'ജോഷിമഠിനെ രക്ഷിക്കാനായി തുരങ്കനിർമ്മാണം നിർത്തി വെക്കണം,സമിതി രൂപീകരിച്ചത് കൊണ്ട് മാത്രം പ്രശ്നപരിഹാരമാകില്ല'

By Web TeamFirst Published Jan 9, 2023, 11:40 AM IST
Highlights

പാരിസ്ഥിതിക പ്രശ്നങ്ങളെ  തുടർന്ന് മുൻപും നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവച്ചിട്ടുണ്ട്. മൻമോഹൻസിങ്ങും രണ്ടിലധികം പദ്ധതികൾ നിർത്തിവച്ചിട്ടുണ്ടെന്നും ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് .

ദില്ലി:വീടുകളില്‍ വലിയ വിള്ളല്‍, ഭൂമിക്കടിയില്‍ നിന്ന്  പുറത്തേക്ക് ശക്തമായ നീരൊഴുക്ക്. ഒരു വര്‍ഷമായി ജീവനും കൈയില്‍ പിടിച്ച് കഴിയുകയാണ് ജോഷിമഠിലെ മൂവായിരത്തിലേറെ ജനങ്ങള്‍. അതി ശൈത്യത്തില്‍ ഭൗമ പ്രതിഭാസത്തിന്‍റെ തീവ്രതയും കൂടി. പല വീടുകളും നിലംപൊത്തി, റോഡുകള്‍ വിണ്ടു കീറി. രണ്ട് വാര്‍ഡുകളില്‍ കണ്ടു തുടങ്ങിയ പ്രശ്നം  പത്തിലേറെ വാര്‍ഡുകളില്‍ ഭീഷണിയായതോടെ പ്രതിഷേധവുമായി ജനം തെരുവിലിറങ്ങിയിരിക്കയാണ്.ജോഷിമഠ് രക്ഷിക്കാൻ ആയി തുരങ്ക നിർമ്മാണം നിർത്തി വെക്കണമെന്ന് മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

 

മൂന്നാം തിയ്യതി മുതൽ പല രാഷ്ട്രീയ നേതാക്കൾ വന്നിട്ടും സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും അനങ്ങിയില്ല.ഇപ്പോൾ കുറച്ച് സമിതി രൂപീകരിച്ചത് കൊണ്ട് മാത്രം പ്രശ്നത്തിന് പരിഹാരമാകില്ല .തുരങ്ക നിർമ്മാണം നിർത്തിവയ്ക്കണം  പരിസ്ഥിതിക പ്രശ്നങ്ങളെ  തുടർന്ന് മുൻപും നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവച്ചിട്ടുണ്ട്. മൻമോഹൻസിങ്ങും രണ്ടിലധികം പദ്ധതികൾ നിർത്തിവച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന സർക്കാറിൻറെ നേതൃത്വത്തിൽ ഒഴിപ്പിക്കൽ നടപടി പുരോഗമിക്കുകയാണ്. ആദ്യ ഘട്ടത്തിൽ 600 കുടുംബങ്ങളെയാണ് മാറ്റി പാർപ്പിക്കുന്നത്.അടിയന്തര ചികിത്സാ സൌകര്യങ്ങളും, ഹെലികോപ്റ്ററുകളും, കൺട്രോൾ റൂമുകളും പ്രദേശത്ത് സജ്ജമാക്കി വെക്കാനാണ് നിർദേശം. ജ്യോഷിമഠിനും സമീപ പ്രദേശത്തുമുള്ള എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും നിർത്തിവെക്കാൻ ജില്ലാ ഭരണകൂടം ഉത്തരവിട്ടു. വിനോദസഞ്ചാര മേഖലയിലടക്കം നടക്കുന്ന അശാസ്ത്രീയ നിർമ്മാണം വൈദ്യുത പദ്ധതികൾക്കായുള്ള ഖനനം, ഉൾക്കൊള്ളാവുന്നതിലുമധികം സഞ്ചാരികളെത്തുന്നതുമൊക്കെ പ്രദേശത്ത് മണ്ണൊലിപ്പിന് ഇടയാക്കിയിട്ടുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

 

ജോഷിമഠിലെ ഭൗമപ്രതിഭാസം  ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി.

click me!