കാലില്‍ നായ മാന്തിയത് കാര്യമാക്കിയില്ല, യുവാവ് പേവിഷ ബാധയേറ്റ് മരിച്ചു; അറിയേണ്ട ചിലത്...

By Web TeamFirst Published Sep 22, 2021, 1:27 PM IST
Highlights

കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലും താലൂക്ക് ആശുപത്രി മുതലുള്ള സര്‍ക്കാര്‍ ആശുപത്രികളിലുമെല്ലാം വാക്‌സിന്‍ തീര്‍ത്തും സൗജന്യമായി ലഭിക്കും. പുക്കിളിന് ചുറ്റുമെടുക്കുന്ന കുത്തിവയ്പ് ഇന്നില്ല. വേദനയില്ലാതെ തന്നെ എടുക്കുന്ന നാല് കുത്തിവയ്പുകളാണ് ഇത്

ആരോഗ്യപരമായ കാര്യങ്ങളിലെ ചെറിയൊരു അശ്രദ്ധ പോലും ജീവനെടുക്കുന്ന തരത്തിലേക്ക് സങ്കീര്‍ണമായി വരാം എന്ന പാഠമാണ് വയനാട് മുത്തങ്ങ സ്വദേശി കിരണ്‍ കുമാറിന്റെ മരണം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. കാലില്‍ നായ മാന്തിയത് കാര്യാമാക്കാതിരുന്ന കിരണിന് പിന്നീട് പേവിഷബാധ(Rabies)യേല്‍ക്കുകയായിരുന്നു. 

ദിവസങ്ങള്‍ക്ക് ശേഷമാണ് പേവിഷ ബാധയുടെ ലക്ഷണങ്ങള്‍ കിരണ്‍ കാണിച്ചുതുടങ്ങിയത്. വെള്ളം കാണുമ്പോള്‍ ശ്വാസംമുട്ട് അനുഭവപ്പെട്ടതോടെ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ അപ്പോഴേക്കും വൈകിയിരുന്നു. ഇന്നലെയോടെ മുപ്പതുകാരനായ കിരണ്‍ മരിച്ചു. 

പോയ വര്‍ഷം സമാനമായൊരു സംഭവം കണ്ണൂരിലെ ശ്രീകണ്ഠാപുരത്തും നടന്നിരുന്നു. അവിടെ പക്ഷേ നായയല്ല, പൂച്ചയാണ് മാന്തിയത്. ജീവന്‍ നഷ്ടപ്പെട്ടതോ, ഒരു പതിനൊന്നുവയസുകാരനും. പൂച്ച മാന്തിയത് കാര്യമായി എടുക്കാതിരുന്ന്, ദിവസങ്ങള്‍ക്കകം പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിക്കുകയായിരുന്നു. കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

മൃഗങ്ങളോട് ഇടപെടുമ്പോള്‍...

മൃഗങ്ങളോട് ഇടപെടുമ്പോള്‍ എപ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് വളര്‍ത്തുമൃഗങ്ങളല്ലെങ്കില്‍... വീട്ടില്‍ വളര്‍ത്തുന്ന നായകളോ പൂച്ചകളോ ഒക്കെയാണെങ്കില്‍ മിക്കവാറും കുത്തിവയ്പ് നടത്തിയതായിരിക്കും. അല്ലാത്തപക്ഷം അത് നിര്‍ബന്ധമായി ചെയ്യേണ്ടതുമുണ്ട്. 

 

 

എന്നാല്‍ വീട്ടിലും പരിസരങ്ങളിലുമായി അലഞ്ഞുതിരിഞ്ഞ് നടക്കുന്ന നായകളോടോ പൂച്ചകളോടോ എല്ലാം ചങ്ങാത്തം കൂടുമ്പോള്‍ പ്രത്യേകം കരുതലെടുക്കേണ്ടതുണ്ട്. അവയുടെ നഖമോ പല്ലോ ശരീരത്തില്‍ ചെറുതായെങ്കിലും തട്ടിയാലും നിര്‍ബന്ധമായും കുത്തിവയ്പ് എടുക്കേണ്ടതുണ്ട്. 

നേരത്തേ സൂചിപ്പിച്ച രണ്ട് സംഭവങ്ങളിലും കാര്യമായി മുറിവില്ല- പരിക്കില്ല എന്ന കാരണത്താലാണ് സമയത്തിന് ആശുപത്രിയില്‍ പോകാതിരുന്നത്. ഈ അശ്രദ്ധ എത്രത്തോളം അപകടകരമാണെന്ന് ഇനിയെങ്കിലും ഏവരും തിരിച്ചറിയേണ്ടതുണ്ട്. 

മൃഗങ്ങളില്‍ നിന്ന് പേവിഷ ബാധ...

വളര്‍ത്തുമൃഗങ്ങളില്‍ നിന്നടക്കം മനുഷ്യരിലേക്ക് പേവിഷബാധയുണ്ടാകാം. പ്രധാനമായും റാബീസ് എന്ന പേവിഷബാധയുടെ വൈറസ് മൃഗങ്ങളില്‍ നിന്ന് മനുഷ്യശരീരത്തിലേക്കെത്തുന്നത് ചെറിയ മുറിവുകളിലൂടെയാണ്. എന്നാലിവയ്ക്ക് കണ്ണില്‍ കാണാന്‍ പോലും സാധിക്കാത്ത അത്രയും സൂക്ഷ്മമായ മുറിവിലൂടെയും ശരീരത്തിനകത്തേക്ക് കടക്കാന്‍ സാധിക്കും. ഇക്കാര്യം പലരും വേണ്ടത്ര ഗൗരവമായെടുക്കുന്നില്ലെന്ന് മാത്രം.

മുറിവുകളിലൂടെ മാത്രമല്ല, പേവിഷബാധയുള്ള മൃഗങ്ങളുടെ ഉമിനീരിലൂടെയും വൈറസ് മനുഷ്യശരീരത്തിലേക്ക് കടക്കാം. ആദ്യമേ ദേഹത്തുണ്ടായിരുന്ന മുറിവിലേക്ക് ഇവയുടെ ഉമിനീര്‍ വെറുതെ ഒന്ന് തൊട്ടാല്‍ തന്നെ വൈറസ് ബാധിക്കുകയായി. 

 

 

പൂച്ചയ്ക്കും നായയ്ക്കും പുറമെ അണ്ണാന്‍, മുയല്‍, എലി, കീരി, കുറുക്കന്‍, വവ്വാല്‍ എന്നിങ്ങനെയുള്ള ജീവികളുടെ ആക്രമണമുണ്ടായാലും സമയബന്ധിതമായി വാക്‌സിന്‍ എടുക്കേണ്ടതുണ്ട്. 

പേവിഷബാധയേറ്റാല്‍ ദിവസങ്ങള്‍ക്കകം തന്നെ ആ ജീവി മരണമടയും. എന്നാല്‍ ഇതിനോടകം മറ്റ് ഏതൊക്കെ മൃഗങ്ങളുമായി സമ്പര്‍ക്കം വന്നിട്ടുണ്ടോ, അവയിലേക്കെല്ലാം പേവിഷബാധ കൈമാറാന്‍ സാധ്യതയുണ്ട്. വീട്ടില്‍ വളര്‍ത്തുന്ന പശു, ആട് പോലുള്ള ജീവികളെയും പേവിഷബാധയേല്‍ക്കാം. 

ഇവയില്‍ നിന്ന് മനുഷ്യരിലേക്കും ഇതെത്താം. എങ്കിലും നായകളില്‍ നിന്ന് തന്നെയാണ് മനുഷ്യരിലേക്ക് ഏറ്റവുമധികം പേവിഷബാധയെത്തുന്നത് (90 ശതമാനം). നായയ്ക്ക് ശേഷം പൂച്ചയാണ് ഇക്കാര്യത്തില്‍ മുന്നില്‍.  

പേവിഷബാധ ലക്ഷണങ്ങള്‍...

മനുഷ്യശരീരത്തിലേക്ക് കടന്നെത്തുന്ന റാബീസ് വൈറസ് നേരെ നാഡികള്‍ വഴി തലച്ചോറില്‍ എത്തുന്നു. ഇവിടെ വച്ച് മസ്തിഷ്‌കവീക്കത്തിന് ഇടയാക്കുന്നു. പനി, തലവേദന എന്നിവയെല്ലാം ആദ്യഘട്ട ലക്ഷണങ്ങളായി കാണാം. 

വളരെ പെട്ടെന്ന് തന്നെ ഗുരുതരമാകുന്ന അവസ്ഥയാണ് പേവിഷബാധയിലുണ്ടാകുന്നത്. തലച്ചോറിനെ ബാധിക്കുന്നതിനാല്‍ തന്നെ പെരുമാറ്റ പ്രശ്‌നങ്ങള്‍, മാനസികവിഭ്രാന്തി, ആളുകളെ തിരിച്ചറിയാനുള്ള ബുദ്ധിമുട്ട്, ഉറക്കമില്ലായ്മ എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളെല്ലാം വരാം. ഇതെല്ലാം അല്‍പം കൂടി സങ്കീര്‍ണമായ അവസ്ഥയിലെ ലക്ഷണങ്ങളാണ്. 

 


വെള്ളം ഇറക്കാനുള്ള വിഷമതയാണ് പേവിഷബാധയുടെ മറ്റൊരു സൂചന. വെള്ളത്തിനോട് പേടി തോന്നുന്ന 'ഹൈഡ്രോഫോബിയ' എന്ന അവസ്ഥയിലേക്ക് രോഗി എത്തുകയാണ്. വെളിച്ചം, ശബ്ദം, കാറ്റ് എന്നിങ്ങനെ നേരിയ എന്ത് കാരണവും അസഹനീയമായി തീരുന്നു. ഇത്രമാത്രം ലക്ഷണങ്ങളെല്ലാം കാണുന്നപക്ഷം നൂറ് ശതമാനത്തോളം തന്നെ മരണം നിശ്ചയിക്കാനാകും. വളരെ അപൂര്‍വമായേ ഈ ഘട്ടത്തിലെത്തിയ ഒരാള്‍ ജീവിതത്തിലേക്ക് മടങ്ങിവരൂ...

മൃഗങ്ങളുടെ ആക്രമണമേറ്റാല്‍...

മൃഗങ്ങളുടെ ആക്രമണം, അത് കടിയോ മാന്തോ എന്തുമാകാം ഉണ്ടായാല്‍ ഉടന്‍ തന്നെ മുറിവ് സോപ്പുപയോഗിച്ച് നന്നായി കഴുകുക. ഇതിന് ശേഷം കൈകള്‍ വൃത്തിയാക്കുക. പിന്നീട് ആരും മുറിവില്‍ സ്പര്‍ശിക്കരുത്. ഉടനെ തന്നെ കുത്തിവയ്‌പെടുക്കാന്‍ ആശുപത്രിയില്‍ എത്തുക. 

കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലും താലൂക്ക് ആശുപത്രി മുതലുള്ള സര്‍ക്കാര്‍ ആശുപത്രികളിലുമെല്ലാം വാക്‌സിന്‍ തീര്‍ത്തും സൗജന്യമായി ലഭിക്കും. പുക്കിളിന് ചുറ്റുമെടുക്കുന്ന കുത്തിവയ്പ് ഇന്നില്ല. വേദനയില്ലാതെ തന്നെ എടുക്കുന്ന നാല് കുത്തിവയ്പുകളാണ് ഇത്. കൂടുതല്‍ നിര്‍ദേശങ്ങള്‍ ഡോക്ടര്‍മാര്‍ തന്നെ നല്‍കും. 

മൃഗങ്ങളുടെ ആക്രമണത്തിലല്ല എങ്കില്‍ പോലും നേരത്തേ സൂചിപ്പിച്ചത് പോലെ അവയുമായി അടുത്തിടപഴകുന്നവരാണെങ്കില്‍ തീര്‍ച്ചയായും മുന്‍കൂറായിത്തന്നെ കുത്തിവയ്പ് എടുക്കേണ്ടതുണ്ട്. ചെറിയൊരു അശ്രദ്ധ കൊണ്ട് ഇനിയും വിലപ്പെട്ട ജീവനുകള്‍ പൊലിയാതിരിക്കട്ടെ. 

Also Read:- പൂച്ചകളെ കൊന്നുതള്ളി 'സീരിയല്‍ കില്ലര്‍'; ഒടുവില്‍ വിധിയായി

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!