'ജോയിന്റ് പെയ്ന്‍' സ്ഥിരമാണോ? ഒരുപക്ഷേ ഇതാകാം കാരണം...

By Web TeamFirst Published Feb 7, 2020, 9:07 PM IST
Highlights

എല്ലുകള്‍ക്ക് ആവശ്യമായത്ര ബലം ഇല്ലാതാകുന്ന സാഹചര്യത്തിലാണ് പ്രധാനമായും സന്ധിവേദന അനുഭവപ്പെടുന്നത്. പല കാരണങ്ങള്‍ കൊണ്ടുമാകാം, എല്ലിന് ബലക്ഷയം സംഭവിക്കുന്നത്. പ്രായവും പരിക്കുമെല്ലാം ഇതിലുള്‍പ്പെടുന്ന ചില കാരണങ്ങളാണ്. എന്നാല്‍ ചെറുപ്പക്കാരിലും ഇത്തരത്തില്‍ സന്ധിവേദനയുണ്ടാകുന്നത് എന്തുകൊണ്ടായിരിക്കാം?
 

ചിലരെ ശ്രദ്ധിച്ചിട്ടില്ലേ, എപ്പോഴും ശരീരവേദനകളെപ്പറ്റി പരാതിപ്പെട്ട് കൊണ്ടിരിക്കുന്നവര്‍. കാല്‍മുട്ടിന് വേദന, കൈവിരലുകളുടെ ഏപ്പുകളില്‍ വേദന, കൈമുട്ട് വേദന എന്നിങ്ങനെ മാറിമാറിപ്പറയുന്നതും കേള്‍ക്കാം. സന്ധിവേദന അഥവാ 'ജോയിന്റ് പെയ്ന്‍' മൂലമാകാം ഇത് സംഭവിക്കുന്നത്. 

എല്ലുകള്‍ക്ക് ആവശ്യമായത്ര ബലം ഇല്ലാതാകുന്ന സാഹചര്യത്തിലാണ് പ്രധാനമായും സന്ധിവേദന അനുഭവപ്പെടുന്നത്. പല കാരണങ്ങള്‍ കൊണ്ടുമാകാം, എല്ലിന് ബലക്ഷയം സംഭവിക്കുന്നത്. പ്രായവും പരിക്കുമെല്ലാം ഇതിലുള്‍പ്പെടുന്ന ചില കാരണങ്ങളാണ്. 

എന്നാല്‍ ചെറുപ്പക്കാരിലും ഇത്തരത്തില്‍ സന്ധിവേദനയുണ്ടാകുന്നത് എന്തുകൊണ്ടായിരിക്കാം? 

നമ്മുടെ എല്ലുകള്‍ക്ക് വേണ്ടത്ര ശക്തി പകര്‍ന്നുനല്‍കുന്ന കാര്യത്തില്‍ വിറ്റാമിന്‍-ഡി വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഈ വിറ്റാമിന്‍-ഡിയുടെ കുറവ് മൂലമാകാം ഒരുപക്ഷേ സന്ധിവേദന പതിവാകുന്നത്. എന്നാല്‍ പലപ്പോഴും ഇക്കാര്യം നമ്മള്‍ എളുപ്പത്തില്‍ തിരിച്ചറിഞ്ഞേക്കില്ല. തിരിച്ചറിയാത്തത് കൊണ്ടുതന്നെ, ഇതിനെ പരിഹരിക്കാനുള്ള ശ്രമങ്ങളും നമ്മള്‍ നടത്തില്ല. 

ഭക്ഷണത്തിലൂടെയും സൂര്യപ്രകാശത്തിലൂടെയുമാണ് വിറ്റാമിന്‍-ഡി പ്രധാനമായും നമ്മുടെ ശരീരത്തിലെത്തുന്നത്. നമ്മുടെ ആകെ ആരോഗ്യത്തിന് പല തരത്തില്‍ ഉപകാരപ്പെടുന്ന ഒരു ഘടകമാണ് വിറ്റാമിന്‍-ഡി. അതിനാല്‍ തന്നെ ഇതിന്റെ അളവ് ഒരു പരിധിയിലധികം കുറഞ്ഞാല്‍ പല ആരോഗ്യപ്രശ്‌നങ്ങളും നമുക്ക് നേരിടേണ്ടതായി വരാം. 

ഇതിലുള്‍പ്പെടുന്ന സുപ്രധാനമായ ആരോഗ്യപ്രശ്‌നം തന്നെയാണ് സന്ധിവേദന. വിറ്റാമിന്‍-ഡിയുടെ കുറവ് എല്ലുകളുടേയും സന്ധികളുടേയും നിലനില്‍പിനെ നേരിട്ട് ബാധിക്കുന്നു. കാരണം, എല്ലുകളുടെ വളര്‍ച്ചയ്ക്കും, കേടുപാടുകള്‍ പരിഹരിക്കുന്നതിനും ആവശ്യമായ കാത്സ്യം ഭക്ഷണത്തില്‍ നിന്ന് പിടിച്ചെടുക്കാന്‍ വിറ്റാമിന്‍-ഡിയുടെ ആവശ്യമുണ്ട്. അങ്ങനെയാകുമ്പോള്‍ വിറ്റാമിന്‍-ഡി കുറയുന്നത് മൂലം എല്ലുകള്‍ക്കാവശ്യമായ കാത്സ്യം ലഭിക്കാതെയാകുന്നു. തുടര്‍ന്ന് എല്ലുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും എല്ല് വളര്‍ച്ച കുറയുകയും ചെയ്യുന്നു. 

പതിയെ എല്ല് തേയ്മാനത്തിലേക്കും ഇത് വഴിവച്ചേക്കാം. വളരെ ഗുരുതരമായ അവസ്ഥകളിലേക്കെല്ലാം ഒരു വ്യക്തിയെ എത്തിച്ചേക്കാവുന്ന അസുഖമാണ് എല്ല് തേയ്മാനം. വലിയൊരു പരിധി വരെ ഈ പ്രശ്‌നങ്ങളെല്ലാം നമുക്ക ്തന്നെ പരിഹരിക്കാവുന്നതാണ്. അതായത്, എല്ലാ ദിവസവും രാവിലെയോ വൈകീട്ടോ വെയിലുള്ള സമയത്ത് അല്‍പനേരം നടക്കാം. 

ഒപ്പം ഭക്ഷണത്തിലും ചില കരുതലുകളാകാം. ഓറഞ്ച്, ഓട്ട്‌സ്, സോയ മില്‍ക്ക്, പശുവിന്‍ പാല്‍, കൂണ്‍, മുട്ടയുടെ മഞ്ഞ എന്നിവയെല്ലാം വിറ്റാമിന്‍-ഡി വേണ്ടത്ര കിട്ടാന്‍ സഹായിക്കുന്ന ഭക്ഷണമാണ്. ഇവയെല്ലാം ഡയറ്റിലുള്‍പ്പെടുത്താന്‍ ശ്രദ്ധിക്കാം. അല്‍പം കൂടി സാരമായ രീതിയിലാണ് നിങ്ങളുടെ ആരോഗ്യാവസ്ഥയെങ്കില്‍ ഒരു ഡോക്ടറെ കണ്ട്, ആവശ്യമെങ്കില്‍ വിറ്റാമിന്‍-ഡി സപ്ലിമെന്റുകള്‍ കഴിക്കാവുന്നതുമാണ്. 

click me!