World Homeopathy Day 2026 : ഹോമിയോപ്പതിയും ആധുനിക ചികിത്സാരീതിയും

Published : Apr 09, 2026, 10:28 AM ISTUpdated : Apr 09, 2026, 10:30 AM IST
world homeopathy day

Synopsis

അലർജികൾ, ശ്വസന സംബന്ധമായ അസുഖങ്ങൾ, ചർമ്മരോഗങ്ങൾ, മൈഗ്രെയ്ൻ, ഹോർമോൺ അസന്തുലിതാവസ്ഥ, വിവിധ ദീർഘകാല രോഗങ്ങൾ തുടങ്ങിയവയിൽ, ശരിയായ രീതിയിൽ തിരഞ്ഞെടുക്കുന്ന ഹോമിയോപ്പതി മരുന്നുകൾ ഗുണകരമായി പ്രവർത്തിക്കുന്നതായി കാണപ്പെടുന്നു.  

ഓരോ വർഷവും ഏപ്രിൽ 10-ന് ലോകം ലോക ഹോമിയോപ്പതി ദിനമായി ആചരിക്കുന്നു. ഹോമിയോപ്പതിയുടെ ഉപജ്ഞാതാവായ ഡോ. സാമുവൽ ഹാനിമാൻ്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ഈ ദിനം ആചരിക്കുന്നത്. ഈ ദിവസം, ഈ വൈവിധ്യമാർന്ന ചികിത്സാ രീതിയുടെ അടിസ്ഥാന തത്വങ്ങളെയും ആഗോളാരോഗ്യരംഗത്തിലെ അതിന്റെ നാൾതോറും ഏറിവരുന്ന പ്രാധാന്യത്തെയും കുറിച്ച് ചിന്തിക്കാനുള്ള അവസരമാണ്.

രണ്ടു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഹോമിയോപതി “Similia Similibus Curentur " – സമം സമന്യേന ശാന്തി എന്ന അടിസ്ഥാന തത്വത്തിലാണ് അധിഷ്ഠിതമായിട്ടുള്ളത്. രോഗലക്ഷണങ്ങളെ മാത്രം പരിഗണിക്കുന്നതിനുപകരം, രോഗിയെ സമഗ്രമായി കാണുന്ന രീതിയാണ് ഹോമിയോപതി സ്വീകരിക്കുന്നത്. 

ശാരീരികവും മാനസികവുമായും വികാരപരവുമായ വ്യക്തിയുടെ അവസ്ഥയെ പരിഗണിച്ച്, ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശേഷിയെ ഉത്തേജിപ്പിക്കുകയാണ് ഹോമിയോപതിയുടെ ലക്ഷ്യം.

ആധുനിക ആരോഗ്യരംഗത്തിലെ ഹോമിയോപ്പതി

ഇന്നത്തെ ലോകത്ത് ജീവിതശൈലി രോഗങ്ങളും ദീർഘകാല അസുഖങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ, ഹോമിയോപതി സമഗ്രവും വ്യക്തിനിഷ്ഠവുമായ ചികിത്സാരീതിയാണ് നൽകുന്നത്. അലർജികൾ, ശ്വസന സംബന്ധമായ അസുഖങ്ങൾ, ചർമ്മരോഗങ്ങൾ, മൈഗ്രെയ്ൻ, ഹോർമോൺ അസന്തുലിതാവസ്ഥ, വിവിധ ദീർഘകാല രോഗങ്ങൾ തുടങ്ങിയവയിൽ, ശരിയായ രീതിയിൽ തിരഞ്ഞെടുക്കുന്ന ഹോമിയോപതി മരുന്നുകൾ ഗുണകരമായി പ്രവർത്തിക്കുന്നതായി കാണപ്പെടുന്നു.

ഹോമിയോപതിയുടെ പ്രധാന സവിശേഷതകളിലൊന്നാണ് തീരെ കുറഞ്ഞ അളവിലുള്ള മരുന്നുകളും സൗമ്യമായ ചികിത്സയും. മരുന്നുകൾ പ്രത്യേക രീതിയിലുള്ള ആവർത്തനം വഴി തയ്യാറാക്കപ്പെടുന്നതിനാൽ, ശിശുക്കളുൾപ്പടെ എല്ലാ പ്രായക്കാർക്കും സുരക്ഷിതമായി ഉപയോഗിക്കാവുന്നതാണ്.

ഇന്ത്യയിലെ ഹോമിയോപ്പതി

ആഗോള ഹോമിയോപതി രംഗത്ത് ഇന്ത്യക്ക് പ്രമുഖ സ്ഥാനമുണ്ട്. ഹോമിയോപതി ഡോക്ടർമാർ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ ഏറ്റവും വലിയ ശൃംഖലകളിലൊന്നാണ് ഇന്ത്യയിൽ പ്രവർത്തിക്കുന്നത്. AYUSH മന്ത്രാലയത്തിന്റെ കീഴിൽ ഹോമിയോപതി ദേശീയ ആരോഗ്യരംഗത്തിന്റെ ഭാഗമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. ചെലവുകുറഞ്ഞതും ഫലപ്രദവുമായ ചികിത്സയായി ലക്ഷക്കണക്കിന് ആളുകൾ ഹോമിയോപതിയെ ആശ്രയിക്കുന്നു.

ഇന്ത്യൻ ഹോമിയോപതിക് മെഡിക്കൽ അസോസിയേഷൻ (IHMA) പോലുള്ള സംഘടനകൾ, ഹോമിയോപതിയുടെ പ്രൊഫഷണൽ നിലവാരം ഉയർത്തുന്നതിനും വിദ്യാഭ്യാസവും പൊതുജന ബോധവത്കരണവും പ്രോത്സാഹിപ്പിക്കുന്നതിലും നിർണായക പങ്ക് വഹിക്കുന്നു.

കേരളത്തിലെ ഹോമിയോപ്പതി

ഇന്ത്യയിൽ ഹോമിയോപതിയുടെ വളർച്ചയിലും പ്രചരണത്തിലും കേരളത്തിന് പ്രത്യേക സ്ഥാനമുണ്ട്. സംസ്ഥാനത്തെ ഹോമിയോപതി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ ആശുപത്രികളും ഡിസ്പെൻസറികളും ജനങ്ങൾക്ക് എളുപ്പത്തിൽ സേവനം ലഭ്യമാക്കുന്നു.

വിവിധങ്ങളായ നിരവധി രോഗങ്ങൾക്ക് കേരളത്തിലെ ആയിരക്കണക്കിന് ആളുകൾ ദിവസേന ഹോമിയോപതി ചികിത്സ തേടുന്നു. മികച്ച സർക്കാർ-സ്വകാര്യ ഹോമിയോപതി മെഡിക്കൽ കോളേജുകൾ വിദ്യാഭ്യാസത്തിലും ഗവേഷണത്തിലും പ്രൊഫഷണൽ പരിശീലനത്തിലും ശ്രദ്ധേയമായ സംഭാവനകൾ നൽകുന്നു. സൗമ്യവും സമഗ്രവുമായ ഈ ചികിത്സാരീതിയോട് കേരള ജനതയ്ക്ക് ദീർഘകാലമായി വിശ്വാസമുണ്ട്, കൂടാതെ സംസ്ഥാനത്തിന്റെ ആരോഗ്യസംരക്ഷണ സംവിധാനത്തിൽ ഹോമിയോപതി പ്രധാന പങ്ക് വഹിക്കുന്നു.

വ്യക്തിനിഷ്ഠമായ പരിചരണത്തിൽ ആധാരിതമായ സംവിധാനം

രോഗനാമങ്ങളെ മാത്രം കേന്ദ്രീകരിക്കുന്ന മറ്റു ചികിത്സാരീതികളിൽ നിന്ന് വ്യത്യസ്തമായി, ഹോമിയോപതി രോഗിയുടെ സമഗ്ര സ്വഭാവത്തെ മനസ്സിലാക്കാൻ ശ്രമിക്കുന്നു. ഓരോ വ്യക്തിയും വ്യത്യസ്തനാണ്; അതിനാൽ ലക്ഷണങ്ങളുടെ സമഗ്രത, ശരീരഘടന, വ്യക്തിത്വ സ്വഭാവങ്ങൾ എന്നിവ പരിഗണിച്ചാണ് ചികിത്സ തിരഞ്ഞെടുക്കുന്നത്. ഈ വ്യക്തിനിഷ്ഠ സമീപനം ദീർഘകാല രോഗങ്ങളിൽ പ്രത്യേക പ്രാധാന്യമർഹിക്കുന്നു, കാരണം രോഗികൾക്ക് ദീർഘകാലവും വ്യക്തിഗതവുമായ പരിചരണം ആവശ്യമാണ്.

മുന്നോട്ടുള്ള വഴി

രോഗികേന്ദ്രിതവും സംയോജിതവുമായ ചികിത്സാരീതികളുടെ പ്രാധാന്യം ലോകമെമ്പാടുമുള്ള ആരോഗ്യസംവിധാനങ്ങൾ കൂടുതൽ അംഗീകരിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ഹോമിയോപതി അതിൻ്റെ സമഗ്ര ദർശനവും സൗമ്യമായ ചികിത്സാരീതിയും കൊണ്ട് ശ്രദ്ധേയമാകുന്നു.

ലോക ഹോമിയോപ്പതി ദിനം, ഡോ. ഹാനിമാന്റെ മഹത്തായ സംഭാവനയെ അനുസ്മരിക്കുന്നതോടൊപ്പം, രോഗിയെ ചികിത്സയുടെ കേന്ദ്ര ബിന്ദുവിൽ വയ്ക്കുന്ന ഒരു ചികിത്സാശാസ്ത്രത്തിന്റെ ശാശ്വത പ്രസക്തിയെ ഓർമ്മപ്പെടുത്തുന്നു. തുടർച്ചയായ ഗവേഷണവും വിദ്യാഭ്യാസവും ഉത്തരവാദിത്വപരമായ സമീപനവും വഴി, കൂടുതൽ സമതുലിതവും മാനുഷികവുമായ ആരോഗ്യഭാവിക്കായി ഹോമിയോപതി നിർണായക സംഭാവന നൽകാൻ കഴിയും.

ലേഖനം തയ്യാറാക്കിയത് :

ഡോ. പ്രശാന്ത് കുമാർ എം.ഇ

ഹോമിയോപ്പതിക് ക്ലിനിക്ക്

വള്ളിക്കാട്, വടകര

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പച്ച പപ്പായയോ പഴുത്ത പപ്പായയോ : രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഏതാണ് നല്ലത്?
മോശം കൊളസ്ട്രോൾ കൂട്ടുന്നതിന് കാരണമാകുന്ന ഏഴ് ഭക്ഷണങ്ങൾ