
ഇന്ന് ജൂൺ ഒന്ന്. ലോക ക്ഷീരദിനം. നമ്മുടെ ദൈനംദിനഭക്ഷണത്തിൽ വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് പാലിനുള്ളത്. പാലും പാലുത്പ്പന്നങ്ങളും ശരീരത്തിന് ആവശ്യമായ പോഷണം പ്രധാനം ചെയ്യുന്നു.ആഗോള ഭക്ഷണമെന്ന നിലയിൽ പാലിന്റെ പ്രാധാന്യം മുൻനിരയിലേക്ക് എത്തിക്കുവാനും ക്ഷീര കൃഷിയെയും ക്ഷീര വ്യവസായത്തെയും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ ദിനം ആഘോഷിക്കുന്നത്. പാൽ കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
ഒന്ന്
പാലിൽ ട്രിപ്റ്റോഫാൻ അടങ്ങിയിട്ടുണ്ട്. ഇത് ഉറക്കത്തെ നിയന്ത്രിക്കുന്ന ഹോർമോണായ മെലറ്റോണിന്റെ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു അവശ്യ അമിനോ ആസിഡ് ആണ്. ഇത് ഉറക്കചക്രങ്ങൾ മെച്ചപ്പെടുത്താനും ക്ഷീണം കുറയ്ക്കാനും മാനസികമായും ശാരീരികമായും ഉന്മേഷം നിലനിർത്താനും സഹായിക്കുന്നു.
രണ്ട്
ഒരു ഗ്ലാസ് തണുത്ത പാൽ കുടിക്കുന്നത് ആമാശയത്തിലെ ആസിഡിനെ നിർവീര്യമാക്കാൻ സഹായിക്കും. ഇത് ആമാശയ പാളിയെ ശമിപ്പിക്കുകയും എരിവുള്ള ഭക്ഷണങ്ങൾക്ക് ശേഷമുള്ള അസ്വസ്ഥത തടയുകയും ചെയ്യുന്നു.
മൂന്ന്
പാലിലും മറ്റ് പാലുൽപ്പന്നങ്ങളിലും കൺജഗേറ്റഡ് ലിനോലെയിക് ആസിഡ് (CLA) അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും പേശികളുടെ വളർച്ചയെ പിന്തുണയ്ക്കാനും സഹായിക്കുന്ന പ്രകൃതിദത്ത ഫാറ്റി ആസിഡാണ്.
നാല്
പ്രോട്ടീന്റെ മികച്ച ഉറവിടമാണ് പാൽ. എല്ലുകൾക്ക് ആരോഗ്യം നൽകുന്ന കാത്സ്യവും വിറ്റമിൻ ഡി യും പാലിൽ ധാരാളം ഉണ്ട്. ദിവസവും പാൽ കുടിക്കുന്നതു വഴി എല്ലുകളും സന്ധികളും ബലമുള്ളതാക്കുന്നു.
അഞ്ച്
പാലിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. പാലും പാലുൽപന്നങ്ങളും പതിവായി ഉപയോഗിക്കുന്നത് പക്ഷാഘാതം, ഹൃദയസംബന്ധമായ രോഗങ്ങൾ, രക്താതിമർദം ഇവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam