Health Tips: തണുപ്പുകാലത്ത് തുമ്മലും ജലദോഷവും വിഷമിപ്പിക്കുന്നുണ്ടോ? പരീക്ഷിക്കാം ഈ നാട്ടുവഴികൾ...

Published : Jul 11, 2023, 07:28 AM IST
 Health Tips: തണുപ്പുകാലത്ത് തുമ്മലും ജലദോഷവും വിഷമിപ്പിക്കുന്നുണ്ടോ? പരീക്ഷിക്കാം ഈ നാട്ടുവഴികൾ...

Synopsis

രാവിലെയുള്ള തണുപ്പ് മൂലം തുമ്മി തുമ്മിയാണ് പലരും എഴുന്നേല്‍ക്കുന്നത് തന്നെ. ഇത്തരത്തിലുള്ള തുമ്മലും ജലദോഷവും ശമിക്കാന്‍ പരമ്പരാഗതമായി ഉപയോഗിക്കുന്ന ചില മാര്‍ഗങ്ങളുണ്ട്. 

ഇപ്പോഴത്തെ കാലവസ്ഥയില്‍ രാവിലെയുള്ള തണുപ്പ് മൂലം തുമ്മലും ജലദോഷവും അനുഭവിക്കുന്നവരാണ് നമ്മളില്‍ പലരും. രാവിലെയുള്ള തണുപ്പ് മൂലം തുമ്മി തുമ്മിയാണ് പലരും എഴുന്നേല്‍ക്കുന്നത് തന്നെ. ഇത്തരത്തിലുള്ള തുമ്മലും ജലദോഷവും ശമിക്കാന്‍ പരമ്പരാഗതമായി ഉപയോഗിക്കുന്ന ചില മാര്‍ഗങ്ങളുണ്ട്. അത്തരം ചില വഴികള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്... 

ജലദോഷം മാറാന്‍ ആവി പിടിക്കുന്നത് മൂക്കിന് ആശ്വാസം പകരാൻ സഹായിക്കും. തിളച്ച് ആവി പൊങ്ങുന്ന വെള്ളത്തിനടുത്തേക്ക് തല അടുപ്പിച്ച് മൂക്കിലൂടെ സാവധാനം ശ്വസിക്കുക. ജലദോഷത്തിൽ നിന്ന് രക്ഷ നേടാന്‍ ഇത് സഹായിച്ചേക്കാം.  

രണ്ട്...

ഇഞ്ചിയും തുളസിയും ചേര്‍ത്ത വെള്ളം കുടിക്കുന്നത് തുമ്മലും ജലദോഷവും അകറ്റാനും രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. ജിഞ്ചറോൾസ്, ഷോഗോൾസ് എന്നറിയപ്പെടുന്ന സംയുക്തങ്ങൾ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. ഇവയാണ് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നത്. 

മൂന്ന്...

തേനിൽ പലതരം ആന്‍റി ബാക്ടീരിയൽ, ആന്‍റി മൈക്രോബയൽ ഗുണങ്ങളുണ്ട്. ചായയിൽ നാരങ്ങാനീരും തേനും ചേർത്ത് കുടിക്കുന്നത് ജലദോഷവും തൊണ്ടവേദനയും കുറയ്ക്കാൻ സഹായിക്കും. ചുമയ്ക്കുള്ള ഏറ്റവും ഫലപ്രദമായ പരിഹാര മാർഗവുമാണ് തേൻ. 

നാല്...

ചുവന്നുള്ളി ചതച്ചെടുത്ത നീര്, തുളസിയില നീര്, ചെറുതേൻ എന്നിവ സമാസമം എടുത്ത് മൂന്ന് നേരം സേവിക്കുക.

അഞ്ച്...

തുളസിയിലയും കുരുമുളകും ചേർത്ത് കാപ്പി തയാറാക്കി ചെറു ചൂടോടെ കുടിക്കുന്നത് ഫലം ചെയ്യും.

ആറ്...

വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അലിസിൻ എന്ന സംയുക്തം മികച്ച ഒരു ആന്റി മൈക്രോബിയൽ ഘടകമാണ്. ജലദോഷമുള്ളപ്പോൾ നിങ്ങളുടെ ഭക്ഷണത്തിൽ ഒരു വെളുത്തുള്ളി കൂടുതലായി ചേർക്കുന്നത് ഇതിന്റെ ലക്ഷണങ്ങളുടെ കാഠിന്യം കുറയ്ക്കാൻ സഹായിക്കും. ജലദോഷത്തിന്റെ തുടക്കത്തിലെ വെളുത്തുള്ളി കഴിക്കുന്നത് ജലദോഷം ഒരു പരിധി വരെ കുറയ്ക്കാൻ സഹായിക്കും.

ഏഴ്...

തിളപ്പിച്ചെടുത്ത പാൽ ചൂടാറും മുമ്പേ കുരുമുളകുപൊടിയും ചേർത്ത് കുടിക്കുന്നത് ജലദോഷം ശമിക്കാന്‍ സഹായിക്കും. 

എട്ട്...

തുളസിയിലയും കൽക്കണ്ടവും ചേർത്തരച്ച് മിശ്രിതമാക്കി ഭക്ഷിക്കുന്നതും ജലദോഷത്തില്‍ നിന്ന് രക്ഷ നേടാന്‍ സഹായിച്ചേക്കാം.

ഒമ്പത്...

പാലില്‍ മഞ്ഞില്‍ ചേര്‍ത്ത് കുടിക്കുന്നതും രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍കുമിന്‍  പല രോഗാവസ്ഥകളില്‍ നിന്നും രക്ഷ നേടാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ബാക്റ്റീരിയ ഉണ്ടാക്കുന്ന രോഗങ്ങള്‍, ശ്വാസകോശത്തെ ബാധിക്കുന്ന വൈറസുകള്‍ എന്നിവയ്ക്കെതിരെ മഞ്ഞള്‍ ഫലപ്രദമെന്ന് തെളിഞ്ഞിട്ടുണ്ട്. 

പത്ത്...

രണ്ട്  ചെറുനാരങ്ങയുടെ നീര് ഒരു ഗ്ലാസ്സ് തിളപ്പിച്ച വെള്ളത്തിൽ ഒഴിച്ചശേഷം ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് ചെറുചൂടോടെ രാത്രി ഭക്ഷണത്തിനുശേഷം കഴിക്കുക. പതിവായി ചെയ്താല്‍ ജലദോഷത്തിന് ശമനമുണ്ടാകും. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ  24 മണിക്കൂറിനുള്ളില്‍ മാറിയില്ലെങ്കില്‍, നിർബന്ധമായും ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. 

Also Read: ഉയര്‍ന്ന കൊളസ്‌ട്രോളിന്‍റെ ശ്രദ്ധിക്കാതെ പോകുന്ന ലക്ഷണങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

അവഗണിക്കരുത്, ലങ് ക്യാൻസറിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങളെ തിരിച്ചറിയാം
ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്