
നിത്യജീവിതത്തില്‍ നമ്മള്‍ നേരിടുന്ന ചില ആരോഗ്യപ്രശ്നങ്ങളുണ്ട്. മിക്കപ്പോഴും കാര്യമായ സങ്കീര്‍ണതകളൊന്നും ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാറില്ല. എന്നാല്‍ ഒരു ആരോഗ്യപ്രശ്നം പതിവായി വരുമ്പോള്‍ തീര്‍ച്ചയായും അതിന് പരിശോധന ആവശ്യമാണ്.
ഇത്തരത്തില്‍ പതിവായ നടുവേദനയ്ക്ക് പിന്നില്‍ വന്നേക്കാവുന്ന ചില കാരണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. അധികവും നടുഭാഗത്തെ പേശികള്‍ സമ്മര്‍ദ്ദത്തിലാകുന്നതോടെയാണ് നടുവേദന അനുഭവപ്പെടുന്നത്. എന്നാലിതിന് പിന്നില്‍ കാരണങ്ങള്‍ പലതാകാം, അവയിലേക്ക്...
നടുവേദനയുടെ കാരണങ്ങള്‍...
നടുവിന് എന്തെങ്കിലും തരത്തിലുള്ള പരുക്ക്- വീഴ്ചയിലോ അപകടത്തിലോ കായികവിനോദങ്ങള്‍ക്കിടയിലോ - സംഭവിച്ചതിന്‍റെ തുടര്‍ച്ചയായി നടുവേദന പതിവാകാം. അല്ലെങ്കില്‍ നടുവില്‍ ഏതെങ്കിലും തരത്തിലുള്ള ശസ്ത്രക്രിയ നടന്നിട്ടുണ്ടെങ്കില്‍ ഇതിന്‍റെ തുടര്‍ച്ചയായും നടുവേദന പതിവാകാം.
ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവര്‍, നിന്ന് ജോലി ചെയ്യുന്നവര്‍ എന്നിവരിലെല്ലാം ശരീരഘടന കൃത്യമായി സൂക്ഷിക്കാത്തത് മൂലം നടുവേദനയുണ്ടാകാം. നന്നായി നിവര്‍ന്നിരിക്കുക, ഇടയ്ക്കിടെ എഴുന്നേറ്റ് നടക്കുക, നിന്ന് ജോലി ചെയ്യുന്നവരാണെങ്കില്‍ ഇടയ്ക്ക് നടു നിവര്‍ത്തി മലര്‍ന്നുകിടക്കുക, നിവര്‍ന്നിരിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം ചെയ്യണം. പതിവായി ഇത്തരക്കാര്‍ വ്യായാമവും ചെയ്യണം.
എന്തെങ്കിലും തരത്തിലുള്ള ഉളുക്കോ, വലിവോ ഉണ്ടാകുന്ന പക്ഷം- അത് പരിഹരിക്കപ്പെടാതെ കിടന്നാലും നടുവേദനയുണ്ടാകാം.
ഡിസ്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും വ്യക്തികളില്‍ പതിവായ നടുവേദനയുണ്ടാക്കും. തീര്‍ച്ചയായും ചികിത്സ തേടേണ്ട സാഹര്യമാണിത്.
ചില രോഗങ്ങളുടെ ഭാഗമായും നടുവേദന അനുഭവപ്പെടാം. സന്ധിവാതം, മൂത്രത്തില്‍ കല്ല്, മൂത്രാശയത്തില്‍ അണുബാധ, വൃക്കയിലോ അനുബന്ധഭാഗങ്ങളിലോ അണുബാധ തുടങ്ങി പല രോഗങ്ങളും ഇതിനുദാഹരണമാണ്.
ഉറക്കപ്രശ്നങ്ങളും ചിലരെ പതിവായ നടുവേദനയിലേക്ക് നയിക്കാറുണ്ട്. എന്തായാലും നടുവേദന പതിവാണെങ്കില്‍ തീര്‍ച്ചയായും ഡോക്ടറെ കണ്ട് എന്താണ് ഇതിന് പിന്നിലെ കാരണമെന്ന് പരിശോധനയിലൂടെ കണ്ടുപിടിക്കുന്നതാണ് ഉചിതം. മേല്‍പ്പറഞ്ഞ സാധ്യതകളൊക്കെയാണ് അധികവും നടുവേദന കേസുകളിലുണ്ടാകാറ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam