
ഫിറ്റ്നസിൽ മാത്രമല്ല ഭക്ഷണകാര്യത്തിലും ഏറെ ശ്രദ്ധ കൊടുക്കുന്ന നടിയാണ് 47കാരിയായ മലൈക അറോറ. ഡയറ്റിനെ കുറിച്ചും ഫിറ്റ്നസ് സീക്രട്ടിനെ കുറിച്ചുമെല്ലാം മലൈക ഇടയ്ക്കിടെ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മലൈക ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റാണ് വെെറലായിരിക്കുന്നത്.
പ്രാതലില്‍ ദിവസവും പുഴുങ്ങിയ മുട്ട ഉൾപ്പെടുത്താറുണ്ടെന്നും ധാരാളം പോഷകഗുണങ്ങൾ മുട്ടയിൽ അടങ്ങിയിട്ടുണ്ടെന്നും മലൈക പറയുന്നു. ഭാരം കുറയ്ക്കാൻ മുട്ടയിലെ പ്രോട്ടീൻ സഹായിക്കുമെന്നും അവർ പറയുന്നു. പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ മുട്ടയിൽ അടങ്ങിയിട്ടുണ്ട്. ഇത് ദിവസം മുഴുവൻ ആവശ്യമായ ഊർജ്ജം നൽകുകയും ചെയ്യുന്നു.
മുട്ടയുടെ മഞ്ഞക്കരു വിറ്റാമിനുകളിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് മുടിയ്ക്ക് കേടുപാടുകൾ വരുത്തുന്നതിനെ കൂടുതൽ പ്രതിരോധിക്കും. വിറ്റാമിൻ എ, ബയോട്ടിൻ, ഫോളേറ്റ് എന്നിവ മുടിയുടെ വളർച്ചയ്ക്ക് വേണ്ട പ്രധാനപ്പെട്ട പോഷകങ്ങളാണ്. ഇവ മുട്ടയിൽ അടങ്ങിയിട്ടുണ്ട്.
മാത്രമല്ല, മഞ്ഞൾ, ഇഞ്ചി, ആപ്പിൾ സിഡെർ വിനെഗർ എന്നിവ ചേർത്ത പാനീയം ദിവസവും കുടിക്കാറുണ്ടെന്നും ഇത് ശരീരത്തിലെ വിഷവസ്തുക്കളെ നീക്കം ചെയ്യാൻ സഹായകമാണെന്നും മലൈക കുറിച്ചു.
ശരീരത്തിന്റെ വഴക്കത്തിനായി യോഗ ചെയ്യുന്നത് ഒരു മികച്ച ആശയമാണ്. ശരീരത്തെ സജീവമായി നിലനിർത്തുക എന്നതാണ് യോഗയുടെ തത്വം, ഇത് നിങ്ങളുടെ ശരീരത്തിലെ മൊത്തത്തിലുള്ള വഴക്കം സാവധാനം വർദ്ധിപ്പിക്കുന്നു. സ്ഥിരമായി ത്രികോണാസന ചെയ്യാറുണ്ടെന്നും ഇത് ശരീരത്തിന് വഴക്കം കിട്ടാൻ ഫലപ്രദമാണെന്നും മലൈക പറഞ്ഞു.