തൈറോയ്ഡ് ക്യാൻസറിന് സ്കാർലെസ് റോബോട്ടിക് സർജറി നടത്തി വിപിഎസ് ലേക്‌ഷോർ

Published : Jul 08, 2025, 09:06 PM IST
vps

Synopsis

പരമ്പരാഗത തൈറോയ്ഡ് ശസ്ത്രക്രിയ സാധാരണയായി കഴുത്തിൽ ഒരു മുറിപ്പാട് അവശേഷിപ്പിക്കും. ഒപ്പം പൂർണ്ണമായും സുഖം പ്രാപിക്കാൻ ആറ് മുതൽ ഒമ്പത് മാസം വരെ എടുക്കുകയും ചെയ്യുന്നു. 

കൊച്ചി : സങ്കീർണമായ തൈറോയ്ഡ് കാൻസറിന് കേരളത്തിലെ ആദ്യത്തെ സ്കാർലെസ് റോബോട്ടിക് സർജറി നടത്തി വിപിഎസ് ലേക്‌ഷോർ. റോബോട്ട്-അസിസ്റ്റഡ് ബ്രെസ്റ്റ് ആക്‌സിലോ ഇൻസഫ്ലേഷൻ തൈറോയ്ഡെക്ടമി വിത്ത് റോബോട്ടിക് നെക്ക് ഡിസെക്ഷൻ (RABIT-ND) എന്ന റോബോട്ടിക് സർജറിയിലൂടെയാണ് തൈറോയ്ഡ് ഗ്രന്ഥിയും സമീപത്തുള്ള ലിംഫ് നോഡുകളും മുറിപ്പാടില്ലാതെ നീക്കം ചെയ്തത്.

ഡോ. ഷോൺ ടി. ജോസഫിന്റെ നേതൃത്വത്തിലുള്ള ഹെഡ് ആൻഡ് നെക്ക് വിഭാഗമാണ് ശസ്ത്രക്രിയ നടത്തിയത്. തൈറോയ്ഡ് കാൻസർ രോഗനിർണയം നടത്തിയ 31 വയസ്സുള്ള സ്ത്രീയിലാണ് ചികിത്സ വിജയകരമായത്. സാധാരണയായി ഈ രോഗാവസ്ഥയിൽ കഴുത്തിൽ മുറിവുണ്ടാക്കിയാണ് തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യുന്നത്. എന്നാൽ അതിന് പകരമായി കക്ഷത്തിലും സ്തനഭാഗത്തും ഉണ്ടാക്കിയ ചെറിയ മുറിവുകൾ വഴിയാണ് ശസ്ത്രക്രിയ നടത്തിയത്. റോബോട്ടിക് ഉപകരണങ്ങൾ പ്രവർത്തിക്കാൻ ഇടം സൃഷ്ടിക്കാൻ വായു മർദ്ദം ഉപയോഗിച്ചു.

"ഈ ചികിത്സാരീതി രോഗികളെ വേഗത്തിൽ സുഖം പ്രാപിക്കാൻ സഹായിക്കുന്നു. ഇതിൽ കഴുത്ത് ദൃശ്യമായ മുറിവില്ലാതെ സ്വാഭാവികമായി നിലനിർത്തുകയും ശസ്ത്രക്രിയയ്ക്ക് ശേഷം ഉടൻ തന്നെ സാധാരണ രീതിയിൽ ചലിക്കാൻ കഴിയുകയും ചെയ്യുന്നു," ഡോ. ഷോൺ പറഞ്ഞു. ഡോ. അഭിജിത്ത് ജോർജ്, ഡോ. കാരുണ്യ ആർ ഗോപാൽ, ഡോ. സൗരഭ് പത്മനാഭൻ, ഡോ. സാറാ മേരി തമ്പി, അനസ്തേഷ്യോളജിസ്റ്റ് ഡോ. മല്ലി എബ്രഹാം, ഒ.ടി. നഴ്‌സ് സരിൻ എന്നിവരടങ്ങുന്ന വിദഗ്ദ്ധ ഡോക്ടർമാരുടെയും ജീവനക്കാരുടെയും സംഘം ഉൾപ്പെടുന്നതാണ് ടീം.

പരമ്പരാഗത തൈറോയ്ഡ് ശസ്ത്രക്രിയ സാധാരണയായി കഴുത്തിൽ ഒരു മുറിപ്പാട് അവശേഷിപ്പിക്കും. ഒപ്പം പൂർണ്ണമായും സുഖം പ്രാപിക്കാൻ ആറ് മുതൽ ഒമ്പത് മാസം വരെ എടുക്കുകയും ചെയ്യുന്നു. ഈ പുതിയ റോബോട്ടിക് സർജറിയിൽ കഴുത്തിലെ മുറിപ്പാട് ഒഴിവാക്കുകയും രോഗശാന്തി വേഗത്തിലാക്കുകയും ചെയ്യുന്നു.

“സാധാരണ ശസ്ത്രക്രിയയുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇത് ഒരു മികച്ച ഓപ്ഷനാണ്. ഇത് വേദനകുറയ്ക്കുന്നു, ഒപ്പം വേഗത്തിൽ സുഖം പ്രാപിക്കാൻ അനുവദിക്കുന്നു, ദൃശ്യമായ മുറിപ്പാട് ഇല്ലാത്തതിനാൽ രോഗിയുടെ ആത്മവിശ്വാസം മെച്ചപ്പെടുത്തുകായും ചെയ്യും. റോബോട്ടിക് ശസ്ത്രക്രിയ മികച്ച കൃത്യത നൽകുന്നു. ചെലവ് ഇപ്പോൾ കൂടുതൽ താങ്ങാനാകുന്നതാണ്, അതിനാൽ കൂടുതൽ രോഗികൾക്ക് ഈ ചികിത്സയിൽ നിന്ന് പ്രയോജനം നേടാൻ കഴിയും,” ഡോ. ഷോൺ കൂട്ടിച്ചേർത്തു.

രണ്ടോ മൂന്നോ ആഴ്ചകൾക്കുള്ളിൽ രോഗിക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. സർജറിയുടെ ചെലവ് ഏകദേശം 3.5 ലക്ഷമാണ്. സങ്കീർണ ഘട്ടങ്ങളിലുള്ള ചില തൈറോയ്ഡ് കാൻസർ കേസുകളിലും ഇത് ഉപയോഗിക്കാൻ കഴിയും.

വിപിഎസ് ലേക്‌ഷോർ നടത്തുന്ന മുറിപ്പാട് ഇല്ലാത്ത തൈറോയ്ഡ് ശസ്ത്രക്രിയയിലെ രണ്ടാമത്തെ പ്രധാന നേട്ടമാണിത്. ഇതേ സംഘം നേരത്തെ കേരളത്തിലെ ആദ്യത്തെ ട്രാൻസോറൽ റോബോട്ടിക് തൈറോയ്ഡ് സർജറി (TORT) നടത്തിയിരുന്നു, ഇതിൽ തൈറോയ്ഡ് ഗ്രന്ഥി വായിലൂടെ പുറമെ മുറിപ്പാടില്ലാതെ നീക്കം ചെയ്തു.

“കേരളത്തിൽ റോബോട്ടിക് ശസ്ത്രക്രിയയ്ക്ക് വിലയേറിയ സംഭാവനകളാണ് ഞങ്ങളുടെ ഹെഡ് ആൻഡ് നെക്ക് ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്നത്. തൈറോയ്ഡ് രോഗികൾക്ക് സുരക്ഷിതവും വേദനാരഹിതവുമായ ഓപ്ഷനുകൾ ഞങ്ങളുടെ വിദഗ്ധ ടീം വാഗ്ദാനം ചെയ്യുന്നു,” എംഡി എസ് കെ അബ്ദുള്ള പറഞ്ഞു.

 

 

PREV
Read more Articles on
click me!

Recommended Stories

ഈ പഴം പതിവാക്കൂ, പ്രതിരോധശേഷി കൂട്ടാനും ഹൃദയാരോ​ഗ്യത്തിനും സഹായിക്കും
ഈ എട്ട് ഭക്ഷണങ്ങൾ എല്ലുകളെ നശിപ്പിക്കും