
പ്രമേഹം ഇന്ന് മിക്കവരെയും അലട്ടുന്ന അസുഖമാണ്. പ്രമേഹം എന്നത് ഒരസുഖം മാത്രമല്ല മറിച്ച് ശരീരത്തിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന ഒരവസ്ഥയാണ്. രക്തത്തില്‍ ഗ്ലൂക്കോസിന്‍റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയാണ് പ്രമേഹം. പണ്ടുകാലങ്ങളിൽ മുതിർന്നവരിൽ മാത്രം കാണപ്പെട്ടിരുന്ന ഈ രോഗം കൗമാരക്കാരിലും യുവാക്കളിലും ഇന്ന് വ്യാപകമായി കണ്ടുവരുന്നു.
95% പ്രമേഹ രോഗികളിലും കാണപ്പെടുന്നത് ടൈപ്പ് 2 പ്രമേഹം ആണ്. സാധാരണയായി 35 വയസ്സിന് മുകളിലുള്ളവർക്കാണ് ഈ രോഗം കൂടുതലും കാണപ്പെടുന്നത്. ഇൻസുലിന്റെ ഉല്പാദനക്കുറവോ അല്ലെങ്കിൽ ഉല്പാദിപ്പിക്കാതെയിരിക്കുകയോ ചെയ്യുമ്പോഴാണ് ടൈപ്പ് 2 പ്രമേഹം ഉണ്ടാകുന്നത്. പ്രമേഹം നിയന്ത്രിക്കാൻ ചെയ്യേണ്ടത് എന്തൊക്കെയാണെന്ന് നോക്കാം...
ഒന്ന്...
തുടർച്ചയായി ശരീരത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുക. ഇത് ദിനംപ്രതിയായാൽ നല്ലത്. പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇത് നല്ലതാണ്. മൂന്ന് മാസത്തിലൊരിക്കൽ ഡോക്ടറെ കാണുകയും വേണം.
രണ്ട്...
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വലിയതോതില്‍ കുറഞ്ഞുപോകുന്ന അവസ്ഥയായ ഹൈപ്പോഗ്ലൈസീമിയയെ മറികടക്കാൻ ശ്രമിക്കുക. വിശപ്പ്, വിയർപ്പ്, വിഭ്രാന്തി, അബോധാവസ്ഥ എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ.
മൂന്ന്...
ഭക്ഷണത്തിൽ കാർബോഹൈട്രേറ്റ് കുറയ്ക്കുന്നതിന് ആവശ്യമായ മുൻകരുതൽ സ്വീകരിക്കുക. ഇതിനായി പച്ചക്കറികളും ആവശ്യമായ നാരുകളുമുള്ള ഭക്ഷണം ശീലമാക്കണം. നാരുകളുള്ള ഭക്ഷണത്തിന് കാർബോഹൈട്രേറ്റിനെ വലിച്ചെടുക്കാനും ഗ്ലൈസിമിക് ഇൻഡക്സിനെ നിയന്ത്രിക്കാനും കഴിയും. അതിനാൽ പ്രമേഹരോഗികൾ ഇക്കാര്യം ശ്രദ്ധിക്കണം.
നാല്...
ആരോഗ്യത്തിന് ആവശ്യമായ ഭക്ഷണ ക്രമീകരണം നടത്തുക. വിവിധ ഭക്ഷണങ്ങൾ കഴിക്കുംമുമ്പ് അതിൽ അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റ്, പഞ്ചസാര എന്നിവയെക്കുറിച്ച് ബോധ്യമുണ്ടായിരിക്കണം. വാഴപ്പഴങ്ങൾ, തെെര്, സോസ് തുടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്.
അഞ്ച്...
ദിവസവും അരമണിക്കൂർ നടത്തം ശീലമാക്കുക. എല്ലാദിവസവും നടക്കുന്നത് പ്രമേഹനിയന്ത്രണത്തിനും ഹൃദയ സംബന്ധമായ അസുഖങ്ങൾ ഒഴിവാക്കുന്നതിനും നല്ലതാണ്. ദിവസം നടക്കുന്നത് രക്തത്തിലെ പഞ്ചസാരയുെട അളവ് നിയന്ത്രിക്കപ്പെടുന്നതിനും ഗുണം ചെയ്യും.
ആറ്...
വൃക്ക പരിശോധന നടത്തുക. പ്രമേഹരോഗികളിൽ വൃക്ക രോഗം പിടിപെടാനുള്ള സാധ്യത കൂടുതലായതിനാൽ വൃക്കയുടെ പ്രവർത്തനം പരിശോധിക്കണം. എന്നാൽ പ്രാരംഭത്തിലെ ഇത്തരം പ്രശ്നങ്ങൾ കണ്ടെത്തിയാൽ ചികിത്സയിലൂടെ അവയെ മറികടക്കാം.
ഏഴ്...
പ്രമേഹ ബാധിതരുടെ കാലിനുണ്ടാകുന്ന മുറിവുകൾ ഗുരുതരമാകാനും വ്രണങ്ങളാകാനുമുള്ള സാധ്യതയുള്ളതിനാൽ പാദങ്ങളെ പരിചരിക്കുകയും സുരക്ഷിതമാക്കുകയും ചെയ്യുക. പാദങ്ങളെ പൂർണ്ണമായും മൂടുന്ന ചെരിപ്പുകളോ ഷൂവോ ധരിക്കുന്നത് ഗുണം ചെയ്യും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam