മണിക്കൂറുകള്‍ ഫോണില്‍ ചിലവിടുന്നവര്‍ക്ക് വരാവുന്ന പതിവ് ആരോഗ്യപ്രശ്‌നങ്ങളും പരിഹാരവും; വീഡിയോ

By Web TeamFirst Published Oct 21, 2021, 8:25 PM IST
Highlights

ദീര്‍ഘനേരം ഫോണിലേക്ക് നോക്കിയിരിക്കുന്നവര്‍ക്ക് വരാവുന്ന ചില പതിവ് ആരോഗ്യപ്രശ്‌നങ്ങളുണ്ട്. കഴുത്ത് വേദന, മുതുക് വേദന, തോളില്‍ വേദന എന്നിവയെല്ലാമാണ് ഇതില്‍ പ്രധാനമായി വരുന്നത്. ഇതുതന്നെ ക്രമേണ ഡിസ്‌ക് പ്രശ്‌നങ്ങളിലേക്കും എല്ല് തേയ്മാനത്തിലേക്കുമെല്ലാം നയിക്കുന്നു

ഇന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തവര്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്. ഉപയോഗിക്കുന്നവരില്‍ തന്നെ വലിയൊരു വിഭാഗവും സ്മാര്‍ട് ഫോണ്‍ ആണ് ഉപയോഗിക്കുന്നത്. പഠനത്തിനും ജോലിയാവശ്യത്തിനും വിനോദത്തിനുമെല്ലാമായി ദിവസത്തിലെ എത്രയോ മണിക്കൂറുകള്‍ ഫോണിലേക്ക് നോക്കി ചിലവിടുന്നവരുണ്ട്. 

ഇത്തരത്തില്‍ ദീര്‍ഘനേരം ഫോണിലേക്ക് നോക്കിയിരിക്കുന്നവര്‍ക്ക് വരാവുന്ന ചില പതിവ് ആരോഗ്യപ്രശ്‌നങ്ങളുണ്ട്. കഴുത്ത് വേദന, മുതുക് വേദന, തോളില്‍ വേദന എന്നിവയെല്ലാമാണ് ഇതില്‍ പ്രധാനമായി വരുന്നത്. ഇതുതന്നെ ക്രമേണ ഡിസ്‌ക് പ്രശ്‌നങ്ങളിലേക്കും എല്ല് തേയ്മാനത്തിലേക്കുമെല്ലാം നയിക്കുന്നു. 

ദീര്‍ഘനേരം ഒരേ രീതിയില്‍ കഴുത്ത് വയ്ക്കുന്നതിനാല്‍ വേദനയ്ക്ക് പുറമെ ശ്വസനപ്രശ്‌നം, ബിപിയില്‍ വ്യതിയാനം എന്നിങ്ങനെ മറ്റ് ചില പ്രശ്‌നങ്ങളും നേരിടാമെന്ന് പ്രമുഖ ലൈഫ്‌സ്റ്റൈല്‍ കോച്ചായ ലൂക്ക് കുടീഞ്ഞ്യോ പറയുന്നു. 

ഏതായാലും അമിത ഫോണ്‍ ഉപയോഗം മൂലമുണ്ടാകുന്ന ഇത്തരം പതിവ് ആരോഗ്യപ്രശ്‌നങ്ങളെ പരിഹരിക്കാന്‍ സഹായകമാകുന്ന രണ്ട് ലളിതമായ വ്യായാമം നിര്‍ദേശിക്കുകയാണ് ലൂക്ക്. തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചൊരു വീഡിയോയിലൂടെയാണ് ഈ വ്യായാമരീതികള്‍ ലൂക്ക് നിര്‍ദേശിക്കുന്നത്. 

ഒന്ന്... 

ഇടതു കൈ വലതു തോളിലേക്ക് വയ്ക്കുക. തോള്‍ഭാഗം ഉയര്‍ന്നല്ല വയ്ക്കുന്നതെന്ന് ഉറപ്പുവരുത്തണം. ശേഷം തലയുടെ വലതുഭാഗം തോളിലേക്ക് ചരിക്കണം. ചെവി തോളിന് അടുത്തേക്ക് എത്തിച്ചുകൊണ്ടാണ് ഇത് ചെയ്യേണ്ടത്. അധികം ബലം കൊടുത്തോ സമ്മര്‍ദ്ദം കൊടുത്തോ ചെയ്യാതെ ലളിതമായി ഇത് ചെയ്യുക. പത്ത് മുതല്‍ പതിനഞ്ച് വരെ എണ്ണുന്ന അത്രയും സമയം അങ്ങനെ നില്‍ക്കാം. ശേഷം നേരെ തിരിച്ച് വലതു കൈ ഇടതു തോളില്‍ വച്ച് ഇതാവര്‍ത്തിക്കാം. 

രണ്ട്...

കഴുത്തിന് പിന്നിലേക്ക് രണ്ട് കൈകളും ചേര്‍ത്തുവയ്ക്കുക. ശേഷം താടി അല്‍പമൊന്നുയര്‍ത്തുക. ഇനി കൈമുട്ടുകള്‍ പിറകിലേക്ക് പരമാവധി വളയ്ക്കുക. ഇവിടെയും സമ്മര്‍ദ്ദം കൊടുക്കേണ്ടതില്ല. ഇത് പത്ത് വരെ എണ്ണുന്നയത്രയും സമയം ചെയ്യാം. 

ദിവസത്തില്‍ രണ്ടോ മൂന്നോ തവണയെല്ലാം ഈ രണ്ട് വ്യായാമവും ചെയ്യുന്നത് നല്ലതാണെന്നാണ് ലൂക്ക് അഭിപ്രായപ്പെടുന്നത്. ഇനി ഇതിന്റെ വീഡിയോ കൂടി ഒന്ന് കണ്ടുനോക്കൂ...

 

Also Read:- ആർത്തവകാലത്തെ വ്യായാമം; ചെയ്യാവുന്നതും, അരുതാത്തതും

click me!