
രാത്രിയില്‍ ഉറക്കത്തിനിടെ സ്വപ്നം കാണുന്ന ശീലമുണ്ടോ? അതും ദുസ്വപ്നങ്ങളാണോ നിങ്ങള്‍ പതിവായി കാണാറ്? എങ്കില്‍ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നതിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
നമ്മുടെ ഉറക്കത്തിന് പല ഘട്ടങ്ങളുമുണ്ട്. ഇതില്‍ നാലാം ഘട്ടമായി വരുന്നത് 'റാപ്പിഡ് ഐ മൂവ്മെന്‍റ്' അഥവാ ആര്‍ഇഎം ആണ്. ഈ ഘട്ടത്തില്‍ നമ്മുടെ തലച്ചോര്‍ 'ഓൺ' ആയിരിക്കും. അഥവാ സജീവമായിരിക്കും. അതിനാല്‍ തന്നെ ഈ ഘട്ടത്തിലാണ് നാം സ്വപ്നം കാണുന്നത്.
ഇതില്‍ തന്നെ ദുസ്വപ്നങ്ങള്‍ കാണുന്നത് നമ്മളില്‍ അറിഞ്ഞോ അറിയാതെയോ കിടക്കുന്ന മനശാസ്ത്രപരമായ കാരണങ്ങളാലാണ്. പക്ഷേ എന്തുകൊണ്ടാണ് ദുസ്വപ്നങ്ങള്‍ എന്നതിന് വളരെ കൃത്യമായൊരു ഉത്തരം നല്‍കാൻ ശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ല. മനശാസ്ത്രപരമായ കാരണങ്ങള്‍ എന്ന നിഗമനത്തില്‍ ഈ ചര്‍ച്ച ഇപ്പോഴും ഇടിച്ചുനില്‍ക്കുകയാണ്.
ഇനി ദുസ്വപ്നങ്ങളിലേക്ക് നമ്മെ നയിക്കുന്ന ചില കാരണങ്ങളെ കുറിച്ചറിയാം.
സ്ട്രെസും ആംഗ്സൈറ്റിയും...
സ്ട്രെസ് എന്നാല്‍ ഏവര്‍ക്കുമറിയാം. അത് വീട്ടിലെ കാര്യങ്ങളുമായോ, ജോലിയുമായോ എല്ലാം ബന്ധപ്പെട്ടുണ്ടാകാം. ആംഗ്സൈറ്റി അഥവാ ഉത്കണ്ഠ ധാരാളം പേരിലുള്ള പ്രശ്നമാണ്. എന്നാല്‍ ചിലരില്‍ ഇതൊരു രോഗാവസ്ഥ പോലെ തന്നെ ഉണ്ടാകാം. എന്തായാലും സ്ട്രെസും ഉത്കണ്ഠയും പതിവാണെങ്കില്‍ അത് ദുസ്വപ്നങ്ങളിലേക്ക് നയിക്കാം.
ട്രോമ/ പിടിഎസ്ഡി...
ട്രോമ എന്ന വാക്കും ഇന്ന് മിക്കവര്‍ക്കും സുപരിചിതമായിരിക്കും. നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്ന അനിഷ്ടസംഭവങ്ങള്‍, അനുഭവങ്ങള്‍, പരുക്കുകള്‍, പീഡനം എന്നിങ്ങനെയുള്ള പ്രതികൂലാവസ്ഥകളുടെ ആഘാതം ആണ് ട്രോമയെന്ന് പറയാം. ഒരു ദുരനുഭവത്തിന് ശേഷം എക്കാലത്തേക്കുമായി ഇതിന്‍റെ അലയൊലികള്‍ ബാക്കിനില്‍ക്കുന്ന അവസ്ഥയാണ് പിടിഎസ്ഡി (പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോര്‍ഡര്‍) എന്നും പറയാം. ഈ അവസ്ഥകളും ദുസ്വപനങ്ങള്‍ പതിവാക്കാം.
മരുന്നുകളും രോഗങ്ങളും...
ചില രോഗങ്ങളും ചില മരുന്നുകളും ദുസ്വപ്നങ്ങള്‍ക്ക് കാരണമാകാറുണ്ട്. അപസ്മാരം (ചുഴലി), പാര്‍ക്കിൻസണ്‍സ് രോഗം, അല്‍ഷിമേഴ്സ് എന്നിങ്ങനെയുള്ള രോഗങ്ങള്‍ വിഷാദം- ഉത്കണ്ഠ, ബൈപോളാര്‍ പോലുള്ള മാനസികപ്രശ്നങ്ങള്‍ എന്നിവയെല്ലാം ഇതിനുദാഹരണമാണ്. വിഷാദത്തിന് കഴിക്കുന്ന ചില മരുന്നുകള്‍, ബിപിക്ക് കഴിക്കുന്ന ചില മരുന്നുകള്‍ എന്നിവയും ഇത്തരത്തില്‍ മനസിനെ ബാധിക്കാനും ദുസ്വപ്നങ്ങളിലേക്ക് നയിക്കാനും സാധ്യതയുണ്ട്. എല്ലാവരിലും ഒരുപോലെയല്ല ഈ ഘടകങ്ങളൊന്നും പ്രവര്‍ത്തിക്കുക എന്ന് കൂടി മനസിലാക്കണം.
ഉറക്കം...
ഉറക്കവുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങളും ദുസ്വപ്നങ്ങളിലേക്ക് നയിക്കാം. ഉറക്കമില്ലായ്മ, ശരിയാംവിധം ഉറങ്ങാൻ സാധിക്കാത്ത അവസ്ഥ, ഉറക്കം പെട്ടെന്ന് മുറിയുന്ന അവസ്ഥ, ദിവസവും പല സമയത്തുള്ള ഉറക്കം, ഉറങ്ങുന്ന പരിസരത്തെ ശല്യങ്ങള്‍- കിടക്കയുടെ സൗകര്യം വരെ ദുസ്വപ്നങ്ങളിലേക്ക് നയിക്കാം.
ഭക്ഷണം...
ഡയറ്റിലെ പോരായ്മകളും ദുസ്വപ്നങ്ങളിലേക്ക് നയിക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഉദാഹരണത്തിന് കിടക്കുന്നതിന് മുമ്പായി വളരെ 'ഹെവി'യായി ഭക്ഷണം കഴിക്കുകയും അത് ദഹനക്കേടുണ്ടാക്കുകയും ചെയ്താല്‍ തുടര്‍ന്നുണ്ടാകുന്ന അനാരോഗ്യകരമായ അവസ്ഥയും ദുസ്വപ്നത്തിലേക്ക് നയിക്കാം. പൊതുവില്‍ അത്താഴം ലളിതമാക്കുന്നതാണ് ഉചിതം.
ലഹരി...
വിവിധയിനം ലഹരി ഉപയോഗവും ദുസ്വപ്നമുണ്ടാക്കാം. മദ്യം അടക്കമുള്ള ലഹരിപദാര്‍ത്ഥങ്ങള്‍ ഇതില്‍പ്പെടും. ഉറക്കഗുളിക പോലും ദുസ്വപ്നങ്ങളുണ്ടാക്കാമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
Also Read:- സന്ധിവാതം നേരത്തെ തിരിച്ചറിയാം; ഈ ലക്ഷണങ്ങള്‍ നിങ്ങള്‍ക്കുണ്ടോയെന്ന് പരിശോധിക്കുക...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-