കൂര്‍ക്കംവലിക്കാറുണ്ടെന്ന് ഭാര്യ സമ്മതിച്ചുതരാറില്ലേ? അതിന്റെ കാരണം അറിയൂ...

By Web TeamFirst Published Apr 25, 2019, 8:55 PM IST
Highlights

സ്ത്രീകള്‍ കൂര്‍ക്കംവലിക്കാറില്ലേ? അതോ അവര്‍ ശബ്ദം താഴ്ത്തിയാണോ കൂര്‍ക്കംവലിക്കുന്നത്? ഈ വിഷയം സംബന്ധിച്ച് നടന്ന പഠനത്തിന്‍റെ വിശദാംശങ്ങൾ 'ജേണല്‍ ഓഫ് ക്ലിനിക്കല്‍ സ്ലീപ് മെഡിസിന്‍' എന്ന പ്രസിദ്ധീകരണത്തിലാണ് വന്നത്

കൂര്‍ക്കംവലിയുടെ കാര്യത്തില്‍ ഏറെയും പരിഹാസങ്ങള്‍ നേരിടാറ് പുരുഷന്മാരാണ്. വലിയ ശബ്ദത്തിലാണ് പുരുഷന്മാര്‍ കൂര്‍ക്കംവലിക്കുന്നതെന്ന ആക്ഷേപവും വ്യാപകമാണ്. അപ്പോള്‍ സ്വാഭാവികമായും ചോദ്യം വരണം, സ്ത്രീകള്‍ കൂര്‍ക്കംവലിക്കാറില്ലേ? അതോ പുറത്തറിയാത്ത വിധത്തിൽ ശബ്ദം താഴ്ത്തിയാണോ അവ‍‍ർ കൂര്‍ക്കംവലിക്കുന്നത്?

ഇതാ കേട്ടോളൂ, കൂര്‍ക്കംവലിയുടെ കാര്യത്തില്‍ ലിംഗവ്യത്യാസമില്ലെന്നും പുരുഷന്മാരോളം തന്നെ ശബ്ദത്തിലാണ് സ്ത്രീകളും കൂര്‍ക്കംവലിക്കാറെന്നുമാണ് പുതിയൊരു പഠനം വ്യക്തമാക്കുന്നത്. 'ജേണല്‍ ഓഫ് ക്ലിനിക്കല്‍ സ്ലീപ് മെഡിസിന്‍' എന്ന ആരോഗ്യ പ്രസിദ്ധീകരണത്തിലാണ് ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ വന്നത്. 

പിന്നെയും കൂര്‍ക്കംവലിയുടെ കാര്യത്തില്‍ എപ്പോഴും പുരുഷന്മാര്‍ തന്നെ പ്രതികളാകുന്നതെങ്ങനെ? അതിന്റെ കാരണവും ഗവേഷകര്‍ തങ്ങളുടെ പഠനറിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്. പുരുഷന്മാര്‍ കൂര്‍ക്കംവലിക്കുന്നുവെന്ന് പെട്ടെന്ന് സമ്മതിക്കുമത്രേ, അതുപോലെ അതിന് ചികിത്സ തേടാനും ഇവര്‍ക്ക് മടിയില്ല. 

എന്നാല്‍ സ്ത്രീകള്‍ തങ്ങളുടെ 'സോഷ്യല്‍ സിറ്റിഗ്മ' അഥവാ, ഇത്തരത്തിലുള്ള വിഷയങ്ങള്‍ തുറന്നുസമ്മതിക്കുന്നതിലുള്ള അപമാനം കാരണം, കൂര്‍ക്കംവലിയുടെ കാര്യം പരമാവധി രഹസ്യമാക്കി വയ്ക്കുമെന്ന്. ആരെങ്കിലും ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തിയാല്‍ അത് അംഗീകരിക്കാനോ, അതിന് ചികിത്സ തേടാനോ മുതിരില്ലെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. 

പരീക്ഷണത്തിനായി പഠനസംഘം തെരഞ്ഞെടുത്ത സ്ത്രീകളില്‍ 49 ശതമാനം പേരും നല്ല രീതിയില്‍ കൂര്‍ക്കംവലിക്കുന്നവരായിരുന്നു. എന്നാല്‍ ഇവരില്‍ 40 ശതമാനം മാത്രമാണ് അത് റിപ്പോര്‍ട്ട് ചെയ്തത്. മിക്ക സ്ത്രീകളും കൂര്‍ക്കംവലിക്കുമെന്ന് സമ്മതിച്ചാല്‍ പോലും, വളരെ മിതമായ രീതിയിലേ ഉള്ളൂവെന്ന് പറഞ്ഞ് അതിനെ ഉടന്‍ തന്നെ ലഘൂകരിക്കാന്‍ ശ്രമിക്കുമെന്നും പഠനം സൂചിപ്പിക്കുന്നു.

click me!