Covid Vaccine : വാക്‌സിന്‍ സ്വീകരിച്ച അമ്മമാരില്‍ നിന്ന് മുലപ്പാല്‍ വഴി കുഞ്ഞുങ്ങള്‍ക്കും പ്രതിരോധശേഷി; പഠനം

By Web TeamFirst Published Jan 12, 2022, 12:09 PM IST
Highlights

കൊവിഡ് വാക്സിന്‍ സ്വീകരിച്ച അമ്മമാരില്‍ നിന്ന് മുലപ്പാല്‍ വഴി കുഞ്ഞുങ്ങള്‍ക്കും ആന്‍റിബോഡികള്‍ ലഭിക്കുമെന്നും ഇതവര്‍ക്ക് കൊറോണ വൈറസില്‍ നിന്ന് സംരക്ഷണം നല്‍കുമെന്നുമാണ് പുതിയ ഒരു പഠനം പറയുന്നത്. മസാച്ചുസെറ്റ്സ് സര്‍വകലാശാലയിലെ ഗവേഷകര്‍ ആണ് പഠനം നടത്തിയത്. 

കൊവിഡ് (Covid 19) മഹാമാരിയെ ഫലപ്രദമായി ചെറുക്കാന്‍ വാക്‌സിന്‍ (vaccine) മാത്രമാണ് ഇപ്പോഴും നമുക്ക് ലഭ്യമായ മാര്‍ഗം. അതേസമയം, ഗര്‍ഭിണികള്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് പല വിധത്തിലുള്ള ആശങ്കകളാണ് ഇന്നും പലര്‍ക്കും ഉള്ളത്. എന്നാല്‍ ഗര്‍ഭിണികള്‍ വാക്‌സിന്‍ സ്വീകരിക്കുന്നത് കൊണ്ട് പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. ഇതുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങളാണ് പുറത്തുവരുന്നത്. 

ഇപ്പോഴിതാ കൊവിഡ് വാക്സിന്‍ സ്വീകരിച്ച അമ്മമാരില്‍ നിന്ന് മുലപ്പാല്‍ വഴി കുഞ്ഞുങ്ങള്‍ക്കും ആന്‍റിബോഡികള്‍ ലഭിക്കുമെന്നും ഇതവര്‍ക്ക് കൊറോണ വൈറസില്‍ നിന്ന് സംരക്ഷണം നല്‍കുമെന്നുമാണ് പുതിയ ഒരു പഠനം പറയുന്നത്. മസാച്ചുസെറ്റ്സ് സര്‍വകലാശാലയിലെ ഗവേഷകര്‍ ആണ് പഠനം നടത്തിയത്. 

വാക്സിന്‍ എടുത്ത അമ്മമാരുടെ മുലപ്പാലില്‍ മാത്രമല്ല, ഇവര്‍ മുലയൂട്ടുന്ന കുഞ്ഞുങ്ങളുടെ മലത്തിലും ആന്‍റിബോഡി സാന്നിധ്യം ഗവേഷകര്‍ കണ്ടെത്തി. ഒന്നര മാസം മുതല്‍ 23 മാസം വരെയുള്ള കുഞ്ഞുങ്ങളിലാണ് ഇത്തരത്തില്‍ ആന്‍റിബോഡി സാന്നിധ്യം കണ്ടെത്താനായതെന്നും ഒബ്സ്ടെട്രിക്സ് ആന്‍ഡ് ഗൈനക്കോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. 

അമേരിക്കയിലെ മുലയൂട്ടുന്ന 30 അമ്മമാരിലും അവരുടെ കുഞ്ഞുങ്ങളിലുമാണ് ഗവേഷണം നടത്തിയത്. ഇവരില്‍ ആരോഗ്യപ്രവര്‍ത്തകരും ഉണ്ടായിരുന്നു. 2021 ജനുവരി- ഏപ്രില്‍ മാസത്തിനിടെയാണ് ഇവര്‍ക്ക് കൊവിഡ് എംആര്‍എന്‍എ വാക്സിന്‍ നല്‍കിയത്. വാക്സിന്‍ എടുക്കുന്നതിന് മുന്‍പും ആദ്യ ഡോസ് എടുത്ത ശേഷം 2-3 ആഴ്ച കഴിഞ്ഞും രണ്ടാമത്തെ ഡോസിന് മൂന്നാഴ്ച കഴിഞ്ഞും മുലപ്പാല്‍ സാംപിളുകള്‍ ഇവരില്‍ നിന്ന് ശേഖരിച്ചു.

ആദ്യ ഡോസിന് 19 ദിവസങ്ങള്‍ക്ക് ശേഷവും രണ്ടാമത്തെ ഡോസിന് 21 ദിവസങ്ങള്‍ക്ക് ശേഷവും ഇവരുടെ രക്ത സാംപിളുകളും എടുത്തു. അമ്മമാര്‍ രണ്ടാമത്തെ ഡോസ് എടുത്ത് 21 ദിവസങ്ങള്‍ക്ക് ശേഷമാണ് കുഞ്ഞുങ്ങളുടെ മലത്തിന്‍റെ സാംപിള്‍ എടുത്തത്. മുലപ്പാലിലും കുഞ്ഞുങ്ങളുടെ മലത്തിലും വാക്സിന്‍ എടുത്ത ശേഷം IgG, IgA  ആന്‍റിബോഡികളുടെ സാന്നിധ്യം കണ്ടെത്താനായെന്നാണ് ഗവേഷകര്‍ പറയുന്നത്. 

Also Read: ബോഡിഷെയിമിങ്ങിന് വ്യത്യസ്ത രീതിയിൽ മറുപടി നൽകി യുവതി; വീഡിയോ വൈറല്‍

click me!