Heart Attack : ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും കാരണമാകുന്ന രണ്ട് കാര്യങ്ങള്‍

Published : Aug 14, 2022, 06:52 PM IST
Heart Attack : ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും കാരണമാകുന്ന രണ്ട് കാര്യങ്ങള്‍

Synopsis

സാമൂഹികമായ ഉള്‍വലിയലും ഏകാന്തതയും ഏറ്റവുമധികം കാണപ്പെട്ടിരുന്നത് പ്രായമായവരിലാണ്. അതുകൊണ്ട് തന്നെ പ്രായമായവരിലാണ് ഇത്തരം ആരോഗ്യപ്രശ്നങ്ങള്‍ക്കും അസുഖങ്ങള്‍ക്കുമെല്ലാം കൂടുതല്‍ സാധ്യതയുണ്ടായിരുന്നത്. എന്നാല്‍ നിലവില്‍ ഏറ്റവുമധികം ഒറ്റപ്പെട്ട് ജീവിക്കുന്നത് 18നും 22നും ഇടയില്‍ പ്രായമുള്ളവരാണെന്നാണ് 'ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി' പുറത്തുവിട്ടിട്ടുള്ളൊരു സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ഹൃദയാഘാതവും പക്ഷാഘാതവുമെല്ലാം വളരെയധികം ഗൗരവമുള്ള ആരോഗ്യാവസ്ഥകളാണ്. ഒരുപക്ഷേ ജീവൻ തിരിച്ചുപിടിക്കാനാകാത്ത വിധം നമുക്ക് നമ്മളെയോ പ്രിയപ്പെട്ടവരെയോ നഷ്ടപ്പെട്ട് പോകാവുന്ന അവസ്ഥ. എന്തുകൊണ്ടാണ് ഹൃദയാഘാതം- പക്ഷാഘാതം പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്? 

ഒരുപിടി കാരണങ്ങള്‍ ഇതിന് പിന്നിലുണ്ട്. പാരമ്പര്യഘടകങ്ങള്‍ തുടങ്ങി- ബിപി, പ്രമേഹം, കൊളസ്ട്രോള്‍ പോലുള്ള ജീവിതശൈലീരോഗങ്ങള്‍, അമിതവണ്ണം, വര്‍ഷങ്ങളായി തുടരുന്ന മോശം ഡയറ്റ്, പുകവലി, മദ്യപാനം എന്നിങ്ങനെ പലതും ഇവയ്ക്ക് പിന്നില്‍ കാരണങ്ങളായി വരാം. 

എന്നാല്‍ എന്തുകൊണ്ടാണ് ഒരു വ്യക്തിയില്‍ ഹൃദയാഘാതമോ പക്ഷാഘാതമോ സംഭവിക്കുന്നതെന്നതിന് കൃത്യമായി ഒരു കാരണം പറയാൻ പല സന്ദര്‍ഭങ്ങളിലും ഡോക്ടര്‍മാര്‍ക്ക് പോലും സാധ്യമല്ല. എന്തായാലും മേല്‍പ്പറഞ്ഞ കാരണങ്ങളെല്ലാം ഇതിലുള്‍പ്പെടാം.

പക്ഷേ, ഇത്തരത്തിലൊന്നുമല്ലാത്ത ചില കാരണങ്ങള്‍ കൂടി ഹൃദയാഘാതം - പക്ഷാഘാതം എന്നിവയിലേക്ക് നമ്മെയെത്തിക്കാമെന്നാണ് പുതിയൊരു പഠനം പറയുന്നത്. നമ്മള്‍ ചിന്തിക്കുകയോ ഊഹിക്കുകയോ ചെയ്യാത്ത രണ്ട് കാരണങ്ങള്‍ എന്ന് തന്നെ പറയാം. എന്നാല്‍ വളരെ പ്രധാനപ്പെട്ടതുമാണിത്. മുതിര്‍ന്നവരെ പോലെ തന്നെ ചെറുപ്പക്കാരും ശ്രദ്ധിക്കേണ്ട രണ്ട് കാര്യങ്ങള്‍.

'അമേരിക്കൻ ഹാര്‍ട്ട് അസോസിയേഷൻ' നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തപ്പെട്ടത്. സാമൂഹികമായി ഉള്‍വലിഞ്ഞ ജീവിതം, ഏകാന്തത എന്നിവയാണ് ഈ കാരണങ്ങള്‍. കേള്‍ക്കുമ്പോള്‍ ഇവ രണ്ടും ഒരേ അവസ്ഥയല്ലേ എന്ന് തോന്നിയേക്കാം. എന്നാലിത് രണ്ടും രണ്ടാണെന്നാണ് പഠനത്തിന് നേതൃക്വം നല്‍കിയ ഗവേഷകര്‍ തന്നെ വ്യക്തമാക്കുന്നത്. 

സാമൂഹികമായി ഉള്‍വലിഞ്ഞ് ജീവിക്കുന്ന ഒരു വ്യക്തിക്ക് ഏകാന്തത അനുഭവപ്പെടണമെന്നില്ല. അതുപോലെ തന്നെ മനുഷ്യരുമായി എപ്പോഴും ഇടപഴകുകയും ബന്ധപ്പെടുകയും ചെയ്യുന്ന ഒരു വ്യക്തിക്ക് ഏകാന്തത അനുഭവപ്പെടാം. ഇങ്ങനെയാണ് ഈ രണ്ട് അവസ്ഥകളും രണ്ടായിത്തന്നെ ഇരിക്കുന്നത്. 

രണ്ട് സാഹചര്യങ്ങളും ഹൃദയാഘാതം- പക്ഷാഘാതം എന്നിവയുടെ സാധ്യത 30 ശതമാനത്തോളം വര്‍ധിപ്പിക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. 

'നാല് ദശാബ്ദങ്ങള്‍ നീണ്ടൊരു പഠനമാണിത്. ഇതിനൊടുവില്‍ സാമൂഹികമായ ഉള്‍വലിയലും ഏകാന്തതയും ഹൃദയാഘാതം- പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നാണ് ഞങ്ങളുടെ കണ്ടെത്തല്‍. എന്ന് മാത്രമല്ല പല ശാരീരിക- മാനസികാരോഗ്യപ്രശ്നങ്ങള്‍ക്കും ഈ രണ്ട് അവസ്ഥകളും കാരണമായി വരുന്നതായി ഞങ്ങള്‍ക്ക് മനസിലാക്കാൻ സാധിച്ചു'...- പഠനത്തിന് നേതൃത്വം നല്‍കിയ ക്രിസ്റ്റല്‍ വിലീ സീന്‍ ( അമേരിക്കൻ ഹാര്‍ട്ട അസോസിയേഷൻ ) പറയുന്നു. 

സാമൂഹികമായ ഉള്‍വലിയലും ഏകാന്തതയും ഏറ്റവുമധികം കാണപ്പെട്ടിരുന്നത് പ്രായമായവരിലാണ്. അതുകൊണ്ട് തന്നെ പ്രായമായവരിലാണ് ഇത്തരം ആരോഗ്യപ്രശ്നങ്ങള്‍ക്കും അസുഖങ്ങള്‍ക്കുമെല്ലാം കൂടുതല്‍ സാധ്യതയുണ്ടായിരുന്നത്. എന്നാല്‍ നിലവില്‍ ഏറ്റവുമധികം ഒറ്റപ്പെട്ട് ജീവിക്കുന്നത് 18നും 22നും ഇടയില്‍ പ്രായമുള്ളവരാണെന്നാണ് 'ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി' പുറത്തുവിട്ടിട്ടുള്ളൊരു സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. സാമൂഹികകാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതും സോഷ്യല്‍ മീഡിയില്‍ അമിതമായി സജീവമാകുന്നതുമാണ് ഇതിനുള്ള കാരണമായി ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ളത്. 

ജീവിതരീതികള്‍ മെച്ചപ്പെടുത്തി ക്രമീകരിക്കുന്നതിന്‍റെ ആവശ്യകതയാണ് 'അമേരിക്കൻ ഹാര്‍ട്ട് അസോസിയേഷ'ന്‍റെ പഠനം ഓര്‍മ്മപ്പെടുത്തുന്നത്. നല്ല ഡയറ്റ്, ഉറക്കം, വ്യായാമം എന്നിവയ്ക്കൊപ്പം സമ്മര്‍ദ്ദങ്ങളേതുമില്ലാതെ മറ്റുള്ളവരോട് ഇടപഴകി പരിശീലിക്കുന്നത് തീര്‍ച്ചയായും ശരീരത്തെയും മനസിനെയും ഒരുപോലെ 'പോസിറ്റീവ്' ആയി സ്വാധീനിക്കും.

Also Read:- നടൻ ദീപേഷിന്‍റെ മരണം; അമിത വ്യായാമം കാരണമായോ?

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പുരുഷന്മാര്‍ ഈ ലക്ഷണങ്ങളെ അവഗണിക്കരുത്, പ്രോസ്റ്റേറ്റ് ക്യാൻസറാകാം
വെറുമൊരു ഭക്ഷണമല്ല, ഒരു വികാരമാണ്! ഇന്ന് ദേശീയ ചീസ് ലവർ ഡേ, ചില കൗതുകങ്ങൾ ഇതാ...