'കൊവിഡിന്റെ ഉറവിടം സംബന്ധിച്ച റിപ്പോര്‍ട്ട് ഈ മാസം പകുതിയോടെ പുറത്തുവിടും'

By Web TeamFirst Published Mar 5, 2021, 10:23 PM IST
Highlights

2019 അവസാനത്തോടെ ചൈനയിലെ വുഹാനിലാണ് ആദ്യമായി കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വുഹാനിലെ ഒരു മാംസ മാര്‍ക്കറ്റിലൂടെ ഏതോ മൃഗത്തില്‍ നിന്ന് മനുഷ്യരിലെത്തിയതാണ് വൈറസെന്നായിരുന്നു അന്ന് ഗവേഷകര്‍ കണ്ടെത്തിയ നിഗമനം

കൊവിഡ് 19 മഹാമാരിയുടെ ഉറവിടം സംബന്ധിച്ച റിപ്പോര്‍ട്ട് ഈ മാസം പകുതിയോടെ പുറത്തുവിടുമെന്ന് ലോകാരോഗ്യ സംഘടന. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഗവേഷകരും ലോകാരോഗ്യ സംഘടനയില്‍ നിന്നുള്ള വിദഗ്ധരും അടങ്ങുന്ന സംഘം കൊവിഡിന്റെ ഉറവിടം തേടിയുള്ള പഠനം ജനുവരിയിലാണ് ആരംഭിച്ചത്. 

2019 അവസാനത്തോടെ ചൈനയിലെ വുഹാനിലാണ് ആദ്യമായി കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വുഹാനിലെ ഒരു മാംസ മാര്‍ക്കറ്റിലൂടെ ഏതോ മൃഗത്തില്‍ നിന്ന് മനുഷ്യരിലെത്തിയതാണ് വൈറസെന്നായിരുന്നു അന്ന് ഗവേഷകര്‍ കണ്ടെത്തിയ നിഗമനം. 

പിന്നീട് ഈ കണ്ടെത്തലില്‍ പല രാജ്യങ്ങളും സംശയമുന്നയിക്കുകയും വുഹാനിലെ ഒരു ലബോറട്ടറിയില്‍ നിന്ന് പുറത്തെത്തിയതാണ് വൈറസെന്ന വാദം കൊണ്ടുവരികയും ചെയ്തു. ഇതോടെ വലിയ തോതിലുള്ള ആരോപണ-പ്രത്യാരോപണങ്ങള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കുമാണ് വഴിയൊരുങ്ങിയത്. ഇതിനിടെ ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള സംഘം ചൈനയിലെത്തി പഠനം നടത്തിയെങ്കിലും കാര്യമായ വിവരങ്ങളൊന്നും അവര്‍ക്ക് കണ്ടെത്താനായില്ല. 

അതിന് ശേഷമാണ് ജനുവരിയില്‍ പുതിയ ഗവേഷകസംഘം ചൈനയലെത്തുന്നത്. ഇവരുടെ പഠനറിപ്പോര്‍ട്ടാണ് ഈ മാസം പകുതിയോടെ പുറത്തെത്തുമെന്ന് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. 

'ധാരാളം പേര്‍ ഉറ്റുനോക്കുന്ന ഒരു റിപ്പോര്‍ട്ടാണ്. ഞാനും ആകാംക്ഷാപൂര്‍വ്വം ഇതിനായി കാത്തിരിക്കുന്നു. ഫൈനല്‍ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനുള്ള തിരക്കിലാണ് സംഘം. മറ്റ് വിവരങ്ങളെല്ലാം ഇതിനോടകം തന്നെ ശേഖരിച്ച് ക്രോഡീകരിച്ചുകഴിഞ്ഞുവെന്നാണ് മനസിലാക്കുവാന്‍ സാധിക്കുന്നത്...'- ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം പറഞ്ഞു. 

വവ്വാലില്‍ നിന്ന് ഏതോ സസ്തനിയിലേക്കും അതില്‍ നിന്ന് മനുഷ്യരിലേക്കും എത്തിയതാകാം കൊറോണ വൈറസ് എന്ന നിരീക്ഷണം തന്നെയായിരിക്കും ഗവേഷകസംഘവും പങ്കുവയ്ക്കുകയെന്നാണ് ഉയരുന്ന സൂചനകള്‍. എന്നാല്‍ ഇക്കാര്യം ഉറപ്പിച്ചുപറയാനാകില്ല. ഏതായാലും ലബോറട്ടറിയില്‍ നിന്ന് പുറത്തെത്തിയതാണെന്ന വിവാദ വാദം സംഘം തള്ളിക്കളഞ്ഞതായാണ് വിവരം. കഴിഞ്ഞയാഴ്ച വുഹാനിലെ ലബോറട്ടറിയില്‍ വച്ചുതന്നെ നടന്ന ചര്‍ച്ചയില്‍ ഭൂരിപക്ഷം ഗവേഷകരും ഈ വാദത്തെ തള്ളിക്കളഞ്ഞിരുന്നു. ഇനി ഔദ്യോഗികമായി ഗവേഷകസംഘം പുറത്തുവിടുന്ന റിപ്പോര്‍ട്ടുകള്‍ക്ക് തന്നെ കാത്തിരിക്കാം. 

Also Read:- കൊവിഡിന്റെ ഉറവിടം തേടി ചൈനയിലെത്തിയ വിദഗ്ധര്‍ ആശയക്കുഴപ്പത്തിലോ?...

click me!