പതഞ്ജലിയുടെ 'കൊവിഡ് മരുന്ന്'; ലൈസന്‍സ് നല്‍കിയ ഉത്തരാഖണ്ഡ് സര്‍ക്കാരും കൈ മലര്‍ത്തി...

By Web TeamFirst Published Jun 24, 2020, 7:33 PM IST
Highlights

ജയ്പൂരിലുള്ള നിംസ് (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്) എന്ന സ്വകാര്യ സ്ഥാപനവുമായി സഹകരിച്ചാണ് മരുന്ന് കണ്ടെത്തിയതെന്നും, ദില്ലി, അഹമ്മദാബാദ്, മീററ്റ് എന്നീ നഗരങ്ങളില്‍ നിന്നായി 280 രോഗികളില്‍ ഇത് പരീക്ഷിച്ച് വിജയിച്ചതാണെന്നുമായിരുന്നു 'പതഞ്ജലി'യുടെ അവകാശവാദം. എന്നാല്‍ ഇക്കാര്യങ്ങള്‍ സംബന്ധിച്ച ഒരു രേഖയും കമ്പനി എവിടെയും സമര്‍പ്പിച്ചിട്ടില്ല എന്നാണ് വിവരം

'കൊവിഡ് 19' എന്ന മഹാമാരിക്കെതിരായ കടുത്ത പോരാട്ടത്തിലാണ് രാജ്യം. ഇതുവരെയും രോഗത്തിനെതിരെ ഫലപ്രദമായ മരുന്ന് കണ്ടെത്താനാകാത്തതിനാല്‍ രോഗവ്യാപനം തടയുന്നതിനുള്ള ശ്രമങ്ങള്‍ക്കാണ് അതത് സംസ്ഥാനങ്ങള്‍ പ്രധാനമായും ഊന്നല്‍ നല്‍കുന്നത്. ഇതിനിടെ കൊറോണ വൈറസിനെ സംബന്ധിച്ചോ കൊവിഡ് 19 രോഗത്തെ സംബന്ധിച്ചോ അവ്യക്തമായ പ്രചാരണങ്ങള്‍ ഇറങ്ങുന്നത് വലിയ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിച്ചേക്കുമെന്നും അതിനാല്‍ ഇത്തരം പ്രചാരണങ്ങളെ ചെറുക്കണമെന്നും നേരത്തേ മുതല്‍ തന്നെ ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിവരുന്നതാണ്. 

ഇത്തരമൊരു സാഹചര്യം നിലനില്‍ക്കവേയാണ് യോഗ അധ്യാപകനായ ബാബ രാംദേവിന്റെ 'പതഞ്ജലി ആയുര്‍വേദ്' എന്ന കമ്പനി കൊവിഡിനെതിരെ മരുന്ന് കണ്ടെത്തിയെന്ന വാദവുമായി രംഗത്തെത്തിയിരിക്കുന്നത്. രോഗം ഭേദപ്പെടുത്താനുള്ള മരുന്ന് തങ്ങളുടെ പക്കലുണ്ടെന്ന് കാണിച്ച് പരസ്യം നല്‍കുകയായിരുന്നു കമ്പനി. 'കൊറോണില്‍', 'സ്വാസരി' എന്നിങ്ങനെ രണ്ട് മരുന്നുകളുടെ പാക്കേജ് ആയി 'ദിവ്യ കൊറോണ' എന്ന പേരിലുള്ള കിറ്റ് ഒരാഴ്ചയ്ക്കുള്ളില്‍ വിപണിയിലെത്തുമെന്നാണ് ഇവര്‍ അറിയിച്ചത്. 545 രൂപയാണ് ഒരു കിറ്റിന് ഈടാക്കുകയെന്നും അറിയിച്ചിരുന്നു. 

എന്നാല്‍ മരുന്ന് കണ്ടെത്തിയതുമായി ബന്ധപ്പെട്ട് മറ്റ് വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. അതിനാല്‍ തന്നെ പരസ്യം പുറത്തിറങ്ങി ഏറെ വൈകാതെ സംഭവം വിവാദവുമായി. മരുന്നിന്റെ ആധികാരികത സംബന്ധിച്ച് ആരോഗ്യവിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ ചോദ്യമുന്നയിച്ചു. 

ഇതോടെ കമ്പനിയോട് വിശദീകരണം തേടാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതരായി. മരുന്ന് കണ്ടെത്തുന്നതിനായി നടത്തിയ ഗവേഷണത്തിന്റെ വിശദാംശങ്ങള്‍, മരുന്നിന്റെ പരീക്ഷണം നടത്തിയതിന്റെ രേഖകള്‍ എന്നിവയെല്ലാം സമര്‍പ്പിക്കാന്‍ കമ്പനിയോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടതായാണ് സൂചന. 

ഇതിനിടെ മരുന്നിന് ലൈസന്‍സ് നല്‍കിയ ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ വിശദീകരണം പുറത്തുവന്നിരിക്കുകയാണിപ്പോള്‍. ലൈസന്‍സിന് അപേക്ഷ നല്‍കിയപ്പോള്‍ അതില്‍ 'കൊറോണ'യ്ക്കുള്ള മരുന്നാണെന്ന് പ്രതിപാദിച്ചിരുന്നില്ല എന്നാണ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അറിയിക്കുന്നത്. ദേശീയ വാര്‍ത്താ ഏജന്‍സിയായ 'എ എന്‍ ഐ' ആണ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ പ്രതിനിധിയുടെ പ്രതികരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

'പതഞ്ജലി നല്‍കിയ അപേക്ഷ പ്രകാരം അവരുടെ പുതിയ മരുന്നിന് ഞങ്ങള്‍ ലൈസന്‍സ് നല്‍കി. പക്ഷേ ആ അപേക്ഷയില്‍ കൊറോണ വൈറസിനുള്ള മരുന്ന് എന്ന് പ്രതിപാദിച്ചിരുന്നില്ല. പനി, ചുമ എന്നീ രോഗങ്ങള്‍ക്കും പ്രതിരോധ ശക്തി വര്‍ധിപ്പിക്കാനുമാണ് മരുന്ന് എന്നായിരുന്നു അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നത്...'- ലൈസന്‍സിംഗ് ഓഫീസര്‍ പറഞ്ഞതായി 'എ എന്‍ ഐ' റിപ്പോര്‍ട്ട് ചെയ്യുന്നു. 

കൊവിഡ് 19നുള്ള മരുന്ന് എന്ന തരത്തില്‍ പ്രചാരണം നടത്താനുള്ള അനുമതി എങ്ങനെ ലഭിച്ചുവെന്ന് കമ്പനിയാണ് വിശദീകരിക്കേണ്ടതെന്നും അത് ആവശ്യപ്പെട്ട് തങ്ങള്‍ കമ്പനിക്ക് നോട്ടീസ് നല്‍കുമെന്നും അദ്ദേഹം അറിയിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

ജയ്പൂരിലുള്ള നിംസ് (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്) എന്ന സ്വകാര്യ സ്ഥാപനവുമായി സഹകരിച്ചാണ് മരുന്ന് കണ്ടെത്തിയതെന്നും, ദില്ലി, അഹമ്മദാബാദ്, മീററ്റ് എന്നീ നഗരങ്ങളില്‍ നിന്നായി 280 രോഗികളില്‍ ഇത് പരീക്ഷിച്ച് വിജയിച്ചതാണെന്നുമായിരുന്നു 'പതഞ്ജലി'യുടെ അവകാശവാദം. എന്നാല്‍ ഇക്കാര്യങ്ങള്‍ സംബന്ധിച്ച ഒരു രേഖയും കമ്പനി എവിടെയും സമര്‍പ്പിച്ചിട്ടില്ല എന്നാണ് വിവരം. ഇപ്പോള്‍ മരുന്നിന് ലൈസന്‍സ് നല്‍കിയ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ തന്നെ അതിലെ അവ്യക്തത ചൂണ്ടിക്കാട്ടിയിരിക്കുകയാണ്. ഇനിയും ഇക്കാര്യത്തില്‍ എന്ത് വിശദീകരണമാണ് 'പതഞ്ജലി' നല്‍കുകയെന്നത് കണ്ടറിയാം.

Also Read:- 'എന്ത് അടിസ്ഥാനത്തിലാണിത്?', പതഞ്ജലിയുടെ 'കൊവിഡ് മരുന്ന്' പരസ്യത്തിനെതിരെ കേന്ദ്രം...

click me!