
പക്ഷാഘാതം - സ്ട്രോക്ക്- എല്ലാം എപ്പോഴെങ്കിലും കേൾക്കുന്ന ഒരു രോഗാവസ്ഥയും മുതിർന്നവരെ മാത്രം ബാധിക്കുന്ന ഒരു രോഗവുമായി കരുതിയിരുന്ന കാലം കഴിഞ്ഞുപോയി. 2025 ലെ ഇന്ത്യൻ സ്ട്രോക്ക് അസോസിയേഷൻ കോൺഗ്രസിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം, നമ്മുടെ രാജ്യത്തെ ഇസ്കെമിക് സ്ട്രോക്കുകളിൽ 28 ശതമാനവും സംഭവിക്കുന്നത് ഇപ്പോൾ 50 വയസ്സിന് താഴെയുള്ളവരിലാണ്.
നിയന്ത്രണത്തിലല്ലാത്ത പ്രമേഹം, അമിത രക്തസമ്മർദ്ദം, ചെറിയ രക്തക്കുഴൽ രോഗങ്ങൾ എന്നിവയാണ് പലപ്പോഴും ഇതിനു കാരണമാകുന്നത്. ഇത്തരം ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരുടെ എണ്ണം നമ്മുടെ രാജ്യത്ത് പെരുകിക്കൊണ്ടിരിക്കുന്നത് സ്ട്രോക്ക് അഥവാ പക്ഷാഘാതം സംഭവിക്കാൻ സാധ്യതയുള്ളവരുടെ എണ്ണവും വർദ്ധിപ്പിക്കുന്നു. കോവിഡിനു ശേഷം വന്നുചേർന്ന വാസ്കുലർ സങ്കീർണതകൾ കൂടി കണക്കിലെടുക്കുമ്പോൾ നാം ഒരു വലിയ പ്രശ്നത്തെയാണ് അഭിമുഖീകരിക്കുന്നത്.
പാശ്ചാത്യ രാജ്യങ്ങളിൽ സ്ട്രോക്ക് വർദ്ധിക്കുന്നതിനുള്ള കാരണമായി പറയുന്നത് ഏട്രിയൽ ഫൈബ്രിലേഷൻ (atrial fibrillation) ആണ്. ഹൃദയമിടിപ്പിൻ്റെ താളം ക്രമരഹിതമാകുന്ന ഒരു അവസ്ഥയാണിത്.
" ഓരോ നിമിഷവും എണ്ണപ്പെട്ടതാണ്" എന്ന സന്ദേശം ഉയർത്തിയാണ് ഈ ലോക സ്ട്രോക്ക് ദിനം ആചരിക്കപ്പെടുന്നത്. ലക്ഷണങ്ങൾ കണ്ട ശേഷം ഡോക്ടർമാർ സുവർണ്ണ മണിക്കൂറുകൾ എന്ന് വിളിക്കുന്ന സമയത്തിനുള്ളിൽ രോഗിക്ക് ഏറ്റവും ഉചിതമായ ചികിത്സ ലഭ്യമാക്കുക, പിന്നീട് കടന്നുപോകുന്ന ഓരോ നിമിഷത്തിന്റെയും പ്രാധാന്യം ജനങ്ങളിൽ എത്തിക്കുക എന്നതാണ് ഈ സന്ദേശം കൊണ്ട് ഉദ്ദേശിക്കുന്നത്.
സ്ട്രോക്കിന്റെ ലക്ഷണങ്ങൾ കണ്ടത് മുതൽ ഓരോ നിമിഷവും മരിച്ചു കൊണ്ടിരിക്കുന്ന മസ്തിഷ്കകോശങ്ങളെ എത്രയും പെട്ടെന്ന് രക്ഷിക്കുക എന്നതാണ് പ്രധാനം. ഇത്തരത്തിൽ ലക്ഷണം കണ്ടത് മുതൽ ആദ്യത്തെ ഒരു മണിക്കൂർ അതിനിർനായകമാണ്. സ്ട്രോക്ക് സംഭവിച്ച് നാലര മണിക്കൂറിനുള്ളിൽ ആണെങ്കിൽ മസ്തിഷ്ക കോശങ്ങളുടെ നാശം പരമാവധി കുറച്ച് രക്തം കട്ടപിടിച്ചത് അലിയിക്കാനുള്ള മരുന്നുകൾ ഇന്ന് ലഭ്യമാണ്.
എന്നാൽ ചികിത്സാരംഗത്ത് നാം നേടിക്കൊണ്ടിരിക്കുന്ന ശാസ്ത്രപുരോഗതി വളരെ പ്രതീക്ഷാ വഹമാണ്. AI- സഹായത്തോടെയുള്ള സിടി പെർഫ്യൂഷൻ ഉപകരണങ്ങൾ ഇപ്പോൾ പൈലറ്റ് സ്ട്രോക്ക് യൂണിറ്റുകളിൽ 30 മിനിറ്റിനുള്ളിൽ ഡോർ-ടു-നീഡിൽ സമയം സാധ്യമാക്കുന്നു. ഇന്ത്യയിലുടനീളം ഇത്തരം നൂതനാശയങ്ങൾ എത്തിക്കുന്നതിനായി നാഷണൽ സ്ട്രോക്ക് സമ്മിറ്റ് -2025 അഞ്ച് വർഷത്തെ റോഡ്മാപ്പ് - 'സ്ട്രോക്ക് പെ റോക്ക്' - മുന്നോട്ടുവച്ചിട്ടുണ്ട്:
- ഇന്ത്യൻ ജീവിത സാഹചര്യങ്ങൾ പഠിച്ച് ജീനോമിക്, ജീവിതശൈലി ഡാറ്റ ഉപയോഗിച്ച് കൃത്യതയുള്ള റിസ്ക് മാപ്പിംഗ് നടത്തുക.
- ടെലി-ത്രോംബോളിസിസ്, മൊബൈൽ സ്ട്രോക്ക് യൂണിറ്റുകൾ എന്നിവയുള്ള ടയേർഡ് സ്ട്രോക്ക്-റെഡി നെറ്റ്‌വർക്കുകൾ ആരംഭിക്കുക.
- റോബോട്ടിക്സ്, വിആർ, കമ്മ്യൂണിറ്റി ഹെൽത്ത് വർക്കർമാർ എന്നിവയെ സംയോജിപ്പിക്കുന്ന ന്യൂറോ റിഹാബിലിറ്റേഷൻ ഹബ്ബുകൾ സജ്ജമാക്കുക.
പക്ഷാഘാതത്തെകുറിച്ചുള്ള അവബോധം ഇപ്പോഴും ഏറ്റവും ദുർബലമായി തുടരുന്നു. 2024 ലെ എയിംസ് സർവേയിൽ പങ്കെടുത്ത ഗ്രാമീണ മേഖലയിൽ നിന്നുള്ളവരിൽ 17% പേർക്ക് മാത്രമേ സ്ട്രോക്കിന്റെ ലക്ഷണങ്ങൾ തിരിച്ചറിയാൻ കഴിഞ്ഞുള്ളൂ. വേൾഡ് സ്ട്രോക്ക് ഓർഗനൈസേഷന്റെ '#ActFAST' കാമ്പെയ്‌ൻ കൂടുതൽ ഗ്രാമാന്തരങ്ങളിലേക്ക് എത്തിച്ചേരേണ്ടതിന്റെ പ്രാധാന്യമാണ് ഇത് വിളിച്ചോതുന്നത്. സാമൂഹ്യ മാധ്യമങ്ങളിലൂടെയും ദൃശ്യമാധ്യമങ്ങളിലൂടെയും സന്ദേശങ്ങളായി ഇത് സാധാരണക്കാരിലേക്ക് എത്തിച്ചേരേണ്ടതുണ്ട്.
നമ്മുടെ രാജ്യത്തിന് കൂടുതൽ ന്യൂറോളജിസ്റ്റുകളെ മാത്രമല്ല - അതിന് ഒരു സ്ട്രോക്ക് ആവാസവ്യവസ്ഥ തന്നെ ആവശ്യമുണ്ട്. പാരാമെഡിക് പരിശീലനം മുതൽ പോസ്റ്റ്-സ്ട്രോക്ക് തൊഴിൽ പുനരധിവാസം വരെ ഉൾപ്പെടുന്ന അതിജീവന ശൃംഖലയാണ് ശക്തിപ്പെടുത്തേണ്ടത്.
നമുക്ക് സാമൂഹ്യ മാധ്യമങ്ങളിൽ ഷെയർ ചെയ്യുന്ന പോസ്റ്ററുകൾക്കപ്പുറത്തേക്ക് സ്വന്തം ജീവിതശൈലിയിലേക്ക് വലിയ മാറ്റങ്ങൾ കൊണ്ടുവന്ന് ആരോഗ്യകരമായ മനസ്സും ശരീരവും ഉറപ്പുവരുത്താൻ നമുക്ക് ദൃഢപ്രതിജ്ഞ എടുക്കാം.
(തലശ്ശേരി മിഷൻ ഹോസ്പിറ്റലിലെ ന്യൂറോളജി വിഭാഗത്തിലെ സീനിയർ കൺസൾന്റായ ഡോ. രാജീവ് നമ്പ്യാർ തയ്യാറാക്കിയ ലേഖനം)
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam