ജലദോഷം വരാതെ നോക്കാം; ഇതാ ഇത്രയും കാര്യങ്ങള്‍ ചെയ്താല്‍ മാത്രം മതി...
ചിലര്‍ക്കാണെങ്കില്‍ ഇടയ്ക്കിടെ ജലദോഷം പിടിപെടാറുണ്ട്. രോഗ പ്രതിരോധശേഷി കുറവായതിനാലും മറ്റുമാണ് ഇങ്ങനെ സംഭവിക്കുന്നത്. അവര്‍ക്കും സഹായകരമാകുന്ന ടിപ്സ് ആണിത്

നിത്യജീവിതത്തില്‍ നാം നേരിടുന്ന ചെറുതും വലുതുമായ ആരോഗ്യപ്രശ്നങ്ങളേറെയാണ്. ഇക്കൂട്ടത്തിലൊന്നാണ് ജലദോഷവും. അത്ര കാര്യമാക്കാനുള്ള രോഗമല്ല ജലദോഷമെങ്കില്‍ പോലും ദൈനംദിനകാര്യങ്ങളെ ഇത് ഏറെ ബാധിക്കാറുണ്ട്.
അതിനാല്‍ തന്നെ ജലദോഷം പിടിപെടുന്നത് ആര്‍ക്കായാലും അസ്വസ്ഥത തന്നെയാണ്. എന്തായാലും ജലദോഷം പിടിപെടാതിരിക്കാൻ വേണ്ടി നിങ്ങള്‍ക്ക് ചെയ്യാവുന്ന ചില മുന്നൊരുക്കങ്ങളെ കുറിച്ചാണ് ഇനി പങ്കുവയ്ക്കാനുള്ളത്. ജലദോഷം പിടിപെടാതിരിക്കാൻ ഇത്രയും ചെയ്താല്‍ മതി എന്നല്ല, മറിച്ച് ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് വഴി വലിയൊരളവ് വരെ ജലദോഷത്തിനുള്ള സാധ്യത കുറയ്ക്കാൻ സാധിക്കും.
ചിലര്‍ക്കാണെങ്കില്‍ ഇടയ്ക്കിടെ ജലദോഷം പിടിപെടാറുണ്ട്. രോഗ പ്രതിരോധശേഷി കുറവായതിനാലും മറ്റുമാണ് ഇങ്ങനെ സംഭവിക്കുന്നത്. അവര്‍ക്കും സഹായകരമാകുന്ന ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്...
വീടിന് പുറത്തേക്ക് എന്തെങ്കിലും കാര്യങ്ങള്‍ക്കായി ഇറങ്ങിയാല്‍ തിരിച്ചുവന്ന ഉടനെ തന്നെ കൈകള്‍ സോപ്പോ ഹാൻഡ്‍വാഷോ ഇട്ട് നല്ലതുപോലെ കഴുകി വൃത്തിയാക്കണം. അതുപോലെ തന്നെ ഭക്ഷണം കഴിക്കുന്നതിന് മുമ്പും കൈകള്‍ നല്ലതുപോലെ കഴുകണം. ദീര്‍ഘനേരം പുറത്ത് തുടരുമ്പോഴും ഇടവിട്ട് കൈകള്‍ വൃത്തിയാക്കുന്ന ശീലം ഉണ്ടാക്കിയെടുക്കണം. കാരണം നമ്മള്‍ തൊടുന്ന പല പ്രതലങ്ങളിലും യഥേഷ്ടം രോഗാണുക്കളുണ്ടാകാം. ഇവയെല്ലാം കൈകളിലാവുകയും കണ്ണ്, മൂക്ക്, വായ് എന്നിവിടങ്ങളിലൂടെ ശരീരത്തിനകത്തെത്തുകയും ചെയ്യാം. ഇരുപത് സെക്കൻഡെങ്കിലും കയ്യില്‍ സോപ്പോ ഹാൻഡ്‍വാഷോ ഇട്ട് ഉരച്ച് കഴുകുന്നതോടെ അണുക്കളെ ഫലപ്രദമായി പ്രതിരോധിക്കാൻ നമുക്ക് സാധിക്കുന്നു.
രണ്ട്...
നമ്മള്‍ ഏറ്റവുമധികം തൊടുന്ന പ്രതലങ്ങളെല്ലാം ഡിസ്-ഇൻഫെക്ട് ചെയ്ത് സൂക്ഷിക്കുന്നതും ജലദോഷം തടയാൻ പ്രയോജനപ്രദമാണ്. സ്വിച്ച് ബോര്‍ഡുകള്‍, ഡോര്‍ ഹാൻഡിലുകള്‍, മൊബൈല്‍ ഫോണ്‍, ടിവി റിമോട്ടുകള്‍ എന്നിങ്ങനെ പതിവായി സ്പര്‍ശിക്കുന്ന സാധനങ്ങള്‍- ഉപകരണങ്ങള്‍- പ്രതലങ്ങള്‍ എന്നിവ അണുവിമുക്തമാക്കുന്നത് ജലദോഷം അടക്കം പല അണുബാധകളെയും പ്രതിരോധിക്കാൻ സഹായകമായിരിക്കും.
മൂന്ന്...
ആരോഗ്യകരമായ ചില ശീലങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നതും ജലദോഷം അടക്കമുള്ള അണുബാധകളെ ചെറുക്കാൻ സഹായിക്കും. ആരോഗ്യകരമായ ഭക്ഷണം സമയത്തിന് കഴിക്കുക, സമയത്തിന് ഉറങ്ങുക, എന്തെങ്കിലും ജീവിതശൈലീരോഗങ്ങള്‍ ഉണ്ടെങ്കില്‍ അത് കൃത്യമായി നിയന്ത്രിച്ച് മുന്നോട്ടുപോവുക, കായികാധ്വാനം അല്ലെങ്കില്‍ വ്യായാമം എന്നിവ പതിവാക്കുക.
നാല്...
ഇടയ്ക്കിടെ ജലദോഷം പോലുള്ള അണുബാധകള്‍ പിടിപെടുന്നവരാണ് നിങ്ങളെങ്കില്‍ പുറത്തുപോകുമ്പോള്‍ മാസ്ക് ധരിക്കുന്നത് നല്ലതാണ്. ഇത് ജലദോഷം മാത്രമല്ല വൈറല്‍ ഇൻഫെക്ഷനുകളടക്കം പല അണുബാധകളെയും പ്രതിരോധിക്കാൻ ഈ ശീലം നല്ലതാണ്.
അഞ്ച്...
തിരക്കേറിയ സ്ഥലങ്ങളില്‍ പോകുന്നതും അണുബാധകള്‍ക്കുള്ള സാധ്യത കൂട്ടുന്നു. അതിനാല്‍ നിങ്ങള്‍ എളുപ്പത്തില്‍ രോഗം പകര്‍ന്നുകിട്ടുന്ന തരത്തില്‍ ആരോഗ്യാവസ്ഥയുള്ളവരാണെങ്കില്‍ തിരക്കേറിയ സ്ഥലങ്ങളില്‍ പോകുന്നത് പരമാവധി നിയന്ത്രിക്കാം.
Also Read:- രാത്രിയില്‍ ഉറക്കം ഇല്ലേ? ചര്‍മ്മത്തില്‍ ചൊറിച്ചിലോ എരിച്ചിലോ പാടുകളോ ഉണ്ടോ?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-