
പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രം അഥവാ പിസിഒഡി ഇന്ന് സ്ത്രീകളില്‍ കണ്ടുവരുന്ന പ്രധാന ആരോഗ്യപ്രശ്‌നങ്ങളിലൊന്നാണ്. പുതിയ കാലത്തെ ജീവിതശൈലിയും ആരോഗ്യശീലങ്ങളും പിസിഒഡിയുള്ളവരുടെ എണ്ണം വര്‍ദ്ധിക്കാന്‍ ഇടയാക്കുന്നു. ക്രമരഹിതമായ ആര്‍ത്തവചക്രം, അമിതവണ്ണം, ഇന്‍സുലിന്‍ പ്രതിരോധം, അമിത രോമവളര്‍ച്ച തുടങ്ങി നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്കാണ് പിഡിഒഡി കാരണമാകുന്നത്. പിസിഒഡിയുള്ളവര്‍ കാലക്രമേണ പ്രമേഹ രോഗികളാകാനുള്ള സാധ്യത വളരെയധികം കൂടുതലാണ്. കൃത്യമായ പരിഗണന നല്‍കിയില്ലെങ്കില്‍ വന്ധ്യതയ്ക്കും പിസിഒഡി ഇടയാക്കും. ചിട്ടയായ ഭക്ഷണക്രമവും ജീവിതശൈലിയും പിസിഒഡിയെ നിയന്ത്രിച്ച് നിര്‍ത്താന്‍ സഹായിക്കും. ചികിത്സ, വ്യായാമം, ഭക്ഷണം എന്നീ മൂന്ന് ഘടകങ്ങളിലും ഒരുപോലെ ശ്രദ്ധപതിപ്പിച്ചാല്‍ പിസിഒഡി മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെ തടയിടാനാകും.
പിസിഒഡിയുള്ളവര്‍ ശ്രദ്ധിക്കേണ്ട ചില ഭക്ഷണശീലങ്ങളെ കുറിച്ച് നോക്കാം.
ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം
നാരുകള്‍ കൂടുതലായി അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ദഹനം മന്ദഗതിയിലാക്കും. ഇതുമൂലം ആഹാരം കഴിച്ചയുടന്‍ രക്തത്തിലെ ഇന്‍സുലിന്റെ അളവ് വേഗത്തില്‍ ഉയരുന്ന അവസ്ഥ ഒഴിവാക്കാം. ഓട്‌സ്, തവിട് കളയാത്ത ധാന്യങ്ങള്‍, ഫ്‌ലാക് സീഡ്, പരിപ്പുവര്‍ഗങ്ങള്‍, പച്ചക്കറികളായ ബ്രക്കോളി, ചീര, കാരറ്റ്, പഴവര്‍ഗങ്ങളായ ആപ്പിള്‍, ബെറികള്‍ തുടങ്ങിയവയെല്ലാം ഭക്ഷണത്തിന്റെ ഭാഗമാക്കാം.
പിസിഒഡിയുള്ളവര്‍ നേരിടുന്ന പ്രധാനപ്രശ്‌നങ്ങളിലൊന്നാണ് ഉയരുന്ന ശരീരഭാരം. ശരിയായ ഭക്ഷണശീലങ്ങളും കൃത്യമായ വ്യായാമവും അമിതവണ്ണത്തെ വരുതിയിലാക്കാന്‍ സഹായിക്കും. പ്രോട്ടീന്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണം വിശപ്പ് നിയന്ത്രിക്കാനും മസില്‍ മാസ് ഉയര്‍ത്താനും സഹായിക്കും. തൊലി നീക്കിയ ചിക്കന്‍, മുട്ട, ടോഫു, മത്സ്യം, പനീര്‍, പയറുവര്‍ഗങ്ങള്‍ എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്താം.
നല്ല കൊഴുപ്പ് ധാരാളമായി അടങ്ങിയ അവാക്കാഡോ പോലുള്ള ഭക്ഷണങ്ങള്‍ പിസിഒഡി ഉള്ളവര്‍ക്ക് ഗുണം ചെയ്യും. ഹോര്‍മോണ്‍ ഉല്‍പ്പാദനം ക്രമമാക്കുന്നതിനൊപ്പം ഇന്‍ഫ്‌ലമേഷന്‍ കുറയ്ക്കാനും നല്ല കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ ഉപകരിക്കും. നട്‌സ്, വിത്തുകള്‍, മത്സ്യം. ഒലീവ് ഓയില്‍, നെയ് തുടങ്ങിയവയെല്ലാം ആഹാരത്തിന്റെ ഭാഗമാക്കാം.
ഒരു ഭക്ഷണപഥാര്‍ത്ഥത്തിലെ അന്നജം രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ഉയര്‍ത്തുന്ന തോതാണ് ഗ്ലൈസിമിക് ഇന്‍ഡക്‌സ്. പിസിഒഡി ഉള്ളവരില്‍ ഇന്‍സുലിന്‍ പ്രതിരോധം ഉള്ളതിനാല്‍ ഗ്ലൈസിമിക് ഇന്‍ഡക്‌സ് കുറഞ്ഞ ഭക്ഷണം കഴിക്കുന്നത് ഗുണം ചെയ്യും. മധുരക്കിഴങ്ങ്, ബാര്‍ലി, തവിട് കളയാത്ത ധാന്യങ്ങള്‍ തുടങ്ങിയവയെല്ലാം ജിഐ കുറഞ്ഞ ഭക്ഷണങ്ങളാണ്. മഞ്ഞള്‍, ഇഞ്ചി തുടങ്ങി ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുള്ള ഭക്ഷണങ്ങളും ശീലമാക്കാം.
ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
അമിതമായ അളവില്‍ മധുരം കഴിക്കുന്നത് പിസിഒഡി വഷളാക്കും. ഈ രോഗാവസ്ഥയില്‍ പ്രമേഹം കടന്നുവരാനുള്ള സാധ്യത വളരെയധികം കൂടുതലാണ്. ധാരാളം മധുരം കഴിക്കുന്നത് അമിതവണ്ണത്തിന് കാരണമാകും.
പാക്കറ്റ് ജ്യൂസ്, ശീതളപാനിയങ്ങള്‍, സോഡാ, കൃത്രിമ മധുരം തുടങ്ങിയവയെല്ലാം വില്ലന്മാരാണ്. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, ഫാസ്റ്റ് ഫുഡ് തുടങ്ങിയവയുടെ ഉപയോഗം നിയന്ത്രിച്ച് നിര്‍ത്തണം.
ധാരാളം പ്രിസര്‍വേറ്റീവുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഇന്‍ഫ്‌ലമേഷനും ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ക്കും ഇടയാക്കും.
റെഡ് മീറ്റുകളായ മട്ടണ്‍, ബീഫ് തുടങ്ങിയവയും നിയന്ത്രിക്കാം.
പൂര്‍ണമായും ഇവ ഒഴിവാക്കുന്നതിന് പകരം ആരോഗ്യകരമായ പാചക രീതികള്‍ പരീക്ഷിക്കുകയോ കഴിക്കുന്ന അളവില്‍ നിയന്ത്രണം വരുത്തുകയോ ചെയ്യാം.
പാല്‍ ഉല്‍പ്പന്നങ്ങളുടെ ഉപയോഗത്തിലും ശ്രദ്ധവേണം. ടെസ്റ്റോസ്റ്റെറോണ്‍, ആന്‍ഡ്രജന്‍ തുടങ്ങിയ ഹോര്‍മോണുകളുടെ അളവ് വളരെയധികം ഉയര്‍ന്നുനില്‍ക്കുന്ന അവസ്ഥയില്‍ പാല്‍ പൂര്‍ണമായും ഒഴിവാക്കുന്നതാണ് അഭികാമ്യം. എന്നാല്‍ തൈര്, യോഗര്‍ട്ട് എന്നിവ ഉപയോഗിക്കാം.
ഒഴിവാക്കരുത് വ്യായാമം
നിത്യേനയുള്ള വ്യായാമം ശരീരത്തിനും മനസിനും ഉണര്‍വ് നല്‍കും. വ്യായാമം ശീലമാക്കുന്നത് പിസിഒഡിയെ ചെറുക്കാനുള്ള മാര്‍ഗമാണ്. കാര്‍ഡിയോ വ്യായാമങ്ങള്‍ക്ക് പുറമെ സ്‌ട്രെംഗ്ത് ട്രെയിനിംഗ്, ഫ്‌ലെക്‌സിബിളിറ്റി എക്‌സര്‍സൈസുകളും ഉള്‍പ്പെടുത്തണം. ഇന്‍സുലിന്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും, ശരീരഭാരം നിയന്ത്രിച്ച് നിര്‍ത്താനും ഇത് സഹായിക്കും. കൂടാതെ പിസിഒഡിയുളളവരില്‍ കണ്ടുവരുന്ന ഉത്കണ്ഠ, മൂഡ് സ്വിംഗ് തുടങ്ങിയ അവസ്ഥകള്‍ മെച്ചപ്പെടുത്താനും വ്യായാമം സഹായിക്കും.