സമയബന്ധിതമായി ഈ രോഗങ്ങള്‍ തിരിച്ചറിയണമെങ്കില്‍ തീര്‍ച്ചയായും ഇവയുടെ ലക്ഷണങ്ങളെ കുറിച്ച് കൃത്യമായ ധാരണയുണ്ടാകണം. ഈ ലക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

മഴക്കാലം എത്തിയതോടെ കേരളത്തില്‍ പനി സീസണും തുടങ്ങുകയായി. നിലവില്‍ സംസ്ഥാനത്തിന്‍റെ പലയിടങ്ങളില്‍ നിന്നുമായി നിരവധി ഡെങ്കിപ്പനി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഡെങ്കുവിന് പുറമെ എലിപ്പനിയും ആശങ്ക സൃഷ്ടിക്കുന്നു. ഇവ രണ്ടും കൂടാതെ പകര്‍ച്ചപ്പനി കേസുകളും വര്‍ധിച്ചുവരികയാണ്. ഈ സാഹചര്യത്തില്‍ ആരോഗ്യവകുപ്പും മുന്നൊരുക്കങ്ങളിലാണെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. 

ഈ വര്‍ഷം മാത്രം സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് 25 പേര്‍ മരിച്ചതായാണ് കണക്ക്. ഡെങ്കിപ്പനി ബാധയെ തുടര്‍ന്ന് ആറ് മരണം സംഭവിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇക്കഴിഞ്ഞ ഒരു ദിവസം മാത്രം സംസ്ഥാനത്ത് വിവിധ ആശുപത്രി ഒപികളിലായി എത്തിയത് പതിനായിരത്തിലധികം പേരാണ്. ഈയൊരു സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് ജാഗ്രതാനിര്‍ദേശങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. 

ഡെങ്കിപ്പനിയും എലിപ്പനിയുമെല്ലാം സമയബന്ധിതമായി ശ്രദ്ധിക്കുകയും ആവശ്യമായ ചികിത്സ തേടുകയും ചെയ്തില്ലെങ്കില്‍ അത് ജീവന് തന്നെ ഭീഷണിയായി വരാം. ഡെങ്കിപ്പനി ബാധിച്ചാല്‍ അത് ആദ്യം നിസാരമായി തോന്നിയാലും മണിക്കൂറുകള്‍ കൊണ്ട് തന്നെ സ്ഥിതി മോശമാകാം. ഇക്കാര്യം നമുക്കൊരിക്കലും ഉറപ്പിക്കാൻ സാധിക്കില്ല. അതിനാല്‍ തന്നെ രോഗി എപ്പോഴും നിരീക്ഷണത്തിലായിരിക്കണം. 

എലിപ്പനിയാണെങ്കിലും പെട്ടെന്ന് സ്ഥിതി മോശമാകാൻ സാധ്യതയുള്ള അവസ്ഥ തന്നെയാണ്. എന്നാല്‍ പലരും ഡെങ്കുവോ എലിപ്പനിയോ ബാധിക്കുമ്പോള്‍ പോലും വെറും പനിയാണ് അതങ്ങ് മാറിക്കോളും എന്ന രീതിയില്‍ നിസാരമായി സമീപിക്കുന്നത് വീണ്ടും സങ്കീര്‍ണതകള്‍ കൂട്ടുകയോ ഉള്ളൂ. 

സമയബന്ധിതമായി ഈ രോഗങ്ങള്‍ തിരിച്ചറിയണമെങ്കില്‍ തീര്‍ച്ചയായും ഇവയുടെ ലക്ഷണങ്ങളെ കുറിച്ച് കൃത്യമായ ധാരണയുണ്ടാകണം. ഈ ലക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍...

അസഹനീയമായ തളര്‍ച്ച ഡെങ്കിപ്പനിയുടെ ഒരു ലക്ഷണമാണ്. ഇതിന് പുറമെ പനി. കണ്ണ് വേദന- ഇത് കണ്ണുകള്‍ക്ക് പിന്നിലായി അനുഭവപ്പെടുന്ന രീതിയിലായിരിക്കും, ശരീരത്തിലൊട്ടാകെ വേദന (സന്ധി- പേശി, എല്ലുകളിലെല്ലാം വേദന), തലവേദന, തൊലിപ്പുറത്ത് ചുവന്ന നിറത്തിലോ മറ്റോ പാടുകള്‍, ഓക്കാനം- ഛര്‍ദ്ദി എന്നിവയെല്ലാം ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളായി വരുന്നവയാണ്. 

ഇനി ഡെങ്കു തന്നെ അല്‍പം കൂടി ഗുരുതരമാകുമ്പോള്‍ ലക്ഷണങ്ങള്‍ വീണ്ടും മാറും. വയറുവേദന, കഠിനമായ ഛര്‍ദ്ദി ( ദിവസത്തില്‍ മൂന്ന് തവണയെങ്കിലും എന്ന തരത്തില്‍), മൂക്കില്‍ നിന്നോ മോണയില്‍ നിന്നോ രക്തസ്രാവം, ഛര്‍ദ്ദിലില്‍ രക്തം, മലത്തില്‍ രക്തം, അസഹനീയമായ തളര്‍ച്ച മൂലം വീണുപോകുന്ന അവസ്ഥ, അസാധാരണമായ അസ്വസ്ഥത എന്നിവയെല്ലാം ഗുരുതരമായ ഡെങ്കിപ്പനി ലക്ഷണങ്ങളാണ്. എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാവുന്ന അത്രയും സങ്കീര്‍ണമായ സാഹചര്യമാണിത്. 

എലിപ്പനിയുടെ ലക്ഷണങ്ങള്‍...

എലിപ്പനിയിലും പനി തന്നെയാണ് പ്രകടമായ ആദ്യത്തെയൊരു ലക്ഷണം. ഇതിന് പുറമെ ഛര്‍ദ്ദിയും തലവേദനയും ശരീരവേദനയുമെല്ലാം എലിപ്പനിയിലും കാണാം. അതേസമയം ഈ ലക്ഷണങ്ങളിലെ തന്നെ ചില വ്യത്യാസങ്ങള്‍ മനസിലാക്കുന്നതിലൂടെ ഡെങ്കിപ്പനിയും എലിപ്പനിയും വേര്‍തിരിച്ചറിയാം. 

അതായത് ശരീരവേദനയ്ക്കൊപ്പം ചിലരില്‍ എലിപ്പനിയുടെ ലക്ഷണമായി നീരും കാണാറുണ്ട്. അതുപോലെ ചുവന്ന നിറത്തില്‍ ചെറിയ കുരുക്കള്‍ പോലെ തൊലിപ്പുറത്ത് പൊങ്ങുന്നതും എലിപ്പനിയുടെ പ്രത്യേകതയാണ്. എന്നാലീ ലക്ഷണങ്ങളെല്ലാം എല്ലാ രോഗികളിലും ഒരുപോലെ കാണണമെന്നില്ല. ലക്ഷണങ്ങളില്‍ ഏറ്റക്കുറച്ചിലുകള്‍ വരാം. 

അതിനാല്‍ തന്നെ പനിക്കൊപ്പം അസഹനീയമായ ക്ഷീണം, ശരീരവേദന, തലവേദന, ഛര്‍ദ്ദി പോലുള്ള ലക്ഷണങ്ങള്‍ കാണുന്നപക്ഷം ആശുപത്രിയില്‍ പോയി പരിശോധന നടത്തുകയും വേണ്ട ചികിത്സ തേടുകയും ചെയ്യുന്നതാണ് ഉചിതം.

Also Read:- പകര്‍ച്ചപ്പനി: ജില്ലാതലത്തില്‍ നിരീക്ഷണം മെഡിക്കല്‍ കോളേജുകളില്‍ പ്രത്യേക വാര്‍ഡും ഐസിയുവും ഒരുക്കും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News