
കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയില്‍ എബോള കേസുകള്‍ കൂടുന്നു. എബോള മൂലം ഒരു മരണം കൂടി സംഭവിച്ചതായും സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു വയസുള്ള കുട്ടിയാണ് എബോള മൂലം മരണപ്പെട്ടത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ പതിനൊന്ന് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എബോള വൈറസ് സ്ഥിരീകരിച്ച 24 കാരൻ തിങ്കളാഴ്ച മരണപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
അപൂര്‍വമായ സുഡാന്‍ വകഭേഗമാണ് സ്ഥിരീകരിച്ചതെന്ന് ലോകരോഗ്യ സംഘടനയും അറിയിച്ചു. ഉഗാണ്ടയിൽ 2000-ത്തിലുണ്ടായ എബോള വ്യാപനത്തിൽ 200-ലേറെ പേർ മരിച്ചിരുന്നു
എന്താണ് എബോള?
എബോള ഒരു വൈറസ് രോഗമാണ്. 1976–ൽ സുഡാനിലും കോംഗോയിലുമാണ് എബോള രോഗം ആദ്യമായി കാണപ്പെട്ടത്. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകർന്ന ഒരു രോഗമാണ് ഇത്. എബോള വൈറസ് ശരീരത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞാൽ രണ്ടു ദിവസം മുതൽ മൂന്ന് ആഴ്ചയ്ക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും.
രോഗബാധിത ജീവിയുടെ ശരീരദ്രവങ്ങളിലൂടെയാണ് എബോള പ്രധാനമായും പടരുന്നത്. എബോളബാധിച്ച മനുഷ്യന്റെ രക്തം നേരിട്ട് സ്പർശിക്കുന്നതിലൂടെയും മനുഷ്യരിൽ ഈ രോഗം പടരുന്നു. എബോള വൈറസ് മനുഷ്യനിലെത്തുന്നത് മൃഗങ്ങളിലൂടെയാണ്. രോഗം ബാധിച്ച ചിമ്പാൻസി, കുരങ്ങ്, ഗറില്ല, പന്നി, വവ്വാൽ എന്നിവയുടെ ശരീരത്തിലെ എല്ലാത്തരം സ്രവങ്ങളിലും എബോള വൈറസ് ഉണ്ടാകാം. ഇവയുടെ രക്തം, മൂത്രം, കാഷ്ഠം എന്നിവയുടെ സ്പർശനത്തിലൂടെയും രോഗാണുക്കൾ പകരാം. ശരീരത്തിലെ മുറിവുകൾ, വായ്, ത്വക്ക് എന്നിവയിലൂടെ വൈറസിന് മനുഷ്യശരീരത്തിലെത്താനാകും.
ലക്ഷണങ്ങള്‍...
പനി, തൊണ്ടവേദന, തലവേദന തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങൾ. ചിലപ്പോൾ ഛർദ്ദി, തൊലിയിലെ തിണർപ്പ് എന്നിവയും ഉണ്ടാകാം. താരതമ്യേന ആരോഗ്യമുള്ളവരിൽ രോഗാവസ്ഥ കുറച്ചു ദിവസങ്ങൾകൊണ്ട് തനിയെ മാറുന്നു. എന്നാൽ ചിലരിലാകട്ടെ, ഗുരുതരമായ രക്തസ്രാവം ഉണ്ടാകുന്നു. രോഗം വന്ന് അഞ്ച് മുതൽ ഏഴ് ദിവസങ്ങൾക്കുള്ളിലാണ് ഇവ കാണപ്പെടുന്നത്. ഇത്തരക്കാരിൽ ക്രമേണ കരൾ, വൃക്ക തുടങ്ങിയ അവയവങ്ങളുടെ തകരാറ് മൂലം മരണം സംഭവിക്കാം.
മുന്‍കരുതല്‍ എന്തൊക്കെ?
രോഗത്തെ പ്രതിരോധിക്കുകയാണ് ചെയ്യാവുന്ന ഏറ്റവും ഫലപ്രദമായ കാര്യം. ജന്തുജന്യ രോഗമായതിനാൽ തന്നെ ശരിയായി പാകപ്പെടുത്തിയ മാംസം മാത്രം കഴിക്കുന്നത് രോഗസാധ്യത ഇല്ലാതാക്കും. രോഗബാധിതരുടെയോ, രോഗംമൂലം മരിച്ചവരുടെയോ രക്തത്തിലൂടെയോ വിസർജ്യത്തിലൂടെയോ മറ്റ് സ്രവങ്ങളിലൂടെയോ ഒക്കെ രോഗം പകരാം. അതിനാൽ ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ മുൻകരുതൽ നടപടി സ്വീകരിക്കുക.
Also Read:ഹൈദരാബാദി ബിരിയാണിയും കഴിച്ച് തെലുങ്കും സംസാരിച്ച് യുഎസ് യൂട്യൂബര്‍; വീഡിയോ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam