ഹൃദയത്തെ ഓര്‍ക്കാന്‍ ഒരു ദിനം; നിങ്ങള്‍ അറിയണം ചിലതൊക്കെ!

By Web TeamFirst Published Sep 29, 2020, 10:01 AM IST
Highlights

ഹൃദയത്തെപ്പറ്റി ഓര്‍മ്മിപ്പിക്കാനായി വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷനും ലോകാരോഗ്യ സംഘടനയും സംയുക്തമായാണ് സെപ്തംബര്‍ 29 ലോക ഹൃദയാരോഗ്യ ദിനമായി ആചരിക്കുന്നത്. 

മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവം ആണ് ഹൃദയം. ഹൃദയത്തെപ്പറ്റി ഓര്‍മ്മിപ്പിക്കാനായി വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷനും ലോകാരോഗ്യ സംഘടനയും സംയുക്തമായാണ് സെപ്തംബര്‍ 29 ലോക ഹൃദയാരോഗ്യ ദിനമായി ആചരിക്കുന്നത്. കൊവിഡ് മഹാമാരിയുടെ മുന്നിൽ പകച്ചു നിൽക്കുന്ന സമയത്താണ് ഈ വർഷം ലോക ഹൃദയദിനം ആചരിക്കുന്നത്.

ലോകത്ത് ഏറ്റവുമധികം ആളുകള്‍ മരിക്കുന്നതിന് പ്രധാന കാരണമായി ഹൃദ്രോഗവും രക്തധമനി രോഗവും (കാർഡിയോ വാസ്ക്കുലാർഡിസീസ്- CVD) മാറി കഴിഞ്ഞു. ഹൃദ്രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നു. ആരോഗ്യകരമായ ജീവിതശൈലിയും ശരിയായ ഭക്ഷണശീലവും പിന്തുടര്‍ന്നാല്‍ ഹൃദയാരോഗ്യം സംരക്ഷിക്കാനാകും. 

 

ഹൃദയരക്ത ധമനി രോഗത്തിന്റെ പ്രധാന കാരണങ്ങളായ പ്രമേഹം, രക്താതി മർദം, പുകവലി, പൊണ്ണത്തടി, വായുമലിനീകരണം എന്നിവയ്ക്ക് എതിരായുള്ള ബോധവത്‌ക്കരണമാണ് ഈ ഹൃദയ ദിനത്തില്‍ ചെയ്യേണ്ടത്. 

ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ നിങ്ങള്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഒന്ന്...

ഹൃദയത്തെ സംരക്ഷിക്കാന്‍  പുകവലി ഉപേക്ഷിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്.  ഇനി പുകവലിക്കാത്തവര്‍, പുകവലിക്കുന്നവരുടെ അടുത്തു നിന്ന് മാറിനില്‍ക്കാനും ശ്രദ്ധിക്കുക. കാരണം പാസീവ് സ്‌മോക്കിങ് മൂലമുള്ള ഹൃദ്രോഗനിരക്ക് ഏറിവരുന്നതായാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

രണ്ട്...

ചിട്ടയായ ഡയറ്റ് സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. പാക്കറ്റ് ഭക്ഷണങ്ങളും ഫ്രൈഡ് ഭക്ഷണവുമാണ് പ്രധാനമായും ഹൃദയാരോഗ്യത്തെ വെല്ലുവിളിക്കുന്നത്. ചിപ്‌സ്, സോഫ്റ്റ് ഡ്രിംഗ്‌സ്, ഫാസ്റ്റ് ഫുഡ്, മധുരപലഹാരങ്ങള്‍ തുടങ്ങിയവയെല്ലാം അധികമാകാതെ മിതമായ രീതിയില്‍ കഴിക്കുന്നതാണ് നല്ലത്. നിത്യേനയുള്ള ഭക്ഷണക്രമത്തില്‍ ധാരാളം പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടുത്തുക. ആപ്പിള്‍, മാതളം, ക്യാരറ്റ്, തക്കാളി, മുരിങ്ങയ്‌ക്ക, ചീര, ബീറ്റ്‌റൂട്ട്, പയര്‍ എന്നിവയൊക്കെ ഹൃദയാരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട ഭക്ഷ്യവസ്‌തുക്കളാണ്.
അതുപോലെ തന്നെ, ഹൃദയാരോഗ്യത്തിന് നാരുകള്‍ അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കണം. നാരുകള്‍ക്ക് പുറമെ, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയ ഭക്ഷണങ്ങളും കഴിക്കുക. ഗോതമ്പ്, ഓട്സ് എന്നിവ കൊണ്ടുള്ള ഭക്ഷണം ഏറെ അനുയോജ്യകരമാണ്.

മൂന്ന്...

മതിയായ ഉറക്കം ലഭ്യമാക്കുക.   ഉറക്കക്കുറവ് ഹൃദയാരോഗ്യത്തിന് ഒട്ടും നല്ലതല്ല. മുതിര്‍ന്നവര്‍ ഒരു ദിവസം 7-8 മണിക്കൂറും കുട്ടികള്‍ 8-9 മണിക്കൂറും ഉറങ്ങണം. സ്ഥിരമായി ആറുമണിക്കൂറില്‍ കുറച്ച് ഉറങ്ങുന്നവരില്‍ ഹൃദയാഘാതം, ഹൃദയധമനിയില്‍ ബ്ലോക്ക് എന്നീ പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യത ഏറേ കൂടുതലാണ്.

നാല്...

പ്രമേഹവും രക്തസമ്മര്‍ദ്ദവും ഹൃദ്രോഗസാധ്യത കൂട്ടുന്നു. അതുകൊണ്ടുതന്നെ ഇന്നുമുതല്‍ ഉപ്പും പഞ്ചസാരയും നിയന്ത്രിക്കുക. അത് പ്രമേഹം, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിവയെ അകറ്റാനാകും. ഒപ്പം ഹൃദ്രോഗത്തെയും.

അഞ്ച്...

മദ്യപാനം അമിതമായാല്‍, രക്തത്തിലെ ട്രൈഗ്ലിസറൈഡിന്‍റെ അളവ് കൂടും. ഇത് ഹൃദ്രോഗത്തിനുള്ള പ്രധാനപ്പെട്ട കാരണമാണ്.

ആറ്...

വ്യായാമം നിര്‍ബന്ധമാണ്.  ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും ശരീരം നന്നായി വിയര്‍ക്കുന്നവിധം വ്യായാമം ചെയ്യുക. അത് നടത്തമോ ഓട്ടമോ  ആകാം. ഓഫീസിലെയും വീട്ടിലെയും പടികൾ കയറുകയും ഇറങ്ങുകയും ചെയ്യുക. നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യവും സൗകര്യപ്രദവുമായ വ്യായാമമുറകളാണ് തെരഞ്ഞെടുക്കേണ്ടത്. 

Also Read: ഹൃദയം അപകടത്തിലാണോ? മനസിലാക്കാം ഈ എട്ട് ലക്ഷണങ്ങളിലൂടെ....

ഹൃദയത്തെ കാക്കാൻ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ

നിങ്ങളുടെ ഹൃദയം അപകടത്തിലാണോ? മുപ്പതുകളിലെ ഈ സൂചനകള്‍ ശ്രദ്ധിക്കാതെ പോകരുത്...

 

click me!