
ആരോഗ്യകരമായ സമൂഹം സൃഷ്ടിക്കാൻ ചികിത്സാരീതികൾക്ക് വലിയ പങ്കുണ്ട്. അതിൽ ലളിതവും സുരക്ഷിതവുമായ ചികിത്സാരീതിയായി ലോകമെമ്പാടും ജനങ്ങൾ സ്വീകരിച്ചിട്ടുള്ള ശാസ്ത്രമാണ് ഹോമിയോപ്പതി. മനുഷ്യന്റെ ശരീരത്തെയും മനസ്സിനെയും സമഗ്രമായി പരിഗണിച്ച് രോഗശാന്തി ലക്ഷ്യമിടുന്ന ഈ ചികിത്സാശാസ്ത്രം ഇന്ന് പൊതുജനാരോഗ്യ രംഗത്ത് ശക്തമായ സ്ഥാനമാണ് നേടിയിരിക്കുന്നത്.
ഹോമിയോപ്പതി ചികിത്സാ ശാസ്ത്രത്തിന്റെ സ്ഥാപകനായ ഡോ. സാമുവൽ ഹാനിമാൻ എന്ന ജർമ്മൻ വൈദ്യശാസ്ത്രജ്ഞന്റെ ജന്മദിനമായ ഏപ്രിൽ 10 ലോകമെമ്പാടും ലോക ഹോമിയോപ്പതി ദിനമായി ആചരിക്കുന്നു. ഇന്നത്തെ ആരോഗ്യ രംഗത്ത് “സമഗ്ര പൊതുജനാരോഗ്യത്തിനും സാമൂഹ്യ ക്ഷേമത്തിനുമായി ഹോമിയോപ്പതി” എന്ന സന്ദേശം വളരെ പ്രസക്തമാണ്. രോഗം മാറുക മാത്രമല്ല, ആരോഗ്യത്തിന്റെ ഗുണനിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഹോമിയോപ്പതി പ്രവർത്തിക്കുന്നത്.
ഹോമിയോപ്പതിയുടെ തുടക്കം
18-ആം നൂറ്റാണ്ടിന്റെ അവസാനം ജർമ്മൻ വൈദ്യശാസ്ത്രജ്ഞനായ Dr.Samuel Hahnemann ആണ് ഹോമിയോപ്പതി കണ്ടെത്തിയത്. “Similia Similibus Curentur” എന്ന സിദ്ധാന്തമാണ് ഹോമിയോപ്പതിയുടെ അടിസ്ഥാനതത്വം. അതിനർത്ഥം “സമാനമായത് സമാനമായതുകൊണ്ട് ചികിത്സിക്കുക” എന്നതാണ്. ഒരു ആരോഗ്യവാനായ വ്യക്തിയിൽ ചില ലക്ഷണങ്ങൾ സൃഷ്ടിക്കുന്ന ഔഷധം അതേ ലക്ഷണങ്ങളുള്ള രോഗിക്ക് ചെറിയ അളവിൽ നൽകുമ്പോൾ രോഗശാന്തി ഉണ്ടാകുമെന്ന് അദ്ദേഹം കണ്ടെത്തി. രോഗത്തിന്റെ പേര് മാത്രം നോക്കാതെ രോഗിയുടെ ശരീരഘടനയും മാനസികാവസ്ഥയും ജീവിത സാഹചര്യങ്ങളും ഉൾക്കൊണ്ട് ചികിത്സ നൽകുന്നതാണ് ഹോമിയോപ്പതിയുടെ പ്രധാന സവിശേഷത.
ലോകമെമ്പാടുമുള്ള സ്വീകാര്യത
ഇന്ന് ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളിൽ ഹോമിയോപ്പതി നിയമപരമായി അംഗീകരിക്കപ്പെട്ട ചികിത്സാ ശാഖയാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ലോകത്ത് ജനങ്ങൾ ആശ്രയിക്കുന്ന പ്രധാന ചികിത്സാ രീതികളിൽ ഒന്നാണ് ഹോമിയോപ്പതി.
ഇന്ത്യയിൽ ഏകദേശം 200 മില്യൺ ആളുകൾ അവരുടെ ആരോഗ്യപരിചരണത്തിനായി ഹോമിയോപ്പതിയെ ആശ്രയിക്കുന്നു. രാജ്യത്ത് 3 ലക്ഷത്തിലധികം രജിസ്റ്റർ ചെയ്ത ഹോമിയോപ്പതി ഡോക്ടർമാർ സേവനം ചെയ്യുന്നുണ്ട്. വർഷംതോറും ആയിരക്കണക്കിന് പുതിയ ഡോക്ടർമാർ ചികിത്സാരംഗത്തേക്ക് കടന്നുവരുന്നു.
മരുന്നുകൾ വളരെ ചെറിയ അളവുകളിൽ തയ്യാറാക്കുന്നതിനാൽ സാധാരണയായി പാർശ്വഫലങ്ങൾ ഇല്ലാത്ത ചികിത്സയായി ഇത് പരിഗണിക്കപ്പെടുന്നു. കുഞ്ഞുങ്ങളിൽ നിന്നും വയോജനങ്ങളിലേക്കും ഗർഭിണികളിലേക്കും വരെ സുരക്ഷിതമായി ഉപയോഗിക്കാവുന്ന ചികിത്സയായതിനാൽ കുടുംബങ്ങളുടെ ആദ്യ തിരഞ്ഞെടുപ്പായി പല സ്ഥലങ്ങളിലും ഹോമിയോപ്പതി മാറിക്കൊണ്ടിരിക്കുകയാണ്.
പൊതുജനാരോഗ്യ രംഗത്തെ ഹോമിയോപ്പതി
കേരളത്തിൽ ഹോമിയോപ്പതി വകുപ്പ് നിരവധി പൊതുജനാരോഗ്യ പദ്ധതികളും നടപ്പാക്കുന്നു. വന്ധ്യതാ ചികിത്സ മുതൽ ജീവിതശൈലി രോഗങ്ങൾ, സ്ത്രീകളുടെ മാനസികാരോഗ്യം, കുട്ടികളിലെ പെരുമാറ്റ വൈകല്യങ്ങൾ എന്നിവ വരെ ഉൾക്കൊള്ളുന്ന പദ്ധതികൾ നടപ്പിലുണ്ട്.
ഡയബറ്റിസ്, തൈറോയ്ഡ്, ആസ്ത്മ, അലർജി, വാതരോഗങ്ങൾ തുടങ്ങിയ രോഗങ്ങൾക്ക് പ്രത്യേക സ്പെഷ്യാലിറ്റി ക്ലിനിക്കുകളും പ്രവർത്തിക്കുന്നു.
കേരളത്തിലെ ഹോമിയോപ്പതി – ചില പ്രധാന കണക്കുകൾ
ഡിസ്പെൻസറികൾ
• 709 സ്ഥിരം ഹോമിയോപ്പതി ഡിസ്പെൻസറികൾ
• 407 എൻ.എച്ച്.എം ഡിസ്പെൻസറികൾ
• 29 പ്രത്യേക മേഖലകളിലെ താൽക്കാലിക ഡിസ്പെൻസറികൾ
• 3 ഫ്ലോട്ടിങ് ഡിസ്പെൻസറികൾ
• 4 മൊബൈൽ ഡിസ്പെൻസറികൾ
ആശുപത്രികൾ
• 34 ഹോമിയോപ്പതി ആശുപത്രികൾ
• 985 കിടക്കകൾ
ഡോക്ടർമാർ
• 15000 ത്തിലധികം രജിസ്റ്റർ ചെയ്ത ഹോമിയോപ്പതി ഡോക്ടർമാർ
പ്രധാന സർക്കാർ പദ്ധതികൾ
• ജനനി – വന്ധ്യത ചികിത്സ
• സീതാലയം – സ്ത്രീകളുടെ മാനസികാരോഗ്യം
• ആയുഷ്മാൻ ഭവ – ജീവിതശൈലി രോഗങ്ങൾ
• സദ്ഗമയ – കുട്ടികളുടെ പെരുമാറ്റ വൈകല്യങ്ങൾ
• REACH – പകർച്ചവ്യാധി നിയന്ത്രണം
• പുനർജനി – ലഹരി വിമുക്തി
• ചേതന – സാന്ത്വന ചികിത്സ
ഭാവിയിലേക്കുള്ള സന്ദേശം
ആധുനിക ജീവിതശൈലി രോഗങ്ങൾ വർധിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ സമഗ്ര ആരോഗ്യസംരക്ഷണത്തിന്റെ പ്രാധാന്യം കൂടുതൽ ഉയരുകയാണ്. ഗവേഷണവും വിദ്യാഭ്യാസവും സാങ്കേതിക വിദ്യയും ചേർന്ന് ഹോമിയോപ്പതി ഭാവിയിൽ കൂടുതൽ ശക്തമായ ആരോഗ്യസംവിധാനമായി വളരുമെന്നത് ഉറപ്പാണ്.
(ലേഖകൻ ഡോ. മുഹമ്മദ് അസ്ലം എം ഹോമിയോ ഫിസിഷ്യനും ദി ഇൻസ്‌റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത്സ് കേരള (ഐ.എച്ച്.കെ)യുടെ സംസ്ഥാന സെകട്ടറിയാണ്.)
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam