'ഹാര്‍ട്ട് അറ്റാക്ക്' അല്ല അത്!; നെഞ്ചിടിപ്പ് കൂടി മരിച്ചുപോകുമെന്ന് തോന്നുന്ന അവസ്ഥ...

Published : Apr 07, 2023, 02:23 PM IST
'ഹാര്‍ട്ട് അറ്റാക്ക്' അല്ല അത്!; നെഞ്ചിടിപ്പ് കൂടി മരിച്ചുപോകുമെന്ന് തോന്നുന്ന അവസ്ഥ...

Synopsis

അതിശക്തമായി ഭയം വരിക, നെഞ്ചിടിപ്പ് കൂടുക, ശ്വാസതടസം നേരിടുക, വിയര്‍പ്പ്, വിറയല്‍, നെഞ്ചില്‍ വേദന- അസ്വസ്ഥത, ഓക്കാനം, വയറിനകത്ത് അസ്വസ്ഥത- വേദന, സമനില തെറ്റുമോ എന്ന പേടി എന്നിങ്ങനെയുള്ള പ്രശ്നങ്ങളാണ് 'ആംഗ്സൈറ്റി അറ്റാക്കി'ല്‍ പ്രധാനമായും കാണപ്പെടുക.

ഹാര്‍ട്ട് അറ്റാക്ക് അഥവാ ഹൃദയാഘാതത്തെ കുറിച്ച് പ്രാഥമികമായ അറിവ് മുതിര്‍ന്നവര്‍ക്കെല്ലാം ഉണ്ടായിരിക്കും. നെഞ്ചില്‍ അസ്വസ്ഥത, വേദന, ശ്വാസതടസം പോലുള്ള പ്രശ്നങ്ങളെല്ലാം ഹൃദയാഘാതമുണ്ടാകുമ്പോള്‍ വരാമെന്ന് ഇക്കൂട്ടത്തില്‍ ഏവരും മനസിലാക്കിയിട്ടുണ്ടാകും. എന്നാല്‍ ഈ അറിവുകളെല്ലാം നിങ്ങള്‍ നിങ്ങള്‍ക്ക് എതിരായി തന്നെ ഉപയോഗിക്കുന്ന അവസരം വരാം. എങ്ങനെയെന്നല്ലോ? 

ഹൃദയാഘാതമാണെന്ന് നാം തെറ്റിദ്ധരിച്ചേക്കാവുന്ന, മരിച്ച് പോകുമെന്ന് വരെ നമ്മെക്കൊണ്ട് ചിന്തിപ്പിക്കുന്ന ഒരവസ്ഥ. മറ്റൊന്നുമല്ല, മാനസികാരോഗ്യപ്രശ്നങ്ങളുടെ ഭാഗമായി സംഭവിക്കുന്ന 'ആംഗ്സൈറ്റി അറ്റാക്ക്' എന്നതിനെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്. 

അതിശക്തമായി ഭയം വരിക, നെഞ്ചിടിപ്പ് കൂടുക, ശ്വാസതടസം നേരിടുക, വിയര്‍പ്പ്, വിറയല്‍, നെഞ്ചില്‍ വേദന- അസ്വസ്ഥത, ഓക്കാനം, വയറിനകത്ത് അസ്വസ്ഥത- വേദന, സമനില തെറ്റുമോ എന്ന പേടി എന്നിങ്ങനെയുള്ള പ്രശ്നങ്ങളാണ് 'ആംഗ്സൈറ്റി അറ്റാക്കി'ല്‍ പ്രധാനമായും കാണപ്പെടുക. വ്യക്തിക്ക് ശരിക്കും മരിക്കുന്നത് പോലെ തോന്നിയേക്കാവുന്ന അത്രയും പ്രയാസകരമായ അവസ്ഥ തന്നെയാണിത്.

ഇങ്ങനെ സംഭവിക്കുമ്പോള്‍ പെട്ടെന്ന് 'നോര്‍മല്‍' ആകാൻ ചില കാര്യങ്ങള്‍ ചെയ്തുനോക്കാവുന്നതാണ്. ബോധപൂര്‍വം ഇതിലേക്ക് കടക്കുകയാണ് ചെയ്യേണ്ടത്. 'ആംഗ്സൈറ്റി അറ്റാക്ക്' ഉണ്ടാകുന്നവരില്‍ മിക്കവരിലും അത് പതിവായിരിക്കും, അല്ലെങ്കില്‍ ഇത് ഒരു പരിധി കടക്കുമ്പോഴെങ്കിലും തിരിച്ചറിയാം. അങ്ങനെ വരുമ്പോള്‍ ചെയ്തുനോക്കാവുന്ന കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്. 

ആദ്യം തന്നെ തനിക്ക് 'ആംഗ്സൈറ്റി' പ്രശ്നമുള്ളതാണെന്ന ചിന്തയിലേക്കാണ് ബോധപൂര്‍വം എത്താൻ ശ്രമിക്കേണ്ടത്. എന്തുകൊണ്ട് ഇപ്പോള്‍ ഇങ്ങനെ സംഭവിച്ചു എന്ന് കാരണത്തെ അന്വേഷിക്കാനും അതിനെ വിലയിരുത്താനും ശ്രമിക്കാം. ഇത് പെട്ടെന്ന് നമ്മെ വീണ്ടെടുക്കാൻ സഹായിക്കും. 

'ആംഗ്സൈറ്റി അറ്റാക്ക്' വരുമ്പോള്‍ ആഴത്തില്‍ ശ്വാസമെടുക്കാനും പുറത്തുവിടാനുമെല്ലാം ശ്രമിക്കണം. ഇതിലേക്ക് ശ്രദ്ധ പോകുന്നത് ഏറെ ആശ്വാസം നല്‍കും. അതുപോലെ ഈ നിമിഷത്തില്‍ എന്തെല്ലാമാണ് മുന്നില്‍ കാണുന്നത്- കേള്‍ക്കുന്നത് എന്ന് തുടങ്ങി ഇന്ദ്രിയങ്ങളെ എല്ലാം വര്‍ത്തമാന നിമിഷത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമം നടത്താം. അതുപോലെ തന്നെ ശ്രദ്ധ ആവശ്യമായി വരുന്ന എന്തെങ്കിലും കാര്യങ്ങളിലേക്ക് മുഴുകാനും ശ്രമിക്കാം. 'മൈൻഡ്ഫുള്‍നെസ്' അഥവാ ചെയ്യുന്ന എന്തിലും മനസ് പരമാവധി അര്‍പ്പിക്കാനുള്ള ശ്രമവും നടത്താം. ഇതെല്ലാം ഉത്കണ്ഠയുടെ നെഞ്ചിടിപ്പ് കൂടിയ അവസ്ഥയില്‍ നിന്ന് തിരിച്ചിറങ്ങാൻ നമ്മെ സഹായിക്കും. 

സ്വയം സംസാരിക്കുക. അതും ശ്രദ്ധയോടെയും ശാന്തതയോടെയും. ഇതും നല്ല മാറ്റം നല്‍കും. നടത്തം, ഓട്ടം, വ്യായാമം, യാത്ര എന്നിങ്ങനെയുള്ള കാര്യങ്ങളും ചെയ്യാം. ആരെങ്കിലും കൂടെയുണ്ടെങ്കില്‍ അവരുടെ സഹായം തേടുന്നതിനും മടിക്കരുത്. അവരോട് കഴിയുംപോലെ അവസ്ഥയെ കുറിച്ച് വിശദീകരിക്കാം. ശേഷം അവരെ ആശ്രയിക്കാം. 

അതേസമയം 'ആംഗ്സൈറ്റി അറ്റാക്ക്' നേരത്തെ വന്നിട്ടില്ലാത്തവരാണെങ്കില്‍ ഇങ്ങനെയുള്ള ലക്ഷണങ്ങളെല്ലാം കാണുന്നപക്ഷം പെട്ടെന്ന് തന്നെ വൈദ്യസഹായം തേടണം. മാനസികാരോഗ്യപ്രശ്നങ്ങളുള്ളവരായാലും ആരോഗ്യകാര്യത്തില്‍ വ്യത്യാസങ്ങള്‍ വരുമ്പോള്‍ സൂക്ഷ്മമായ ശ്രദ്ധ വേണം. എല്ലാ ലക്ഷണങ്ങളും പരിശോധിച്ച് നോക്കി ഹൃദയാഘാത സാധ്യത ഇല്ലെന്ന് ഉറപ്പ് വരുത്തേണ്ടത് നിര്‍ബന്ധം. ഇതിന് സ്വയം പ്രാപ്‍തി നേടണം. അതുപോലെ മറ്റുള്ളവരിലാണ് പ്രശ്നമുണ്ടാകുന്നതെങ്കില്‍ അത് കൈകാര്യം ചെയ്യാനും പരിശീലിച്ചിരിക്കണം.

Also Read:- നടത്തമാണോ ഓട്ടമാണോ മികച്ച വ്യായാമരീതി? അറിയേണ്ടത്...

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സെർവിക്കൽ ക്യാൻസർ സാധ്യത കുറയ്ക്കാൻ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ
സ്ത്രീകളിലെ ക്യാൻസർ ; ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ