രണ്ട് വര്‍ഷത്തിനിടെ നാല് കുഞ്ഞുങ്ങള്‍; അതില്‍ മോമോ ട്വിന്‍സും!

Published : Feb 28, 2023, 02:31 PM IST
രണ്ട് വര്‍ഷത്തിനിടെ നാല് കുഞ്ഞുങ്ങള്‍; അതില്‍ മോമോ ട്വിന്‍സും!

Synopsis

ബ്രിട്ട്‌നിക്കും ഭര്‍ത്താവായ ഫ്രാന്‍കിക്കും ആദ്യം പിറന്നത് ഇരട്ടക്കുട്ടികളായിരുന്നു. അവര്‍ ജനിച്ച് ആറ് മാസമായപ്പോഴേക്കും ബ്രിട്ട്‌നി വീണ്ടും ഗര്‍ഭിണിയായി. അതും ഇരട്ടകളാണെന്ന് ഡോക്ടര്‍ അവരെ അറിയിച്ചു.

അമ്മയാവുക എന്നത് ചില സ്ത്രീകളുടെയെങ്കിലും സ്വപ്നമായിരിക്കും. ഒമ്പത് മാസത്തെ കാത്തിരിപ്പിനൊടുവില്‍ ഒരു കുഞ്ഞ് ജനിക്കുമ്പോള്‍ കിട്ടുന്ന സന്തോഷം പലര്‍ക്കും വാക്കുകളാല്‍ വിവരിക്കാനാകില്ല. ഒന്നിന് പകരം ഇരട്ടക്കുട്ടികളാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. ഇവിടെ ഇതാ യുഎസിലെ ബ്രിട്ട്‌നി ആല്‍ബ എന്ന യുവതി രണ്ട് വര്‍ഷത്തിനിടെ നാല് കുഞ്ഞുങ്ങള്‍ക്കാണ് ജന്മം നല്‍കിയത്. അതായത് രണ്ട് വീതം ഇരട്ടക്കുട്ടികള്‍. അതില്‍ മോമോ ട്വിന്‍സും ഉണ്ടായിരുന്നു. 

ബ്രിട്ട്‌നിക്കും ഭര്‍ത്താവായ ഫ്രാന്‍കിക്കും ആദ്യം പിറന്നത് ഇരട്ടക്കുട്ടികളായിരുന്നു. അവര്‍ ജനിച്ച് ആറ് മാസമായപ്പോഴേക്കും ബ്രിട്ട്‌നി വീണ്ടും ഗര്‍ഭിണിയായി. അതും ഇരട്ടകളാണെന്ന് ഡോക്ടര്‍ അവരെ അറിയിച്ചു. എന്നാല്‍ അവര്‍ മോണോ അമ്‌നിയോട്ടിക്- മോണോ കോറിയോണിക് (മോമോ ട്വിന്‍സ്) ഇരട്ടകള്‍ കൂടിയായിരുന്നു. രണ്ട് കുട്ടികളും ഒരേ പ്ലാസെന്റയും അമ്‌നിയോട്ടിക് സാക്കും ഫ്‌ളൂയിഡും പങ്കിടുന്ന അപൂര്‍വമായ അവസ്ഥയാണിത്.

ഇത്തരത്തിലുള്ള ഗര്‍ഭം പലപ്പോഴും അലസിപ്പോകാനും പ്രസവത്തില്‍ കുഞ്ഞുങ്ങള്‍ മരണപ്പെടാനും വൈകല്ല്യമുള്ള കുഞ്ഞുങ്ങള്‍ ജനിക്കാനുമുള്ള സാധ്യത കൂടുതലാണ്. ബ്രിട്ട്‌നിയെ സംബന്ധിച്ച് ഏറെ സങ്കീര്‍ണമായ അവസ്ഥ കൂടിയായിരുന്നു അത്. കാരണവും ഡോക്ടര്‍ ബ്രിട്ട്നിയോട് പറഞ്ഞു. ആദ്യ പ്രസവം കഴിഞ്ഞിട്ട് വെറും ആറ് മാസം മാത്രമേ ആയിട്ടുള്ളുവെന്നും അതിനാല്‍ അത് ബ്രിട്ട്നിയുടെ ആരോഗ്യത്തിന് ഏറെ അപകടം വരുത്തുമെന്നും ഡോക്ടര്‍മാര്‍ ബ്രിട്ട്‌നിയെ അറിയിച്ചു. എന്നാല്‍ തനിക്ക് കുഞ്ഞുങ്ങളെ വേണമെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു ബ്രിട്ട്‌നി.

അതീവ ജാഗ്രതയോടെയാണ് ബ്രിട്ട്‌നിയുടെ ഗര്‍ഭകാലം കടന്നുപോയത്. പൊക്കിള്‍ക്കൊടി ചുറ്റി കുഞ്ഞുങ്ങളുടെ ജീവന്‍ നഷ്ടപ്പെടാനുള്ള സാധ്യതയുള്ളതിനാല്‍ 24-ാമത്തെ ആഴ്ച്ച തന്നെ ശസ്ത്രക്രിയയിലൂടെ കുഞ്ഞുങ്ങളെ പുറത്തെടുക്കുകയും ചെയ്തു. അതെല്ലാം ഓര്‍ക്കുമ്പോള്‍ ഇപ്പോള്‍ ഒരു അമ്പരപ്പാണെന്നാണ് ഫ്രാന്‍കി പറയുന്നത്. അമ്മയും കുഞ്ഞുങ്ങളും ഇപ്പോള്‍ സുഖമായിരിക്കുന്നു എന്നും ഫ്രാന്‍കി വ്യക്തമാക്കി. ലെവി, ലൂക്ക എന്നിങ്ങനെയാണ് ആദ്യ ഇരട്ടക്കുട്ടികളുടെ പേര്. ഇപ്പോള്‍ പ്രസവിച്ച കുഞ്ഞുങ്ങള്‍ക്ക് ലിഡിയ, ലിന്‍ലി എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

Also Read: ഹൃദയത്തിന്‍റെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങള്‍...

PREV
click me!

Recommended Stories

ചൂട് വെള്ളം കുടിച്ച് ദിവസം തുടങ്ങാം; ഗുണങ്ങൾ ഇതാണ്
നിങ്ങളുടെ വൃക്കകളുടെ പ്രവർത്തനം ശരിയായ രീതിയിലാണോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്