
ധരിക്കുന്ന മാസ്കിന് കൊവിഡ് പ്രതിരോധത്തില്‍ നിര്‍ണായക പങ്കുണ്ടെന്ന് പഠനം. മാസ്ക് എന്തുകൊണ്ട് നിര്‍മ്മിച്ചത്, എത്ര ലെയറുകള്‍ മാസ്കിലുണ്ട് എന്നിവയ്ക്കെല്ലാം കൊവിഡ് 19 വൈറസുമായി സമ്പര്‍ക്കത്തില്‍ വരാനുള്ള സാധ്യതയില്‍ പങ്കുണ്ടെന്നാണ് ജോര്‍ജ്ജിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ പഠനം. ലഭ്യമായ 33 ഇനം മാസ്കുകളില്‍ നടത്തിയ പഠനമാണ് ഇത്തരമൊരു നിഗമനത്തിലേക്ക് എത്തിച്ചത്. തുണി കൊണ്ട് നിര്‍മ്മിതമായവ, കോട്ടണ്‍ തുണി, പോളിസ്റ്റര്‍, ബ്ലെന്‍ഡഡ് ഫാബ്രിക്സ്, സെല്ലുലോസ് അടിസ്ഥാനമാക്കിയുള്ള മെറ്റീരിയലുകള്‍, ഹോസ്പിറ്റലുകളില്‍ സാധാരണമായി ഉപയോഗിക്കുന്ന മാസ്കുകള്‍, ലെയറുകളുള്ളവ തുടങ്ങി വിവിധ ഇനം മാസ്കുകളിലാണ് പഠനം നടന്നത്.
ഇവയില്‍ സ്റ്റെറിലൈസേഷന്‍ റാപ്പ്, ബ്ലാക്ക് ഔട്ട് ഡ്രേപ്പറീസുമാണ് ഇതില്‍ ഏറ്റവും മികച്ചതായി കണ്ടെത്തിയിട്ടുള്ളത്. ഇവ രണ്ടും വ്യാവസായികമായി ലഭ്യമായവയും ആണെന്ന് പഠനം പറയുന്നു. കൊവിഡ് 19 വ്യാപനം ആരംഭിച്ച സമയത്ത് വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ ലഭ്യതക്കുറവ് നേരിട്ട സമയത്താണ് ഈ പഠനം നടന്നത്. ആളുകള്‍ സ്വന്തമായി മാസ്കുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയ സമയത്ത് നടത്തിയ പഠനത്തിന്‍റെ വിവരങ്ങള്‍ എയ്റോസോള്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി എന്ന ജേണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സബ് മൈക്രോണ്‍ രൂപത്തിലുള്ള വസ്തുക്കള്‍ക്ക് വായുവില്‍ മണിക്കൂറുകള്‍ മുതല്‍ ദിവസങ്ങള്‍ വരെ തങ്ങി നില്‍ക്കാന്‍ സാധിക്കും. ഇത് ലഭ്യമാകുന്ന വായുസഞ്ചാരത്തെ അടിസ്ഥാനമാക്കിയാണ്. വായു സഞ്ചാരം ഉറപ്പാക്കാന്‍ സാധിക്കാത്ത ഇടങ്ങളില്‍ ഇത്തരം പദാര്‍ത്ഥങ്ങള്‍ അധിക സമയം തങ്ങി നില്‍ക്കുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.
ഹോം മേയ്ഡ് മാസ്കുകളുടെ നിലവാരം മെച്ചപ്പെടുത്താന്‍ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒരേ രീതിയിലുള്ള വസ്തുക്കള്‍ ഉപയോഗിച്ചുള്ള വിവിധ മാസ്കുകളിലും അരിച്ചെടുക്കല്‍ കഴിവ് വ്യത്യസ്തമായിരിക്കും. സര്‍ജിക്കല്‍ മാസ്കിന് സമാനമായ രീതിയില്‍ സബ്മൈക്രോണ്‍ പദാര്‍ത്ഥങ്ങളെ അരിച്ചെടുക്കുകയും വായു സഞ്ചാരം ഉറപ്പാക്കുകയും ചെയ്യുന്ന മാസ്കുകള്‍ ഇത്തരത്തിലുള്ളവയില്‍ കാണാന്‍ കഴിഞ്ഞു. വാക്വം ബാഗുകള്‍ ലെയറുകളായുള്ള മാസ്കുകള്‍ ഉപയോഗിക്കാതിരിക്കുന്നതാണ് ഉചിതമെന്നും പഠനം വിശദമാക്കുന്നു.
ഒറ്റ ലെയറുള്ള മാസ്കിനേക്കാള്‍ ഫില്‍റ്റര്‍ കപ്പാസിറ്റി ഒന്നിലധികം ലെയറുള്ള മാസ്കുകള്‍ക്കാണെന്നും എന്നാല്‍ ശ്വസിക്കാനുള്ള പ്രയാസം വരുന്ന രീതിയിലാവരുത് ലെയറുകള്‍ ക്രമീകരിക്കുന്നതെന്നും പഠനം വ്യക്തമാക്കുന്നു. മാസ്ക് മുഖത്ത് ഫിറ്റായി ഇരിക്കുന്നതും പ്രധാനമാണെന്നും പഠനം പറയുന്നു. കൃത്യമായി പാകമായ ഒന്നിലധികം ലെയറുള്ള മാസ്ക് 84 ശതമാനം സബ്മൈക്രോണ്‍ പദാര്‍ത്ഥങ്ങളെ തടയുന്നുവെന്നും പഠനം വ്യക്തമാക്കുന്നു. മാസ്ക് ധരിച്ച രണ്ടുപേര്‍ക്കിടയില്‍ സബ്മൈക്രോണ്‍ പദാര്‍ത്ഥങ്ങള്‍ പടരുന്നത് 96 ശതമാനം കുറവാണെന്നും പഠനം വ്യക്തമാക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam