
നമ്മുടെ ശരീരത്തിന് വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി പല ഘടകങ്ങളും ആവശ്യമായി വരാറുണ്ട്. വൈറ്റമിനുകള്‍, ധാതുക്കള്‍ തുടങ്ങിയവയെല്ലാം ഇതിനുദാഹരണമാണ്. ഇങ്ങനെ അവശ്യം വേണ്ടുന്ന ഘടകങ്ങളില്‍ ഏതിലെങ്കിലുമൊരു കുറവ് വന്നാല്‍ അതും ശരീരത്തില്‍ പ്രകടമാകും.
നിത്യജീവിതത്തിലെ ഒട്ടുമിക്ക കാര്യങ്ങളെയും ഇത്തരം പ്രശ്നങ്ങള്‍ ബാധിക്കാം. ആരോഗ്യത്തിന് അവശ്യം വേണ്ട ഒമേഗ-3 ഫാറ്റി ആസിഡ് കുറയുമ്പോള്‍ നിങ്ങളില്‍ കണ്ടേക്കാവുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്...
സന്ധിവേദനയാണ് ഇതിന്‍റെയൊരു പ്രധാന ലക്ഷണം. അധികവും കാത്സ്യം കുറവിന്‍റെ ഭാഗമായാണ് സന്ധിവേദനയുണ്ടാകുന്നതെന്നാണ് മിക്കവരും കരുതുന്നത്. എന്നാല്‍ ഒമേഗ- 3 ഫാറ്റി ആസിഡിന്‍റെ കുറവായിരിക്കും ഇത് ചൂണ്ടിക്കാട്ടുന്നത്. എല്ലിനെ ബാധിക്കുന്ന പല പ്രശ്നങ്ങളെയും ചെറുക്കാൻ നമ്മെ സഹായിക്കുന്നത് ഒമേഗ- 3 ഫാറ്റി ആസിഡാണ്.
രണ്ട്...
അസാധാരണമായ തളര്‍ച്ചയും ഒമേഗ-3 ഫാറ്റി ആസിഡിന്‍റെ കുറവിനെ സൂചിപ്പിക്കാം. തളര്‍ച്ച, പല ആരോഗ്യപ്രശ്നങ്ങളുടെയും അസുഖങ്ങളുടെയും ഭാഗമായി അനുഭവപ്പെടാം. അതിനാല്‍ ഡയറ്റില്‍ മാറ്റം വരുത്തിയ ശേഷം എങ്ങനെയെന്ന് നിരീക്ഷിക്കാവുന്നതാണ്. എന്നാല്‍ ദീര്‍ഘമായി നീണ്ടുനില്‍ക്കുന്ന തളര്‍ച്ച, തീര്‍ച്ചയായും ആശുപത്രിയിലെത്തി പരിശോധനാവിധേയമാക്കേണ്ടതാണ്. ഒമേഗ-3 ഫാറ്റി ആസിഡുകള്‍, കോശങ്ങള്‍ക്ക് ഉന്മേഷം പകര്‍ന്നുകൊടുക്കുന്ന എടിപി (അഡിനോസിൻ ട്രൈഫോസ്ഫേറ്റ്) ഉത്പാദനത്തിന് വലിയ പങ്ക് വഹിക്കുന്ന ഘടകമാണ്. അപ്പോള്‍ ഇത് കുറയുന്ന അവസ്ഥ ഊഹിക്കാമല്ലോ...
മൂന്ന്...
നഖം പൊട്ടിപ്പൊയ്ക്കൊണ്ടിരിക്കുന്നതും ഒമേഗ-3 ഫാറ്റി ആസിഡ് കുറവിന്‍റെ ഒരു സൂചനയാണ്. നഖത്തിന് അവശ്യം വേണ്ടുന്നൊരു പോഷകമാണിത്. അതുപോലെ നഖത്തിന് മിനുപ്പും ഭംഗിയുമേകുന്നതിലും ഇതിന് പങ്കുണ്ട്.
നാല്...
സ്കിൻ കാര്യമായ രീതിയില്‍ ഡ്രൈ ആകുന്നതിന് പിന്നിലെ ഒരു കാരണവും ഒമേഗ-3 ഫാറ്റി ആസിഡ് കുറവായിരിക്കും. നഖങ്ങളുടെ കാര്യം പറഞ്ഞതുപോലെ തന്നെയാണ് ചര്‍മ്മത്തിന്‍റെ കാര്യത്തിലും ഒമേഗ-3 ഫാറ്റി ആസിഡ് പ്രവര്‍ത്തിക്കുന്നത്.
അഞ്ച്...
ചിന്തകളില്‍ അവ്യക്തത, കാര്യങ്ങള്‍ മനസിലാക്കാനുള്ള പ്രയാസം പോലുള്ള പ്രശ്നങ്ങള്‍ നേരിടുന്ന 'ബ്രെയിൻ ഫോഗ്' എന്ന അവസ്ഥയും ഒമേഗ-3 ഫാറ്റി ആസിഡ് കുറവ് മൂലമുണ്ടാകാം.
ഭക്ഷണങ്ങള്‍...
മത്സ്യമാണ് ഒമേഗ-3 ഫാറ്റി ആസിഡിന്‍റെ ഒരു പ്രധാന സ്രോതസ്. പച്ചക്കറികള്‍ മാത്രം കഴിക്കുന്നവരാണെങ്കില്‍ വാള്‍നട്ട്സ്, ഫ്ളാക്സ് സീഡ്സ്, സോയാബീൻ ഓയില്‍ എന്നിങ്ങനെ പല ഭക്ഷണസാധനങ്ങളെയും ഒമേഗ-3 ഫാറ്റി ആസിഡിനായി ആശ്രയിക്കാവുന്നതാണ്.
Also Read:- കേരളത്തില്‍ എലിപ്പനിയും ഡെങ്കിപ്പനിയും; തിരിച്ചറിയൂ ഈ ലക്ഷണങ്ങളിലൂടെ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam