ഇതിന് മുമ്പ് ഇന്ത്യയില്‍ നിര്‍മ്മിച്ച കഫ് സിറപ്പ് കഴിച്ച് വിവിധ രാജ്യങ്ങളില്‍ 141 കുട്ടികള്‍ മരിച്ച സംഭവം ആഗോളതലത്തില്‍ തന്നെ വലിയ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും കഫ് സിറപ്പ് മരണം

വ്യാജ ഡോകടര്‍മാരും വ്യാജമരുന്നുകളും പലപ്പോഴും വൻ ദുരന്തങ്ങള്‍ വിതയ്ക്കുന്നത് നമുക്ക് നിസഹായതയോടെ നോക്കിനില്‍ക്കേണ്ടി വന്നിട്ടുണ്ട്. പലപ്പോഴും നിയമത്തിന്‍റെ കണ്ണ് വെട്ടിച്ച് ഇവര്‍ സ്വച്ഛമായി പ്രവര്‍ത്തിക്കുന്ന വിവരം തന്നെ പുറത്തുവരാറ് ഇങ്ങനെയുള്ള ദുരന്തങ്ങള്‍ സംഭവിക്കുമ്പോഴാണ്.

ഇപ്പോഴിതാ സമാനമായൊരു സംഭവമാണ് ഗുജറാത്തില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ആയുര്‍വേദ കഫ് സിറപ്പ് കഴിച്ച് ഇവിടെ ഖേഡ ജില്ലയില്‍ ആറ് പേര്‍ക്ക് ജീവൻ നഷ്ടപ്പെട്ടിരിക്കുകയാണ്. ആശുപത്രിയില്‍ ഒരാള്‍ ചികിത്സയില്‍ തുടരുന്നുണ്ട്. മറ്റ് ചിലര്‍ക്ക് കൂടി കഫ് സിറപ്പില്‍ നിന്ന് വിഷാധയേറ്റിട്ടുണ്ട് എന്ന സംശയവും പൊലീസ് അന്വേഷിച്ച് വരികയാണ്. സംഭവത്തില്‍ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

മരുന്നുകള്‍ ഏതായാലും അതിന്‍റെ കാലാവധി തീരുകയോ മറ്റേതെങ്കിലും ഘടകങ്ങള്‍ അതില്‍ ഉള്‍ച്ചേരുകയോ ചെയ്താല്‍ രോഗമുക്തിക്ക് പകരം രോഗിയുടെ ജീവൻ തന്നെ നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങളെത്താം. ഇത്തരത്തില്‍ ഈ സംഭവത്തില്‍ കഫ് സിറപ്പില്‍ 'മീഥൈല്‍ ആല്‍ക്കഹോള്‍' കലര്‍ന്നിട്ടുണ്ടായിരുന്നുവെന്നാണ് പൊലീസ് അറിയിക്കുന്നത്.

'മീഥൈല്‍ ആല്‍ക്കഹോള്‍' സാധാരണനിലയില്‍ വ്യാവസായികമേഖലയില്‍ പല രീതിയില്‍ ഉപയോഗിക്കാറുണ്ട്. പ്ലാസ്റ്റിക്, പോളിസ്റ്റര്‍, മറ്റ് കെമിക്കലുകളെല്ലാം വച്ച് തയ്യാറാക്കുന്ന ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തിലാണ് 'മീഥൈല്‍ ആല്‍ക്കഹോള്‍' ഇതുപയോഗിക്കാറ്. ഇതൊരിക്കലും കുടിക്കാവുന്നതല്ല. എന്നാല്‍ ചിലയിനം മദ്യങ്ങളില്‍ ചെറിയ അളവില്‍ 'മീഥൈല്‍ ആല്‍ക്കഹോള്‍' അടങ്ങാറുണ്ട്. വളരെ ചെറിയ അളവില്‍. മദ്യത്തിലായാലും ഇതിന്‍റെ അളവ് കൂടിയാല്‍ 'പണി' ഉറപ്പാണ്. 

എങ്ങനെയാണ് പക്ഷേ ഈ കഫ് സിറപ്പില്‍ 'മീഥൈല്‍ ആല്‍ക്കഹോള്‍' കലര്‍ന്നതെന്ന് വ്യക്തമല്ല. വലിയ അളവില്‍ കലര്‍ന്നിരുന്നതിനാല്‍ ആണ് ചെറിയ സമയത്തിനുള്ളില്‍ തന്നെ ഇത് കഴിച്ച ആറ് പേരും മരണത്തിന് കീഴടങ്ങിയത്. 

ചെറിയ അളവില്‍ 'മീഥൈല്‍ ആല്‍ക്കഹോള്‍' ശരീരത്തിലെത്തുമ്പോള്‍ തന്നെ അത് ക്രമേണ കണ്ണിന്‍റെ കാഴ്ച നശിപ്പിക്കുകയും മറ്റ് പല അവയവങ്ങളുടെയും പ്രവര്‍ത്തനം തകരാറിലാക്കുകയും ചെയ്യാറുണ്ട്. സാമാന്യം വലിയ അളവിലാണെങ്കില്‍ വൈകാതെ മരണം എന്ന് നിശ്ചയമായും പറയാം. 

'കല്‍മേഘാസവ് ആസവ അരിഷ്ടം' എന്ന പേരിലാണ് കഫ് സിറപ്പ് വിറ്റിരുന്നത്. ഒരു കടയില്‍ മാത്രമായിരുന്നുവത്രേ ഇതിന്‍റെ വില്‍പന. ഏതാണ്ട് അമ്പതോളം പേര്‍ ഇത് വാങ്ങിക്കൊണ്ടുപോയതായാണ് സൂചന. ബാക്കി വന്ന രണ്ടായിരത്തിലധികം കുപ്പി കഫ് സിറപ്പുകള്‍ പൊലീസ് കണ്ടുകെട്ടിയിട്ടുണ്ട്. 

ഇതിന് മുമ്പ് ഇന്ത്യയില്‍ നിര്‍മ്മിച്ച കഫ് സിറപ്പ് കഴിച്ച് വിവിധ രാജ്യങ്ങളില്‍ 141 കുട്ടികള്‍ മരിച്ച സംഭവം ആഗോളതലത്തില്‍ തന്നെ വലിയ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും കഫ് സിറപ്പ് മരണം. മരുന്ന് നിര്‍മ്മാണ മേഖലയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പരാതികളും വിമര്‍ശനങ്ങളും ആശങ്കകളുമാണ് ഇതോടെ ഒന്നുകൂടി കനക്കുന്നത്. 

Also Read:- ശ്വാസകോശത്തെ ബാധിക്കുന്ന 'വൈറ്റ് ലങ് സിൻഡ്രോം' വ്യാപകമാകുന്നു...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo