സംസ്ഥാന വരുമാനത്തിന്റെ 80 ശതമാനവും ശമ്പളം, പെൻഷൻ, പലിശ എന്നിവയ്ക്കായി ചെലവഴിക്കുന്നുവെന്ന് ഒരു ധവളപത്രം വെളിപ്പെടുത്തുന്നു. സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിനായി ജീവനക്കാരുടെ വിരമിക്കൽ പ്രായം കേന്ദ്ര മാതൃകയിൽ ഉയർത്തുക, പത്തു വർഷത്തിലൊരിക്കൽ ശമ്പള കമ്മീഷൻ നടപ്പാക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ റിപ്പോർട്ട് മുന്നോട്ടുവെക്കുന്നു.

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ ഏകദേശം 80 ശതമാനവും ശമ്പളം, പെൻഷൻ, പലിശ അടവ് എന്നിവയ്ക്കാണ് ചെലവാകുന്നതെന്ന് ധവളപത്രം. ഈ സാഹചര്യം ദീർഘകാലാടിസ്ഥാനത്തിൽ സാമ്പത്തികമായി നിലനിൽക്കുന്നതല്ലെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു. സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം കേന്ദ്രസർക്കാരിന്റെ നിലവാരത്തിലേക്ക് ഉയർത്തണമെന്ന് നിർദേശം മുന്നോട്ടുവയ്ക്കുന്നു. നിലവിലെ സാഹചര്യത്തിൽ ഉദ്യോഗസ്ഥർ അനുഭവസമ്പത്ത് പരമാവധി പ്രയോജനപ്പെടുത്താൻ കഴിയുന്ന പ്രായത്തിലാണു വിരമിക്കുന്നത്. വിരമിക്കൽ പ്രായം ഒരു വർഷം വർധിപ്പിക്കുമ്പോൾ സംസ്ഥാനത്തിന് ഏകദേശം 6,000 കോടി രൂപയുടെ വിരമിക്കൽ ആനുകൂല്യച്ചെലവ് ലാഭിക്കാനാകുമെന്നും റിപ്പോർട്ട് പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കേന്ദ്രസർക്കാരിനെപ്പോലെ പത്തുവർഷത്തിലൊരിക്കൽ മാത്രം ശമ്പള കമ്മീഷൻ നടപ്പാക്കുന്നതും പരിഗണിക്കാവുന്ന നിർദേശമാണ്. അതോടൊപ്പം സർക്കാർ സേവനങ്ങളുടെ കാര്യക്ഷമതയും ഉത്തരവാദിത്തവും മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഡിജിറ്റലൈസേഷൻ എന്ന പേരിൽ പഴയ ഫോമുകളും നടപടിക്രമങ്ങളും ഓൺലൈനിലേക്ക് മാറ്റുന്നതു മാത്രം പോര. നടപടിക്രമങ്ങൾ ലളിതമാക്കിയും ഉപയോക്തൃസൗഹൃദമാക്കിയും യഥാർത്ഥ ഡിജിറ്റൽ പരിഷ്കാരം നടപ്പാക്കണം. ഇതിനായി എല്ലാ വകുപ്പുകൾക്കും മൂന്ന് മാസത്തിനകം നടപടിക്രമങ്ങൾ ലളിതമാക്കി സമ്പൂർണ ഡിജിറ്റലൈസേഷൻ പൂർത്തിയാക്കാൻ ലക്ഷ്യം നിശ്ചയിക്കണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.