
ഐസ്ക്രീം ഇഷ്ടപ്പെടാത്തവര്‍ അപൂര്‍വമാണെന്ന് പറയാം. അത്രമാത്രം ഐസ്ക്രീം പ്രേമികള്‍ നമുക്ക് ചുറ്റുമുണ്ട്. അതുപോലെ തന്നെ ആരാധകരുള്ളൊരു വിഭാഗം വിഭവമാണ് ചിപ്സുകളും. പ്രത്യേകിച്ച് പൊട്ടാറ്റോ (ഉരുളക്കിഴങ്ങ്) ചിപ്സ്. പല രുചികളിലും പല രൂപത്തിലുമെല്ലാമാണ് പൊട്ടാറ്റോ ചിപ്സ് വിപണിയിലെത്താറ്.
ഈ രണ്ട് വിഭങ്ങളോടും അത്രയ്ക്കും ഇഷ്ടമുള്ളവരാണോ നിങ്ങള്‍? അങ്ങനെയെങ്കില്‍ തീര്‍ച്ചയായും നിങ്ങളറിയേണ്ടൊരു പഠനറിപ്പോര്‍ട്ടിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
ഈ വിഭവങ്ങള്‍ മാത്രമല്ല, 'അള്‍ട്രാ പ്രോസസ്ഡ് ഫുഡ്സ്' വിഭാഗത്തില്‍ പെടുന്ന ഭക്ഷണങ്ങളോടെല്ലാം അത്രമാത്രം പ്രിയമാണ് നിങ്ങള്‍ക്കെങ്കില്‍ ശ്രദ്ധിക്കണമെന്നാണ് പഠനം ഓര്‍മ്മിപ്പിക്കുന്നത്. ഡ്രഗ് അഥവാ ലഹരിയോടുള്ള അഡിക്ഷൻ പോലെ തന്നെ ഇവയോടും അഡിക്ഷൻ വരാമെന്നാണ് പഠനം പറയുന്നത്.
മുപ്പത്തിയാറ് രാജ്യങ്ങളില്‍ നിന്നായി ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് മിഷിഗണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഗവേഷകര്‍ പഠനം നടത്തിയിരിക്കുന്നത്. നേരത്തെ നടന്നിട്ടുള്ള 280ലധികം പഠനങ്ങളെയും ഗവേഷകര്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നു. ഇതിലൂടെ 14 ശതമാനത്തോളം ആളുകളെങ്കിലും അള്‍ട്രാ പ്രോസസ്ഡ് ഫുഡ്സിനോട് അഡിക്ഷനോടെയാണ് ജീവിക്കുന്നതെന്ന് ഗവേഷകര്‍ കണ്ടെത്തിയിരിക്കുകയാണ്. ഇത്തരം ഭക്ഷണങ്ങളില്‍ അടങ്ങിയിരിക്കുന്ന റിഫൈൻഡ് കാര്‍ബും ഫാറ്റും ഒരുമിച്ച് വരുമ്പോള്‍ അതാണത്രേ നമ്മളില്‍ അഡിക്ഷനുണ്ടാക്കുന്നത്.
ഇടയ്ക്കിടെ ഇത്തരം വിഭവങ്ങള്‍ കഴിക്കാൻ തോന്നുക. അത് ആഗ്രഹിച്ചത് തന്നെ കിട്ടണമെന്ന ആവശ്യമുണ്ടാവുക, ഈ ആവശ്യത്തെയോ ആഗ്രഹത്തെയോ നിയന്ത്രിക്കാൻ സാധിക്കാതെ വരിക, അമിതമായി ഇവ കഴിക്കുക എന്നിങ്ങനെയുള്ള ലക്ഷണങ്ങളെല്ലാം അഡിക്ഷനാണ് സൂചിപ്പിക്കുന്നതെന്ന് പഠനം വ്യക്തമാക്കുന്നു.
സോസേജസ്, ഐസ്ക്രം, ബിസ്കറ്റ്, സോഫ്റ്റ് ഡ്രിങ്ക്സ്, മധുരം ചേര്‍ത്ത സെറില്‍സ് എന്നിങ്ങനെ പല വിഭവങ്ങളും ഈ പട്ടികയിലുള്‍പ്പെടുന്നതാണ്. തലച്ചോറിന്‍റെ പ്രവര്‍ത്തനം ബാധിക്കപ്പെടുക, ക്യാൻസര്‍, മാനസികാരോഗ്യപ്രശ്നങ്ങള്‍ എന്നിങ്ങനെ വിവിധ ഭീഷണികളാണ് ഇവയെല്ലാം നമുക്ക് മുന്നിലുണ്ടാക്കുന്നത്.
Also Read:- ജലദോഷം വരാതെ നോക്കാം; ഇതാ ഇത്രയും കാര്യങ്ങള്‍ ചെയ്താല്‍ മാത്രം മതി...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-