
പ്രമേഹം നമുക്കറിയാം ഒരു ജീവിതശൈലീരോഗമാണ്. എന്നാല്‍ മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രമേഹം എത്രമാത്രം അപകടകരമാണെന്ന് ഇന്ന് മിക്കവരും മനസിലാക്കുന്നുണ്ട്. കാരണം ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്ക് അടക്കം പലതിനും പ്രമേഹം കാരണമാകുന്നുവെന്നതിനാലാണിത്.
പ്രമേഹമാണെങ്കില്‍ ജീവിതരീതികളിലൂടെ തന്നെയേ നിയന്ത്രിക്കാനും സാധിക്കൂ. പ്രത്യേകിച്ച് ഭക്ഷണരീതിയിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടത്. പ്രമേഹമുള്ള പലരും ഇത്തരത്തില്‍ നേരിടുന്നൊരു പ്രശ്നമാണ് ഭക്ഷണശേഷം പെട്ടെന്ന് രക്തത്തിലെ ഷുഗര്‍നില ഉയരുന്നത്.
ഇത് ആരോഗ്യത്തിന് തീര്‍ച്ചയായും വെല്ലുവിളി തന്നെയാണ്. ഇതൊഴിവാക്കാൻ പ്രമേഹമുള്ളവര്‍ ആദ്യം ശ്രദ്ധിക്കേണ്ടത് അമിതമായി ഭക്ഷണം കഴിക്കാതിരിക്കാനും ഷുഗര്‍ കൂട്ടുംവിധത്തിലുള്ള ഭക്ഷണം കഴിക്കാതിരിക്കാനുമാണ്. കൂട്ടത്തില്‍ ഭക്ഷണശേഷം ഷുഗര്‍ ഉയരാതിരിക്കാൻ ചെയ്യാവുന്ന മൂന്ന് കാര്യങ്ങള്‍ കൂടി മനസിലാക്കാം.
ഒന്ന്...
ഭക്ഷണം കഴിച്ച ശേഷം നേരെ വിശ്രമിക്കാൻ പോകരുത്. ഉറങ്ങുകയോ ചാരി കിടക്കുകയോ ചെയ്യുന്നതിന് പകരം നടക്കുകയോ പടികള്‍ പതിയെ കയറിയിറങ്ങുകയോ ചെയ്യാം. 15- 20 മിനുറ്റ് നേരമെങ്കിലും ഇത് തുടരുക. ഇത് ഭക്ഷണത്തില്‍ നിന്ന് പെട്ടെന്ന് ഒരുപാട് കാര്‍ബോഹൈഡ്രേറ്റ് ആകിരണം ചെയ്യുന്നത് ഒഴിവാക്കുകയും ഷുഗര്‍നില ഉയരുന്നത് തടയുകയും ചെയ്യും.
രണ്ട്...
ഭക്ഷണശേഷം ചില ഹെല്‍ത്തി ഡ്രിംഗ്സ് കഴിക്കുന്നതും പെട്ടെന്ന് ഷുഗര്‍നില ഉയരുന്നത് തടയാൻ സഹായിക്കും. ഇത്തരത്തില്‍ കഴിക്കാവുന്ന രണ്ട് പാനീയങ്ങളാണ് ഉലുവ വെള്ളവും കറുവപ്പട്ടയിട്ട വെള്ളവും. ഇവ ദഹനം സുഗമമാക്കുകയും പെട്ടെന്ന് ഗ്ലൂക്കോസ് രക്തത്തിലേക്ക് കലരുന്നത് തടയുകയും ചെയ്യുന്നു. ഇതാണ് ഷുഗര്‍ നിയന്ത്രിക്കുന്നതിന് സഹായകമാകുന്നത്.
മൂന്ന്...
ഭക്ഷണത്തിനൊപ്പം അല്‍പം തൈര് കഴിക്കുന്നതും ഭക്ഷണശേഷം പെട്ടെന്ന് ഷുഗര്‍നില ഉയരുന്നത് തടയാൻ സഹായിക്കും. തൈരിലുള്ള പ്രോട്ടീനും ഫാറ്റും കാര്‍ബോഹൈഡ്രേറ്റ് സ്വീകരിക്കുന്നത് പതിയെ ആക്കുന്നു. ഇതോടെ രക്തത്തിലെ ഷുഗര്‍നില പെട്ടെന്ന് ഉയരുന്ന സാധ്യത ഇല്ലാതാകുന്നു.
Also Read:- ആയുര്‍വേദ കഫ് സിറപ്പ് കഴിച്ച് ആറ് മരണം!; സംഭവിച്ചത് ഇതാണ്...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam