾ', വീണ്ടുമൊരു അൾഷിമേഴ്സ് ദിനം, കേരള ജനതയും ഓർക്കേണ്ട ചിലതുണ്ട്

By Web TeamFirst Published Sep 21, 2021, 12:19 AM IST
Highlights
  • ആയുർദൈർഘ്യത്തിൽ മുന്നിലായ കേരളം, മറവിരോഗകണക്കിലും മുൻപന്തിയിലാണ്
  • കേരളത്തിൽ  65 വയസ്സിന് മുകളിലുള്ള 100 പേരിൽ 5 പേർക്കെങ്കിലും മറവിരോഗമുണ്ടെന്ന് അനൗദ്യോഗിക പഠനങ്ങൾ
  • 85 നു മുകളില്‍ പ്രായമുള്ളവരില്‍ പകുതിപ്പേര്‍ക്കും രോഗസാധ്യതയുണ്ട്

തിരുവനന്തപുരം: ചില്ലുപാത്രം നൂറായി നുറുങ്ങിയ പോലെയാകും ഓർമ്മകൾ. പ്രിയപ്പെട്ട ഓർമ്മകളത്രയും ഓർത്തെടുക്കാൻ കിണഞ്ഞുപരിശ്രമിച്ചാലും നിസ്സഹായരായി പോകുന്ന മനുഷ്യർ. അതിനേക്കൾ നിസ്സഹായരായി ചുറ്റുമുള്ളവർ. ഒരു ദിനത്തിൽ പറഞ്ഞൊതുക്കാനാവുന്നതല്ല മറവിരോഗം. ലോകം വീണ്ടുമൊരു അൾഷിമേഴ്സ് ദിനം ഓർത്തെടുക്കുമ്പോൾ ചിന്തിക്കേണ്ട ഒരുപാട് കാര്യങ്ങള്‍ നമുക്ക് മുന്നിലുണ്ട്. കേരളത്തിൽ പ്രായം ചെന്നവരിൽ മറവിരോഗം കൂടിവരുന്നതായാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഇവർക്ക് വേണ്ട കരുതലും പരിചരണവുമാണ് ഈ ലോക അൾഷിമേഴ്സ് ദിനവും ഓർമ്മിപ്പിക്കുന്നത്.

ആയുർദൈർഘ്യത്തിൽ മുന്നിലായ കേരളം, മറവിരോഗകണക്കിലും മുൻപന്തിയിലാണ്. ജീവിതശൈലിയും ജീനുകളും  അടക്കമുള്ള വിവിധ ഘടകകങ്ങൾ മറവിരോഗത്തിന് കാരണമാകാം. കേരളത്തിൽ  65 വയസ്സിന് മുകളിലുള്ള നൂറ് പേരെയെടുത്താൽ അഞ്ച് പേർക്കെങ്കിലും മറവിരോഗമുണ്ടെന്നാണ് അനൗദ്യോഗിക പഠനങ്ങൾ പറയുന്നത്. 85 നു മുകളില്‍ പ്രായമുള്ളവരില്‍ പകുതിപ്പേര്‍ക്കും രോഗസാധ്യതയുണ്ട്. ഏറ്റവും ഒടുവിൽ മറവിരോഗം സംബന്ധിച്ച് എപിഡെമോളജി പഠനം സംസ്ഥാനത്ത് നടന്നത് 2006ലാണ്. രോഗികളെ കൃത്യമായി കണ്ടെത്തേണ്ടതും പരിചരണം ഉറപ്പാക്കേണ്ടതും രോഗികൾക്ക് മാത്രമല്ല, രോഗികളെ പരിചരിക്കുന്നവർക്കും നിർണായകമാണ്.

മറവിരോഗികളെ ശുശ്രൂഷിക്കാൻ സംസ്ഥാന സർക്കാരിന്‍റെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും പ്രത്യേക കേന്ദ്രം ഒരുക്കണമെന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്. മെഡിക്കൽ കോളെജുകളോട് അനുബന്ധിച്ച് മെമ്മറി ക്ലിനിക്കുകൾ തുടങ്ങണം. മറവിരോഗത്തെ കുറിച്ച് കൂടുതൽ പഠിക്കാനായി വിദേശരാജ്യങ്ങളിലെ പോലെ ബ്രെയ്ൻ ബാങ്കിംഗ് പോലെയുള്ളവയ്ക്ക് കേരളം തയ്യാറാകണമെന്നും വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. എല്ലാറ്റിനും ഉപരിയായി, മറവിരോഗികൾക്കും പരിചാരകർക്കും വേണ്ടത്, ഒരു സമൂഹമാകെ ഒന്നിച്ചുനിന്നുള്ള കരുതലാണെന്നതാണ് വിദഗ്ദരെല്ലാം ചൂണ്ടികാട്ടുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona‍‍‍

click me!