World Sight Day 2022 : ലോക കാഴ്ച ദിനത്തില്‍ തിമിര മുക്ത പദ്ധതിയുമായി കേരളം

Published : Oct 13, 2022, 03:30 PM ISTUpdated : Oct 13, 2022, 03:35 PM IST
World Sight Day 2022 : ലോക കാഴ്ച ദിനത്തില്‍ തിമിര മുക്ത പദ്ധതിയുമായി കേരളം

Synopsis

അന്ധതയ്ക്ക് കാരണമായ ബഹുഭൂരിപക്ഷം രോഗങ്ങളും പ്രതിരോധിക്കാനോ ചികില്‍സിച്ചു ഭേദമാക്കാനോ സാധിക്കും. അതിനാല്‍ എത്രയും വേഗം ചികിത്സ തേടുക.

ഇന്ന് ഒക്‌ടോബര്‍ 13- ലോക കാഴ്ച ദിനം. 'നിങ്ങളുടെ കണ്ണുകളെ സ്‌നേഹിക്കുക' എന്നതാണ് ഈ വര്‍ഷത്തെ കാഴ്ചദിന സന്ദേശം. അന്ധതയ്ക്ക് കാരണമായ ബഹുഭൂരിപക്ഷം രോഗങ്ങളും പ്രതിരോധിക്കാനോ ചികില്‍സിച്ചു ഭേദമാക്കാനോ സാധിക്കും. അതിനാല്‍ എത്രയും വേഗം ചികിത്സ തേടുക. സംസ്ഥാനത്തെ തിമിര മുക്തമാക്കുന്നതിന് പദ്ധതി ആവിഷ്‌ക്കരിക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

സംസ്ഥാനത്ത് തിമിരം ബാധിച്ചിട്ടുള്ള 1.36 ലക്ഷത്തോളം പേരുള്ളവരില്‍ 1.13 ലക്ഷത്തോളം പേര്‍ക്ക് തിമിര ശസ്ത്രക്രിയ നടത്തി. ബാക്കിയുള്ളവരെ കൂടി കണ്ടെത്തി മുഴുവന്‍ പേര്‍ക്കും തിമിര ശസ്ത്രക്രിയ നടത്തി കാഴ്ച ഉറപ്പിക്കുകയാണ് ലക്ഷ്യം. ഇതിനായി ഒഫ്ത്താല്‍മോളജി വിഭാഗത്തെ സജ്ജമാക്കുന്നതാണ്. തിമിരം പ്രതിരോധിക്കുന്നതും വളരെ പ്രധാനമാണ്. പ്രമേഹം പോലെയുള്ള ദീര്‍ഘസ്ഥായീ രോഗങ്ങള്‍ നിയന്ത്രണ വിധേയമാക്കി ഒരുപരിധിവരെ തിമിരത്തെ പ്രതിരോധിക്കാനാകുമെന്നും മന്ത്രി ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.

തിമിരം (Cataract)

പ്രായമായവരില്‍ കണ്ടുവരുന്ന തിമിരം, അന്ധതയ്ക്കുള്ള പ്രധാനകാരങ്ങളില്‍ ഒന്നാണ്. ലളിതമായ ശസ്ത്രക്രിയയിലൂടെ തിമിരം മൂലമുണ്ടാകുന്ന അന്ധത ഭേദമാക്കാവുന്നതാണ്. ജില്ലാ, താലൂക്ക്, ആശുപത്രികളിലും മെഡിക്കല്‍ കോളേജിലും തിമിര ശസ്ത്രക്രിയ സൗജന്യമായി ചെയ്തുവരുന്നു.

കാഴ്ചവൈകല്യങ്ങള്‍ (Refractive Errors)

കാഴ്ച വൈകല്യങ്ങള്‍ ശ്രദ്ധിക്കാതെ പോകുന്നത് കണ്ണുകള്‍ക്ക് കൂടുതല്‍ ദോഷം ചെയ്യും. നേത്ര ഗോളത്തിനുണ്ടാകുന്ന വലിപ്പ വ്യത്യാസമോ ഫോക്കസ് ചെയ്യാനുള്ള അപാകതയോ ആണ് പ്രധാന കാരണങ്ങള്‍. ഹ്രസ്വദൃഷ്ടി, ദീര്‍ഘദൃഷ്ടി, അസ്റ്റിഗ്മാറ്റിസം എന്നിവയാണ് പ്രധാന കാഴ്ച തകരാറുകള്‍. കുട്ടികളിലെ കാഴ്ച വൈകല്യങ്ങള്‍ നേരത്തെ തന്നെ നേത്ര പരിശോധനയിലൂടെ കണ്ടുപിടിച്ച് കണ്ണട, കോണ്ടാക്ട് ലെന്‍സ് എന്നിവ ഉപയോഗിച്ച് പരിഹരിക്കാവുന്നതാണ്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സൗജന്യ കണ്ണട സര്‍ക്കാര്‍ തലത്തില്‍ നല്‍കി വരുന്നു.

പ്രമേഹ ജന്യ നേത്രാനന്തരപടല രോഗം (Diabetic Retinopathy)

ജീവിതശൈലി രോഗങ്ങളായ പ്രമേഹവും രക്തസമ്മര്‍ദവും മൂലമമുണ്ടാകുന്ന റെറ്റിനോപ്പതി കൂടുതല്‍ ആളുകളില്‍ ഭേദമാക്കാനാകാത്ത അന്ധതയ്ക്ക് കാരണമാകുന്നു. വ്യായാമം, മരുന്ന്, ഭക്ഷണ നിയന്ത്രണം എന്നിവയിലൂടെ ഈ രോഗങ്ങളെ നിയന്ത്രിക്കുന്നതിനോടൊപ്പം കൃത്യമായ ഇടവേളകളില്‍ വിദഗ്ധ നേത്ര പരിശോധനയിലൂടെ അതുമൂലമുണ്ടാകുന്ന അന്ധത ചെറുക്കാവുന്നതാണ്.

ഗ്ലോക്കോമ (Glaucoma)

കണ്ണിനകത്തുള്ള ദ്രാവകത്തിന്റെ മര്‍ദ്ദം കൂടുന്ന അവസ്ഥയാണ് ഗ്ലോക്കോമ. കാഴ്ചയുടെ നിശബ്ദ കൊലയാളി എന്നും ഇതറിയപ്പെടുന്നു. നേരത്തെ കണ്ടുപിടിക്കുകയും ചികിത്‌സിക്കുകയും ചെയ്താല്‍ അന്ധതയിലേക്കെത്താതെ രക്ഷപ്പെടാം.ആഹാരക്രമത്തിലും ജീവിത ശൈലിയിലും മാറ്റം വരുത്തിയാല്‍ പോഷകാഹാരക്കുറവ് മൂലമുണ്ടാകുന്ന വൈകല്യങ്ങളില്‍ നിന്നും രക്ഷനേടാം. ഇത്തരത്തില്‍ ശരിയായ നേത്ര സംരക്ഷണത്തിലൂടെ അന്ധതയെ ചെറുക്കുവാന്‍ സാധിക്കുന്നതാണ്. അന്ധതാ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി നേത്ര സംബന്ധമായ എല്ലാ അസുഖങ്ങള്‍ക്കും സംസ്ഥാനത്ത് ചികിത്സ ലഭ്യമാണ്. ഈ പദ്ധതിയുടെ കീഴില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സൗജന്യ തിമിര ശസ്ത്രക്രിയ, സ്‌കൂള്‍ കുട്ടികള്‍ക്കും, വയോജനങ്ങള്‍ക്കും കാഴ്ച പരിശോധിച്ചു സൗജന്യ കണ്ണട വിതരണം എന്നിവ നടപ്പിലാക്കുന്നു.

Also Read: ഈ ശീലങ്ങള്‍ നിങ്ങളുടെ കണ്ണുകളുടെ ആരോഗ്യത്തെ ബാധിക്കാം...

PREV
click me!

Recommended Stories

ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍
Health Tips: വിറ്റാമിൻ ബി12 അഭാവം; ഈ ലക്ഷണങ്ങളെ തിരിച്ചറിയുക